2013, ജൂൺ 27, വ്യാഴാഴ്‌ച

നിറം മങ്ങാത്ത ഓര്‍മ്മകള്‍...

"ഒരു മലര്‍ കൊണ്ട് നമ്മള്‍ ഒരു വസന്തം തീര്‍ക്കും...
ഒരു തിരി കൊണ്ട് നമ്മള്‍ ഒരു കാര്‍ത്തിക തീര്‍ക്കും..."

ഓര്‍മ്മകള്‍ അതിവേഗം പിന്നിലേക്ക്‌ പായുകയാണ്...
ഇപ്പോഴും ഈ ഗാനം കേള്‍ക്കുമ്പോള്‍ അറിയാതെ ഞാനും ആ പഴയ സ്കൂള്‍ വിദ്യാര്‍ഥിയായി മാറുന്നു...
അന്നത്തെ കൗമാര കാമുകീകാമുകന്മാര്‍ പാടി നടന്ന ഹിറ്റ്‌ ഗാനം... ഹൃദയങ്ങളില്‍ അവര്‍ അവരുടെ പ്രണയത്തോടൊപ്പം ഈ ഗാനവും സൂക്ഷിച്ചിരുന്നു...

പെരിഞ്ഞനം കുറ്റിലക്കടവ്‌ ആര്‍ എം ഹൈസ്കൂളിലെ യുവജനോല്‍സവ വേദിയില്‍ കൂട്ടുകാരായ ഷാജിയും നസീറും ഈ ഗാനം ആലപിക്കുമ്പോള്‍ ഞാന്‍ പെണ്‍കുട്ടികള്‍ ഇരിക്കുന്ന ഭാഗത്തേക്ക് ഒന്ന് ഒളികണ്ണിട്ടു...
ഉവ്വ് ... ചില കണ്ണുകള്‍ എന്നെ നോക്കുന്നുണ്ട്... മൂകമായി അവര്‍ എന്നോടും ഞാന്‍ ഒരേ സമയം ഒന്നില്‍ കൂടുതല്‍ പേരോടും കണ്ണുകള്‍ കൊണ്ട് കഥ പറഞ്ഞു... ;-)

ഞാന്‍ ആദ്യമായി പ്രണയിച്ചത് എപ്പോഴാണെന്ന് ഓര്‍മ്മയില്ല... മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴായിരുന്നോ എന്റെ ആദ്യ പ്രണയംഎന്നൊരു സംശയം ഇല്ലാതില്ല... അത് മറ്റാരോടുമല്ല പഠിപ്പിക്കുന്ന ടീച്ചറിനോട് തന്നെ... ;-)

ഹൈസ്കൂള്‍ പഠന കാലത്ത്‌ എനിക്ക് പ്രത്യേകിച്ച് പ്രണയങ്ങള്‍ ഒന്നും എടുത്ത് പറയാനില്ല... എന്റെ കൂട്ടുകാര്‍ക്ക് മിക്കവര്‍ക്കും പ്രണയങ്ങള്‍ ഉണ്ടായിരുന്നു... അവര്‍ കണ്‍കള്‍ കൊണ്ടും പുസ്തകത്താളുകളില്‍ ഒളിപ്പിച്ച തുണ്ടു കടലാസിലൂടെയും പ്രണയിക്കുന്നത് ഞാന്‍ കൊതിയോടെ നോക്കി നിന്നു...
എനിക്കും അങ്ങിനെയൊക്കെ ആവണമെന്നുണ്ടായിരുന്നു... പക്ഷെ, പെണ്‍കുട്ടികളോട് സംസാരിക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ മുട്ടുകാല്‍ വിറയ്ക്കുന്നതും നെഞ്ചിടിപ്പ് കൂടുന്നതും തൊണ്ട വരളുന്നതും ഞാനറിഞ്ഞു... (പിന്നീട് എന്നെ കാണുമ്പോള്‍ പെണ്‍കുട്ടികളുടെ നെഞ്ചിടിപ്പ് കൂടാന്‍ തുടങ്ങി എന്നത് വേറെ കാര്യം)
അങ്ങിനെയൊരു 'പേടിച്ചു മരണം' എനിക്ക് പേടിയായതിനാല്‍ അത്തരമൊരു ദൗത്യത്തില്‍ നിന്നും ഞാന്‍ സ്വയം പിന്മാറുകയായിരുന്നു...
എങ്കിലും അന്ന് സ്കൂളിലെ കാമുകീ കാമുകന്മാര്‍ കൈമാറിയിരുന്ന പ്രണയലേഖനങ്ങളിലെ സാഹിത്യം തുളുമ്പുന്ന വരികള്‍ പലതും എന്റെ സംഭാവനയായിരുന്നു...
തിരക്ക് കൂടുമ്പോള്‍ ഒരേ വരികള്‍ തന്നെ "ഇത് പുതിയതാണ് മറ്റാര്‍ക്കും കൊടുത്തിട്ടില്ല" എന്നും പറഞ്ഞ് ഒന്നിലധികം പേര്‍ക്ക് കൊടുക്കുമായിരുന്നു... അങ്ങിനെ പലര്‍ക്കായി കൊടുത്ത ഒരേപോലെയുള്ള വരികള്‍ ഒരാള്‍ക്ക് തന്നെ കിട്ടിയതും മറ്റൊരു കഥ...
എന്തായാലും നാലുപേരറിയെ ഒരു കാമുകന്‍ ആവാനുള്ള ധൈര്യം കിട്ടുന്നത് വരെ ഞാനീ സൗജന്യ സേവനം തുടര്‍ന്നു നിര്‍വൃതിയടഞ്ഞു...

ചില പെണ്‍കുട്ടികള്‍ എന്നോട് കാണിച്ച അവരുടെ ഇഷ്ടങ്ങളില്‍ നിന്നും ഞാന്‍ തെന്നി മാറിയെങ്കിലും ഞാന്‍ അവരെയൊക്കെ ഉള്ളിന്റെയുള്ളില്‍ പ്രണയിച്ചിരുന്നു...
കൂട്ടുകാര്‍ പോലും അറിയാതെ എന്റെ മനസ്സില്‍ മാത്രം ഒതുങ്ങിയ മൂക പ്രണയങ്ങള്‍...

ചുരുക്കിപ്പറഞ്ഞാല്‍ സ്കൂള്‍ പഠനകാലത്ത്‌ എനിക്കും പ്രണയങ്ങള്‍ ഒരുപാടുണ്ടായിരുന്നു... പക്ഷെ അന്നത്തെ എന്റെ എല്ലാ പ്രണയങ്ങളിലും അത് അറിയാത്ത ഒരാള്‍മാത്രം ബാക്കിയാവുമായിരുന്നു... അത് മറ്റാരുമല്ല... ഞാന്‍ ആരെയാണോ പ്രണയിക്കുന്നത് അവര്‍ തന്നെ... ;-)

ഹൈസ്കൂള്‍ വിട്ട ശേഷം പ്രണയങ്ങളുടെ പെരുമഴക്കാലം തന്നെ ഉണ്ടായിരുന്നു എന്ന് പറയാം... എങ്കിലും വര്‍ഷങ്ങള്‍ക്കു ശേഷമാണ് തീരെ പ്രതീക്ഷിക്കാതെ ഒരിക്കല്‍ ആദ്യമായി ഒരു പെണ്‍കുട്ടി എനിക്കൊരു പ്രണയലേഖനം ഇങ്ങോട്ട് തരുന്നത്... അത് കിട്ടിയതിന്റെ പിറ്റേന്ന് ഞാന്‍ പനി പിടിച്ചു ആശുപത്രിയിലായത് കൂട്ടുകാര്‍ക്കിടയില്‍ വലിയൊരു തമാശയായതും മറ്റൊരു കഥ...

എനിയ്ക്കാദ്യമായി കിട്ടിയ ആ പ്രണയലേഖനം തിരികെ നല്‍കി, ആ അനിയത്തിക്കുട്ടിക്ക്‌ കുറച്ച് ഉപദേശങ്ങളും നല്‍കി തിരിഞ്ഞു നടന്നതും, കൗമാര പ്രണയങ്ങളുടെ പെരുമാഴക്കാലത്തിലെ വെള്ളപ്പൊക്കത്തില്‍ മുങ്ങിത്താഴ്ന്ന മറ്റു കഥകളും മറ്റൊരവസരത്തില്‍ പറയാം...


ഇനിയും നിറം മങ്ങാത്ത ആ കൗമാര കാലത്തിന്റെ ഓര്‍മ്മയില്‍...
അന്നെന്റെ പ്രണയങ്ങളില്‍ നിന്നും രക്ഷപ്പെട്ട എന്റെ കാമുകിമാര്‍ക്കായി ഞാന്‍ പാടുന്ന ഈ ഗാനം കേള്‍ക്കൂ... :-)

"പാടാം നമുക്ക് പാടാം..."
ഗാന രചന - ശ്രീ കുമാരന്‍ തമ്പി
സംഗീതം - രവീന്ദ്രന്‍
ചിത്രം - യുവജനോല്‍സവം (1986)

2013, ജൂൺ 19, ബുധനാഴ്‌ച

ഓര്‍മ്മയിലൊരു മയില്‍പ്പീലിത്തുണ്ട്...

"പാഠപുസ്തകത്തില്‍ മയില്‍പ്പീലി വെച്ചുകൊണ്ട്....
പീലി പെറ്റ് കൂട്ടുമെന്ന് നീ പറഞ്ഞു പണ്ട്..."

ബാല്യകാല ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോകുകയും മനസ്സിലൊരു നൊമ്പരം പടര്‍ത്തുകയും ചെയ്യുന്ന "ഓത്തുപള്ളിയിലന്നു നമ്മള് പോയിരുന്ന കാലം..." എന്ന് തുടങ്ങുന്ന ഒരു പഴയ ഗാനം ഇന്നും നമ്മുടെയൊക്കെ മനസ്സുകളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്...

ഈ ഗാനത്തിന്റെ രചയിതാവായ പി. ടി. അബ്ദുല്‍റഹ് മാന്‍ സാഹിബ് , 2001 വര്‍ഷത്തില്‍ ഇവിടെ ഷാര്‍ജയിലെ എന്റെ റൂമില്‍ വന്നിട്ടുണ്ട്...

അല്പം പോലും ജാഡയില്ലാതെ എത്ര ലളിതമായാണ് അദ്ദേഹം സംസാരിച്ചത്... കലയോടുള്ള ആത്മസമര്‍പ്പണത്തിനിടയില്‍ പണമുണ്ടാക്കാന്‍ മറന്നു പോയ, അല്ല... കലയ്ക്ക് വില പറയാതിരുന്ന പഴയ കലാകാരന്മാരുടെ പട്ടികയിലെ മറ്റൊരു അതുല്യ പ്രതിഭ...

മാപ്പിളപ്പാട്ടുകളിലെ പഴയ ഹിറ്റുകളില്‍ കുറെയധികം ഗാനങ്ങളും സിനിമാഗാനങ്ങളില്‍ ചിലതും  ഇദ്ദേഹത്തിന്റേതായുണ്ട്...
മലയാളത്തിലെ പ്രമുഖരായ പല സംഗീത സംവിധായകരും അദ്ദേഹത്തിന്റെ വരികള്‍ക്ക് സംഗീതം പകരുകയും ഒട്ടുമിക്ക ഗായകരും അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തിട്ടുണ്ട്...
എങ്കിലും അര്‍ഹമായ അംഗീകാരമോ ആദരവോ അദ്ദേഹത്തിന്  ലഭിച്ചില്ല എന്നതാണ് സത്യം...
അദ്ദേഹം എഴുതിയ ഗാനങ്ങള്‍ പാട്ടുകാരുടെ പേര് ചേര്‍ത്ത് മാത്രം അറിയപ്പെട്ടു...

ഓത്തുപള്ളിയില്‍ എന്ന ഗാനം എഴുതാനുള്ള പ്രചോദനം വെറുമൊരു സങ്കല്‍പം മാത്രമല്ലെന്നും അത്തരമൊരു അനുഭവത്തിന്റെ നീറ്റല്‍ ആ വരികളിലുണ്ടെന്നും അദ്ദേഹം അന്ന് ഇവിടെയിരുന്നു പറഞ്ഞതായി ഞാനോര്‍ക്കുന്നു...

ഈ വലിയ കലാകാരന്‍ ഇന്ന് നമ്മോടൊപ്പമില്ല... ഇനിയൊരിക്കലും തിരിച്ചു വരാത്ത മറ്റൊരു ലോകത്തേക്ക് ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ അദ്ദേഹം യാത്രയായി...

വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ അദ്ദേഹം ഇവിടെ ഷാര്‍ജയിലെ എന്റെ റൂമില്‍ വന്നതും കുറെ സമയം ഇരുന്നു സംസാരിക്കാന്‍ കഴിഞ്ഞതും ഒരു വലിയ ഭാഗ്യമായി ഞാന്‍ കരുതുന്നു...
ആ അതുല്യ പ്രതിഭയുടെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ ഞാന്‍ ഈ ഗാനം സമര്‍പ്പിക്കുന്നു...

(ഈ ഗാനത്തിന്റെ ആദ്യത്തെ ട്യൂണ്‍ ഇതായിരുന്നില്ല, പിന്നീട് 1979 ല്‍ തേന്‍ തുള്ളി എന്ന ചിത്രത്തിനു വേണ്ടി കെ രാഘവന്‍ മാസ്റ്റര്‍ ഈണം നല്‍കിയതാണ് ഇപ്പോള്‍ നമ്മള്‍ കേള്‍ക്കുന്നത്...)

(ഈ ഗാനം എന്റെ ശബ്ദത്തില്‍ കേള്‍ക്കാന്‍ ഇവിടെ ക്ലിക്കുക)
http://vocaroo.com/i/s0SJpEXUyGqC

2013, ജൂൺ 17, തിങ്കളാഴ്‌ച

വെളിച്ചം നഷ്ടപ്പെട്ടവര്‍...

വര്‍ണ്ണങ്ങള്‍ നഷ്ടമായൊരു സന്ധ്യയില്‍... 
കുടിലില്‍ തെളിഞ്ഞു നിന്ന വിളക്കിന്‍ നാളം
ചാറ്റല്‍ മഴയിലണഞ്ഞു പോയി...

പാഠപുസ്തകം മടക്കിയ കുഞ്ഞ്
ഇത്തിരി വെളിച്ചത്തിന്നായ്‌
ഒരുപാടലഞ്ഞു തെരുവിലെങ്ങും...

അകത്ത് അമ്മ തന്‍ മാറില്‍
തല ചായ്ച്ച പിഞ്ചു പൈതലിന്
ഇരുളില്‍ തേങ്ങലൊരു താരാട്ടു പാട്ടായി...

ശക്തമാം ഇടിമുഴക്കത്തിന്‍ ഗാംഭീര്യത്തിലാ -
ശബ്ദങ്ങളെ
ന്നേയലിഞ്ഞില്ലാതായെങ്കിലും
ഇന്നുമെന്നാത്മാവിലെവിടെയോ
ആരെയോ കാത്തിരുന്നൊരമ്മയും രണ്ടു മക്കളും...
..............................
..............................
അവര്‍... വെളിച്ചം നഷ്ടപ്പെട്ടപ്പോള്‍...
മാഞ്ഞു പോയ ചില ചിത്രങ്ങളില്‍ ഒന്നു മാത്രം...

2013, ജൂൺ 16, ഞായറാഴ്‌ച

പാടിത്തീരും മുന്‍പേ...

"നിഴലും പൂനിലാവുമായ്‌ ദൂരെ വന്നു ശശികലാ..."
ആര്‍ എം ഹൈസ്കൂളിലെ എട്ടാം ക്ലാസ്സ്‌ ജെ യില്‍ ഒരുച്ചയ്ക്കുള്ള ഇടവേളയില്‍ അവനത് പാടുമ്പോള്‍ അവന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു...
അതെ..., അവന്‍ ഞങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരന്‍... മണി.
ക്ലാസ്സിലെ മിടുക്കന്മാരുടെ പട്ടികയില്‍ അവനും ഉണ്ടായിരുന്നു...
.............................................................................................

അവനെക്കുറിച്ച് ആദ്യമൊന്നും ഞങ്ങള്‍ക്കറിയില്ലായിരുന്നു... എന്നും ഉച്ച ഭക്ഷണ സമയത്ത് അവന്‍ പുറത്തേക്കു പോകും, പിന്നെ ഞങ്ങളൊക്കെ ഭക്ഷണം കഴിച്ചു കഴിഞ്ഞു കത്തിയടിക്കുന്ന സമയത്തോടെ അവനും ക്ലാസ്സില്‍ എത്തും...
വീട് അടുത്തുള്ള ചില കുട്ടികളൊക്കെ ഭക്ഷണം കഴിക്കാന്‍ വീട്ടില്‍ പോകുന്നത് കൊണ്ട് അവനും അങ്ങിനെയായിരിക്കും എന്നാണു കരുതിയിരുന്നത്...
ഒരു ദിവസം ഞങ്ങളുടെ ക്ലാസ്സിലെ ആരോ അത് കണ്ടെത്തുകയായിരുന്നു... പഞ്ചായത്ത് പൈപ്പില്‍ നിന്നും വെള്ളം കുടിച്ച് സ്കൂളിന്റെ മുന്നിലെ സ്മാരക തിണ്ണയില്‍ വിശ്രമിക്കുന്ന മണിയെ...
പിന്നീട് ഞങ്ങള്‍ മണിയെക്കുറിച്ച് കൂടുതല്‍ അറിഞ്ഞു...
........................................................................................................

അന്നുച്ചയ്ക്ക് മണിയെ ഞങ്ങള്‍ പുറത്തു വിടാതെ തടഞ്ഞു വെച്ചു...
എല്ലാവരുടെയും ചോറ്റുപാത്രങ്ങള്‍ തുറക്കപ്പെട്ടു... ആദ്യം തന്നെ ഓരോരുത്തരും ഓരോ പിടി ചോറുവീതം തുറന്നു വെച്ച വട്ടചെപ്പുകളുടെ മൂടിയിലേക്ക് മാറ്റി വച്ചു...
അതൊരു സദ്യയായി മണിയുടെ മുമ്പില്‍ എത്തിയപ്പോള്‍ അവന്റെ കണ്ണുകള്‍ നിറയുന്നത് കണ്ടു...
അങ്ങിനെ അന്ന് ആദ്യമായി ഞങ്ങള്‍ക്കൊപ്പം അവന്റെയും വിശപ്പ്‌ മാറി...

അന്നവന്‍ ഓരോ സഹപാഠിയുടെയും അടുത്ത് വന്ന് കാലില്‍ തൊട്ടു തൊഴുതപ്പോള്‍... ഒരു പട്ടിണിക്കാരന് ഒരു പിടി ചോറിന്റെ വില എത്രത്തോളമാണെന്നറിഞ്ഞു ഞങ്ങള്‍ ഞെട്ടി...
അതുവരെയും ഒരു ക്ലാസ്സിലും ഒരു അദ്ധ്യാപകനും പഠിപ്പിച്ചു തരാത്ത പുതിയൊരു പാഠം അവനിലൂടെ ഞങ്ങള്‍ മനസ്സിലാക്കുകയായിരുന്നു...

നമുക്ക് ചുറ്റുവട്ടങ്ങളില്‍ എവിടെയൊക്കെയോ ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും മുഖങ്ങളുണ്ടെന്ന സത്യം അന്നാദ്യമായി തിരിച്ചറിയുകയായിരുന്നു...
എല്ലാവരും അവനെ കെട്ടിപ്പിടിച്ചു...
അന്നവന്‍ ഞങ്ങള്‍ക്ക് വേണ്ടി പാടി...  "ദേവദാരു പൂത്തു എന്‍ മനസ്സിന്‍ താഴ്വരയില്‍..."
പാട്ടിന്റെ അവസാനം പൊട്ടിക്കരഞ്ഞ് അവന്‍ പുറത്തേക്കു പോയി...
.................................................................................

പിറ്റേന്നു മുതല്‍ അവനു വേണ്ടി ഒരു പാത്രം എത്തി... എല്ലാ പാത്രങ്ങളില്‍ നിന്നും ഓരോ പിടി ചോറ് വീതം അതില്‍ നിറഞ്ഞു... അങ്ങിനെ എല്ലാ ദിവസവും ഞങ്ങള്‍ ഒരുമിച്ചു ഭക്ഷണം കഴിച്ചു... അവന്‍ ഞങ്ങള്‍ക്കായി ഒരുപാട് പാട്ടുകള്‍ പാടി...

നന്നായി പാടുമായിരുന്ന അവന്‍ ഒരിക്കലും പക്ഷെ സ്കൂളിലെ സ്റ്റേജില്‍ കയറി പാടിയിട്ടില്ല... കാരണം, സ്കൂള്‍ യുവജനോല്‍സവ ദിവസങ്ങളിലും മറ്റും അവന്‍ അച്ഛനെ സഹായിക്കുകയായിരുന്നു...
..........................................................................

ചെരുപ്പ് കുത്തുന്ന ജോലിയാണ് അവന്റെ അച്ഛന്... അടുത്ത ടൗണില്‍ റോഡരികില്‍ ഇരുന്ന് ചെരുപ്പ് കുത്തുന്ന അവന്റെ അച്ഛനെ ഞങ്ങള്‍ കണ്ടിട്ടുണ്ട്... അവിടെ തന്നെ രണ്ടു പീടികകളുടെ ഇടക്ക് സ്ലാബിട്ടു മൂടിയ ഒരു കാനയുടെ മുകളില്‍ ചെറിയൊരു കൂടാരം പോലെ വലിച്ചു കെട്ടി അതിനുള്ളില്‍ തന്നെയായിരുന്നു അവര്‍ താമസിച്ചിരുന്നതും...
അമ്മയും ഒരു അനിയത്തിയും തമിഴ്‌ നാട്ടിലുള്ള വീട്ടില്‍ ഉണ്ടെന്നും വെക്കേഷന് പോകാറുണ്ടെന്നും ഒരിക്കല്‍ അവന്‍ പറഞ്ഞിരുന്നു...

അങ്ങിനെയിരിക്കെ ഒരിക്കല്‍ അവന്‍ സ്കൂളില്‍ വരാതായി... അന്വേഷിച്ചു ചെന്ന ഞങ്ങള്‍ക്ക് നിരാശയായിരുന്നു ഫലം... ആ ചെരുപ്പ് കുത്തിയും കൂടാരവും അപ്രത്യക്ഷമായിരിക്കുന്നു...

എങ്കിലും അവന്‍ വരുമെന്ന് തന്നെ ഞങ്ങള്‍ പ്രതീക്ഷിച്ചു... പക്ഷെ...,പിന്നീടൊരിക്കലും അവന്‍ വന്നില്ല...

പെട്ടെന്നൊരു ദിവസം ആരോടും പറയാതെ അവനും അച്ഛനും എങ്ങോട്ടായിരിക്കും പോയതെന്ന ചോദ്യം ഞങ്ങളില്‍ ഒരു കടങ്കഥയായി മാറി...
..............................................................................................

ഇന്നും ഈ പാട്ട് കേള്‍ക്കുമ്പോള്‍ ക്ലാസ്സ്‌ റൂമില്‍ സഹപാഠികള്‍ക്കായി പാടുന്ന മണിയും റോഡരികില്‍ ഇരുന്നു ചെരുപ്പ് കുത്തുന്ന അവന്റെ അച്ഛനും.. അവനിലൂടെ ഞങ്ങള്‍ കേട്ടറിഞ്ഞ അവരെ കാത്തു കഴിയുന്ന ഒരമ്മയും അനിയത്തിയുമൊക്കെ മനസ്സിലേക്ക് കടന്നു വരുന്നു...

മണിയും അച്ഛനും ആ അമ്മയുടെയും അനിയത്തിക്കുട്ടിയുടെയും അടുത്തെത്തിയിട്ടുണ്ടാവുംമെന്നും ആ കുടുംബം എവിടെയെങ്കിലും പട്ടിണിയും ദാരിദ്ര്യവും ഇല്ലാതെ ജീവിക്കുന്നുണ്ടാവും എന്നും കരുതാം നമുക്ക്...

"പ്രിയപ്പെട്ട കൂട്ടുകാരാ... എവിടെയായാലും എല്ലാവിധ നന്മകളും ഉണ്ടാവട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു..."


(ചിത്രത്തിലുള്ള ചെറിയ മരത്തിന്റെ നേരെ പിന്നിലായി കാണുന്നതാണ് അന്നത്തെ ഞങ്ങളുടെ എട്ടാം ക്ലാസ്സ്‌)
...................................................................
ഗാനം - ദേവദാരു പൂത്തു...
ഗാന രചന - ചുനക്കര രാമന്‍കുട്ടി
സംഗീതം - ശ്യാം
ചിത്രം - എങ്ങിനെ നീ മറക്കും (1983)

(ഹൃദയഗാനം എന്റെ ശബ്ദത്തില്‍ കേള്‍ക്കാന്‍ ഇവിടെ ക്ലിക്കുക)
http://vocaroo.com/i/s0ZavN7DNdD9


2013, ജൂൺ 14, വെള്ളിയാഴ്‌ച

മഞ്ഞു തുള്ളികള്‍...




ഒരിയ്ക്കലുമെന്നോര്‍മ്മയില്‍ കുളിരേകുന്നില്ല
മഞ്ഞില്‍ മരവിച്ചുണരുന്ന സൂര്യനും മരിക്കുന്ന സന്ധ്യയും...

മഞ്ഞു കാല സന്ധ്യകളിലെവിടെയോ 
മറഞ്ഞിരുന്ന മരണത്തിന്റെ തണുപ്പ്...

എന്‍ നെഞ്ചില്‍ തല ചായ്ച്ചു മയങ്ങിയവള്‍... 
പിന്നെയുണരാതെ... തണുത്ത്...
ഒരു നേര്‍ത്ത മഞ്ഞിന്‍ കണമായ്...,
മരവിച്ചുപോയ്‌ മഞ്ഞു പെയ്യുന്ന രാത്രിയും... ഞാനും...

പിന്നെയെന്‍ അച്ഛനും എന്നെ തനിച്ചാക്കി 
മൃത്യുവില്‍ ലയിച്ചതും തണുപ്പുള്ള മറ്റൊരു സന്ധ്യയില്‍...
അന്നെന്‍ അച്ഛന് ചുംബനം നല്‍കി ഞാന്‍...
അച്ഛന്റെ മേനിയൊരു മഞ്ഞിന്‍ കണം പോലെ...

മഞ്ഞില്‍ ചിരിക്കുന്നു മരണം പിന്നെയും...
ഹിമ ശില പോലെ ഞാനും മരവിച്ച്...

ഇനിയുമെന്‍ തണുത്ത യാത്രയെപ്പോഴെന്നറിയില്ല...
അന്നും ഇതുപോലെ... മഞ്ഞും ... തണുപ്പും...!!!

2013, ജൂൺ 11, ചൊവ്വാഴ്ച

ഓര്‍മ്മകള്‍ക്കിന്നും എന്തൊരു അഴക്‌...


കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ്‌...,

അന്നു ഞാന്‍ ഷാര്‍ജയില്‍ എത്തിയിട്ട് അധികനാളുകള്‍ ആയിട്ടുണ്ടായിരുന്നില്ല...
സ്വന്തമായി സംഗീതം ചെയ്ത് ഒരു കാസറ്റ് ഇറക്കുക എന്നത് അന്നത്തെ എന്റെ ഒരു സ്വപനമായിരുന്നു...

അങ്ങിനെയിരിക്കെ വളരെ യാദൃശ്ചികാമായാണ് ഇവിടെ ഒരു സ്റ്റുഡിയോയില്‍ ജോലി ചെയ്യുകയായിരുന്ന റഷീദുമായി ഞാന്‍ പരിചയപ്പെടുന്നത്...
നന്നായി വരികള്‍ എഴുതുമായിരുന്ന റഷീദും 'ഒരു കാസറ്റ്‌ ' എന്ന സ്വപ്നവുമായി നടക്കുകയായിരുന്നു...

അന്ന് ഒരു വെള്ളിയാഴ്ച വൈകുന്നേരത്തില്‍ എന്റെ സുഹൃത്ത്‌ റഷീദ്‌ എഴുതിയ വരികള്‍ക്ക് ഞാന്‍ സംഗീതം നല്‍കി...
ആദ്യ ഗാനം ചെയ്തു കഴിഞ്ഞപ്പോള്‍... 'ഇത് കൊള്ളാം... ഇനിയും തുടരാം...' എന്ന് ഞങ്ങള്‍ക്ക്‌ തോന്നി...
പിന്നെ പുതിയ പാട്ടുകളുടെ ജനനം തന്നെയായിരുന്നു...

ചെയ്ത പാട്ടുകളൊക്കെ കേള്‍ക്കാനുള്ള ഞങ്ങളുടെ ഇരകള്‍ ഇവിടെ സൂപ്പര്‍ മാര്‍ക്കറ്റ്‌ നടത്തുകയായിരുന്ന അഹമ്മദ്‌ എന്ന സുഹൃത്തും അവിടെ തന്നെയുള്ള റഷീദ്‌ തേവലക്കര എന്ന മറ്റൊരു സുഹൃത്തും ആയിരുന്നു...
എല്ലാദിവസവും രാത്രി പന്ത്രണ്ടു മണിക്ക് അവരുടെ കടയടച്ചു കഴിഞ്ഞാല്‍ അവര്‍ എന്റെ റൂമില്‍ വരും. പുതുതായി ചെയ്ത പാട്ടുകള്‍ കേട്ട് അഭിപ്രായം പറയും... ഒടുവില്‍ ഒരു കാസറ്റ് ഇറക്കാനുള്ള പാട്ടുകള്‍ ആയിക്കഴിഞ്ഞപ്പോള്‍...
"ഇതിന്റെ നിര്‍മ്മാണം ഞാന്‍ ഏറ്റെടുക്കുന്നു" എന്ന് റഷീദ്‌...

അങ്ങിനെ 1999 ല്‍ പാലക്കാട് 'ശ്രീ രാഗം റെക്കോര്‍ഡിങ്ങ് സ്റ്റുഡിയോ'യില്‍ മാര്‍ക്കോസും, കണ്ണൂര്‍ ഷരീഫും, രഹനയും, ബേബി നാസ്നിനും പാടുമ്പോള്‍ ഞങ്ങളുടെയൊക്കെ വലിയൊരു സ്വപ്നം സാക്ഷാല്‍ക്കരിക്കുകയായിരുന്നു...
ആ സന്തോഷം എത്രമാത്രമായിരുന്നുവെന്ന് പറഞ്ഞറിയിക്കാന്‍ ഇന്നും എനിക്ക് വാക്കുകള്‍ ഇല്ല...

അതെ.... 1999 ല്‍ അഴക്‌ എന്ന കാസറ്റിന് വേണ്ടി ഞാന്‍ ആദ്യമായി സംഗീതം നല്‍കിയ ഗാനം...

"മാനിമ്പ പുതുനാരീ..."

കണ്ണൂര്‍ ഷരീഫും , രഹനയും ചേര്‍ന്ന് പാടിയിരിക്കുന്നു...

(അന്ന് ഈ കാസറ്റ് ആദ്യം 'ഓഡിയോഏഷ്യ' യും പിന്നീട് 'വനില മുസിക്‌ ' എന്ന കമ്പനിയും വിപണിയില്‍ എത്തിക്കുകയുണ്ടായി...)

(ഹൃദയഗാനം കേള്‍ക്കാന്‍ ഇവിടെ ക്ലിക്കുക)
http://vocaroo.com/i/s0BOj2BNogRu

2013, മേയ് 13, തിങ്കളാഴ്‌ച

വളപ്പൊട്ടുകള്‍...

"ഇന്നു രാത്രി എന്താ എഴുതുക...കഥയെഴുതുമോ..."
പെട്ടെന്നുള്ള അവളുടെ ചോദ്യം എന്നെ തെല്ലൊന്നു ചിന്തിപ്പികാതിരുന്നില്ല, എങ്കിലും പറഞ്ഞു...
"അറിയില്ല കുട്ടീ...ചിലപ്പോള്‍ മനസ്സില്‍ തോന്നുന്നതൊക്കെ എഴുതി വെക്കും, പിന്നെയത് കഥയോ കവിതയോ ഒക്കെ ആയി മാറുകയാണ് പതിവ്..."
സത്യത്തില്‍ ഞാന്‍ അപ്പോഴും അവളുടെ ചോദ്യം എന്നോട് തന്നെ ആവര്‍ത്തിക്കുകയായിരുന്നു...

മുഖപുസ്തകത്തിന്റെ സന്ദേശപ്പെട്ടിയില്‍ അവളുടെ ചോദ്യങ്ങളും, തമാശകളും, ചിന്തകളും എല്ലാം അക്ഷരങ്ങളായി നിറഞ്ഞു കൊണ്ടിരുന്നു...
കാണാമറയത്തിരുന്ന് അവള്‍ വാചാലയാകുമ്പോള്‍ എന്തോ അവളോട്‌ വല്ലാത്തൊരു സ്നേഹം...അല്ല...  അതിലുപരി ഒരു വാത്സല്യം എന്നില്‍ നിറയുന്നത് ഞാന്‍ അനുഭവിക്കുകയായിരുന്നു...
അതെ അവള്‍ എനിക്കെന്നോ നഷ്ടപ്പെട്ട എന്റെ കുഞ്ഞു പെങ്ങളായ് ...എന്റെ കൈപിടിച്ച് ...എന്റെ നഷ്ടങ്ങളുടെ പട്ടികയില്‍ നിന്നും എന്നിലേക്ക് തന്നെ നടന്നടുക്കുകയായിരുന്നു...

"പെങ്ങള്‍ എന്ന സ്ഥാനം വളരെ വലുതാണ്‌... അതൊരാള്‍ തരുമ്പോള്‍ ... ഒരുപാട് സന്തോഷം തോന്നുന്നു... നഷ്ടപ്പെട്ട എന്റെ വല്യേട്ടന്റെ സ്ഥാനത്താ ഞാനിപ്പോ ഈ ചേട്ടനെ കാണുന്നെ... ഈ വല്യേട്ടനെ എനിക്കൊരുപാട് ഇഷ്ടമായിട്ടോ..." അവളുടെ വാക്കുകളില്‍ നിറഞ്ഞു നില്‍ക്കുന്ന സന്തോഷം...

പിന്നെയും ഒരുപാട് സംസാരിച്ചു... കൊച്ചുകൊച്ചു സന്തോഷങ്ങള്‍... സന്താപങ്ങള്‍ എല്ലാം അവള്‍ ഈ 'വല്യേട്ടനോട് ' പറഞ്ഞു കൊണ്ടിരുന്നു...
"ഇനി നാളെ കാണാം"... എന്നു പറഞ്ഞു അവള്‍ ഉറങ്ങാന്‍ പോയിട്ടും എന്റെയുള്ളില്‍ അവളുടെ ചോദ്യം ആവര്‍ത്തിക്കുകയായിരുന്നു...
"ഇന്നു രാത്രി എന്റെ ചേട്ടന്‍ എന്താ എഴുതുക...കഥയെഴുതുമോ..."  രാത്രി ഒരുപാട് വൈകുവോളം ഈ ചോദ്യം എന്നെത്തന്നെ വലയം ചെയ്തു നിന്നു...
ചിന്തകളില്‍ എന്റെ കുഞ്ഞു പെങ്ങള്‍ നിറഞ്ഞു നിന്നു... അതെ, 'ഇന്നു നിന്നെക്കുറിച്ച് തന്നെ എഴുതാം...'
പിന്നെയെപ്പോഴോ എന്റെ ചിന്തകള്‍ അക്ഷരങ്ങളായി പെയ്യാന്‍ തുടങ്ങി... അവളോടുള്ള സ്നേഹം, വാത്സല്യം... അങ്ങിനെ എല്ലാം...
രാത്രി മുഴുവനും നീണ്ട എഴുത്ത്... എല്ലാം അവളുടെ മുഖപുസ്തകത്തിലെ സന്ദേശപ്പെട്ടിയിലേക്ക്...
ഒടുവില്‍ എപ്പോഴോ ഞാനും മെല്ലെ ഉറക്കത്തിന്റെ പിടിയിലമര്‍ന്നു...

.....................................................................
........................................................................................
....................................................................................................

രാവിലെ മുഖപുസ്തകം തുറന്നപ്പോള്‍ അവള്‍ക്കൊരുപാട് സന്തോഷം തോന്നി...
തന്റെ വല്യേട്ടന്‍ തന്നെക്കുറിച്ച് ഒരുപാട് എഴുതിയിരിക്കുന്നു... അവള്‍ അതെല്ലാം ഹോസ്റ്റലിലെ തന്റെ കൂട്ടുകാരികള്‍ക്ക്  വളരെ സന്തോഷത്തോടെ വായിച്ചു കേള്‍പ്പിച്ചു... പതിവ് പോലെ അവരോട് തന്റെ 'വല്യേട്ടനെക്കുറിച്ച് ' വാതോരാതെ സംസാരിച്ചു...
വീണ്ടും മുഖപുസ്തകത്തിലേക്ക് ...
അവള്‍ പിന്നെയും തന്റെ വല്യേട്ടനോട് വാചാലയായി... പക്ഷെ വല്യേട്ടനില്‍ നിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല...
അവള്‍ വീണ്ടും വീണ്ടും  സന്ദേശങ്ങള്‍ അയച്ച് കാത്തിരുന്നു...
മണിക്കൂറുകള്‍... ദിവസങ്ങള്‍... മാസങ്ങള്‍...
ആശങ്ക... സങ്കടം... വീര്‍പ്പുമുട്ടല്‍....
പിന്നെയെപ്പോഴോ എല്ലാം ഒരു തേങ്ങലായ്... അവളില്‍ തന്നെ...
എന്നിട്ടും അവള്‍ കാത്തിരുന്നു... ഓരോ ദിവസവും അവളുടെ മുഖപുസ്തകം അതിനു വേണ്ടി മാത്രം തുറക്കപ്പെട്ടു.. പക്ഷെ പിന്നീടൊരിക്കലും തന്റെ വല്യേട്ടന്റെ മുഖപുസ്തകം തുറക്കപ്പെടുകയോ അവളുടെ വാചാലതക്ക് മറുപടി വരികയോ ഉണ്ടായില്ല...
എങ്കിലും മനസ്സിന്റെ ജാലകം പാതി തുറന്നിട്ട്‌ അവള്‍ തന്റെ കാത്തിരിപ്പ്‌ തുടര്‍ന്നു...

പക്ഷെ... ആ പാവം  അറിഞ്ഞിരുന്നില്ല താന്‍ ഇവിടെ, തന്റെ വല്യേട്ടന്‍ ഈ കുഞ്ഞു പെങ്ങള്‍ക്കു വേണ്ടി എഴുതിയ 'വളപ്പൊട്ടുകള്‍' വായിക്കുമ്പോള്‍..., അങ്ങ് ദൂരെ തന്റെ വല്യേട്ടന്‍ തണുത്തുറഞ്ഞ സ്വന്തം ശരീരവുമായി  അവസാന യാത്രക്കൊരുങ്ങുകയായിരുന്നുവെന്ന്...

2013, മേയ് 1, ബുധനാഴ്‌ച

സ്ത്രീ സമത്വം...

അവള്‍ - "നിങ്ങള്‍ പുരുഷന്മാര്‍ക്ക് ഒരു ധാരണയുണ്ട് സ്ത്രീകള്‍ നിങ്ങളുടെ കീഴില്‍ കഴിയേണ്ടവരാണെന്ന്..."

അയാള്‍ - "അങ്ങനെ ഞാന്‍ പറഞ്ഞില്ലല്ലോ, സ്ത്രീക്കും പുരുഷനും ജന്മനാല്‍ ചില കഴിവുകളും കുറവുകളും ദൈവം കൊടുത്തിട്ടുണ്ട്. അതാണ്‌ സ്ത്രീയെ സ്ത്രീയാക്കുന്നതും പുരുഷനെ പുരുഷന്‍ ആക്കുന്നതും എന്നേ ഞാന്‍ പറഞ്ഞുള്ളൂ"

അവള്‍ - "ഹും... എനിക്കറിയാം നിങ്ങള്‍ പറഞ്ഞതിന് അത് തന്നെയാണ് അര്‍ത്ഥം, ഭര്‍ത്താക്കന്മാരുടെ തണലില്‍ നിന്ന് ജീവിതം ഹോമിച്ച ഒരു തലമുറ ഇവിടെ ഉണ്ടായിരുന്നു... നിങ്ങളുടെയും എന്റെയും അമ്മമാരോക്കെ പ്രതികരിക്കാന്‍ കഴിയാതെ ആ കൂട്ടത്തില്‍ പെട്ടുപോയവരാണ്..."
"ഈ തലമുറയെ അതിനു കിട്ടില്ല"
"സ്ത്രീക്ക് സമത്വം വേണം, പുരുഷന്‍ ചെയ്യുന്ന എന്തും സ്ത്രീക്കും ചെയ്യാന്‍ കഴിയും...എന്താ സംശയമുണ്ടോ"
അവള്‍ ഉറഞ്ഞു തുള്ളി... അയാളെ നോക്കി

അയാള്‍ മെല്ലെ എഴുന്നേറ്റു ഷര്‍ട്ട്‌ ഊരിയിട്ടു, ഒരു കൈലി മാത്രം എടുത്ത് ഉടുത്തു...,
എന്നിട്ട് അവളോട്‌ പറഞ്ഞു
"ഹോ അകത്ത് എന്തൊരു ചൂട്‌ അല്ലെ... പുറത്ത്‌ നല്ല കാറ്റുണ്ട്..., ഒന്ന് കവല വരെ നടന്നിട്ട് വരാം... നീയും വന്നോളൂ..."
അലമാരയില്‍  നിന്നും മറ്റൊരു കൈലി എടുത്ത് അവളുടെ കൈയ്യില്‍ വെച്ചുകൊടുത്ത് അയാള്‍ മുറ്റത്തേക്കിറങ്ങി...

(ഇനി ഞാനൊന്നും പറയുന്നില്ല, അവള്‍ തോറ്റു കൊടുക്കില്ലെന്ന പ്രതീക്ഷയില്‍ കാത്തു നില്‍ക്കുന്ന ഒരു നാട്ടുകാരന്‍ മാത്രമാണ് ഞാന്‍)

2013, ഏപ്രിൽ 30, ചൊവ്വാഴ്ച

പുലിവാല്‍ കല്യാണം...........???

  (സ്ത്രീകള്‍ക്ക് വേണ്ടിയുള്ള നിയമങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുമ്പോള്‍...)

ഭര്‍ത്താവില്‍ നിന്നും ഏതെങ്കിലും തരത്തില്‍ എന്തെങ്കിലും മുറിവോ വേദനയോ ഉണ്ടായാല്‍, എന്തിനേറെ പറയുന്നു ലൈംഗീക സ്വഭാവമുള്ള അംഗവിഷേപം പോലും
അതൊക്കെ ഗാര്‍ഹിക പീഡനത്തിന്റെ പരിധിയില്‍ വരുമത്രേ... (അപ്പൊ വിവാഹം കഴിഞ്ഞ ആദ്യ നാളുകളില്‍ തന്നെ വേണമെങ്കില്‍ കേസ്‌ കൊടുക്കാം)

അതുപോലെ സ്ത്രീക്ക് താല്പര്യമുള്ള വ്യക്തിയെ ശാരീരികമായി ഉപദ്രവിക്കുമെന്നു ആവര്‍ത്തിച്ചുള്ള ഭീഷണിയും ഗാര്‍ഹിക പീഡനമാണ്. (എന്ത് കണ്ടാലും ഇനി മിണ്ടാന്‍ പോവണ്ട...)
പങ്കാളിയുടെ ഫാഷനെ നിയന്ത്രിക്കുന്നത് പോലും ഗാര്‍ഹിക പീഡനത്തിന്റെ പരിധിയില്‍ വരുത്താന്‍ പോവുകയാണ്... (ഒരുമ്പെട്ടവര്‍ക്ക് ഇനി എങ്ങനേം നടക്കാം)

(ഒരു സംശയം... അല്ലാ അപ്പൊ ഇനി പൊതുവേ കാര്യങ്ങള്‍ ഒക്കെ എങ്ങനാ...!!! ഈ പ്രസവവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും ഒക്കെ സ്ത്രീയുടെ ശരീരത്തിന് വേദനയുണ്ടാക്കുന്ന കാര്യങ്ങള്‍ ആണല്ലോ...!!!)

ഒരു സ്ത്രീ ഗാര്‍ഹിക പീഡനത്തിനു ഭര്‍ത്താവിനെതിരെ കേസ് കൊടുത്താല്‍...
പരാതിക്കാരിക്കു താമസിക്കുന്ന വീട്ടില്‍ അധികാരവും അവകാശവും ഉണ്ടങ്കിലും ഇല്ലെങ്കിലും ആ വീട്ടില്‍ താമസിക്കാന്‍ അവകാശമുണ്ടായിരിക്കും.
പ്രതി അവരെ ഒഴിപ്പിക്കാനോ ഇറക്കിവിടാനോ പാടുള്ളതല്ല. എന്നാല്‍ പ്രതിയോട് ആ വീട്ടില്‍ നിന്നും മാറി നില്‍ക്കാന്‍ ചിലപ്പോള്‍ കോടതി ഉത്തരവ് ഉണ്ടായേക്കും...
ആ വീട്ടില്‍ പ്രതിയോ അയാളുടെ മറ്റേതെങ്കിലും ബന്ധുവോ പ്രവേശിക്കുന്നതും കോടതി തടയും.
സ്വന്തം ബാങ്ക് എക്കൌണ്ടുകള്‍ പോലും കോടതിയുടെ അനുവാദമില്ലാതെ ഉപയോഗിക്കാന്‍ കഴിയില്ല...

(ചുരുക്കി പറഞ്ഞാല്‍ പെണ്ണൊരുമ്പെട്ടാല്‍, സ്വന്തം കാശുകൊടുത്ത് ഉണ്ടാക്കിയ വീടാണെങ്കിലും, അദ്ധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യമാണെങ്കിലും (ഒരുമ്പെട്ട പെണ്ണുങ്ങളെ കെട്ടിയ) ഭര്‍ത്താവ്‌ 'സസി' ആവും... ല്ലേ...)

സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നില്ല എന്ന് ഞാന്‍ പറയുന്നില്ല, പക്ഷെ പുരുഷന്മാരും പീഡിപ്പിക്കപ്പെടുന്നില്ലേ...???
ഈ നിയമങ്ങളെ ദുരുപയോഗപ്പെടുത്തുന്നില്ലേ ചിലരെങ്കിലും...!!

2013, ഏപ്രിൽ 13, ശനിയാഴ്‌ച

വിഷുവും ഗോതമ്പുണ്ടയും പിന്നെ ഞാനും...

"അണ്ണാ... വിഷു കഴിഞ്ഞിട്ട് പോയാല്‍ പോരെ..."

അപ്രതീക്ഷിതമായ ആ ഇടിവെട്ടില്‍, വായിലേക്ക്‌ വെക്കാന്‍ തുടങ്ങുകയായിരുന്ന എന്റെ കൈയ്യിലെ ഗോതമ്പുണ്ട പിടിവിട്ടു തെറിച്ചുപോയി...

ആര്‍ത്തിയോടെ ഗോതമ്പുണ്ടയും 'കടുക്കാചായയും' അകത്താക്കിക്കൊണ്ടിരിക്കുന്ന സഹ തടവുകാരനെ ഞാന്‍ ദയനീയമായി ഒന്ന് നോക്കി...

ചെറിയ പയ്യനാണ് അവന്‍, സംസാരത്തില്‍ ഇടയ്ക്ക് തമിഴ്‌ ചുവ കയറിവരും. അവന്റെ പേരില്‍ എത്ര കളവ്‌ കേസ്‌  ഉണ്ടെന്ന് അവനു തന്നെ നിശ്ചയമില്ല...
എന്തൊക്കെയായാലും ഭക്ഷണം മുന്നില്‍ കണ്ടാല്‍ അവന്‍ എല്ലാം മറന്ന് സന്തോഷിക്കും.
കഴിഞ്ഞ വര്‍ഷം ഈസ്റ്ററിന് കോഴിക്കോട്‌ ജയിലില്‍ ഉച്ച ഭക്ഷണത്തിന് അച്ചാര്‍ ഉണ്ടായിരുന്നെന്നും ഇവിടെ അച്ചാര്‍ കിട്ടിയില്ല എന്നതുമായിരുന്നു കഴിഞ്ഞ ദിവസം അവന്റെ ഏറ്റവും വലിയ സങ്കടം...

"ഇന്നലെ ഈസ്റ്ററിന് തന്നപോലെ വിഷുവിനും ഇവിടെ നല്ല സദ്യ ഉണ്ടാവും അണ്ണാ..., അതിനു മുന്‍പ്‌ അണ്ണന്‍ ഇറങ്ങും അല്ലെ..."
സഹതാപത്തോടെയുള്ള അവന്റെ ചോദ്യം കേട്ട് ഞാന്‍ വീണ്ടും ഞെട്ടി...

ഞാന്‍ മനസ്സില്‍ പറഞ്ഞ തെറി എന്റെ മുഖഭാവത്തില്‍ നിന്നും അവനു മനസ്സിലായി എന്ന് തോന്നുന്നു...

അവന്റെ വായില്‍ക്കിടന്ന ഗോതമ്പുണ്ട അവന്‍ ചവയ്ക്കാതെ തന്നെ ഇറങ്ങി...
ഗോതമ്പുണ്ടയെക്കാളും വലുപ്പത്തില്‍ പുറത്തേക്ക് തള്ളിയ അവന്റെ കണ്ണുകളെ ഒതുക്കാന്‍ മൊന്തയിലെ വെള്ളം അവന്‍ വായിലേക്ക് കമിഴ്ത്തുന്നത് കണ്ടു...

2013, ഏപ്രിൽ 7, ഞായറാഴ്‌ച

ഷാജഹാന്‍...

കഴിഞ്ഞ ദിവസം മുഖപുസ്തകത്തിലെ സുഹൃത്തുക്കളോടൊക്കെ ഞാന്‍ പറഞ്ഞേയുള്ളൂ, അന്ന് നമ്മള്‍ ടീച്ചറിനെ ഏപ്രില്‍ ഫൂള്‍ ആക്കിയ കാര്യമൊക്കെ... ഒരിക്കലും മറക്കാന്‍ കഴിയാത്ത നമ്മുടെ സൗഹൃദ നിമിഷങ്ങള്‍...

ഒരിക്കല്‍ നീ എന്നോട് പറഞ്ഞില്ലേ നമുക്ക് നമ്മുടെ ആ പഴയ കലാലയ കാലഘട്ടം എഴുതി ഒരു ചിത്രമാക്കണം എന്ന്...ഒരുപാട് തമാശകളും സംഭവങ്ങളും നിറഞ്ഞ നമ്മുടെ മനോഹരമായ ആ കലാലയ ജീവിതം...
ചെയ്യണം അതൊക്കെ... പക്ഷെ എപ്പോഴാണ് എന്നൊന്നും അറിയില്ല...
മനസ്സ് കടിഞ്ഞാണുകള്‍ പൊട്ടിച്ചു പായുകയാണ്... എങ്ങോട്ടെന്നറിയില്ല... പലതും കൈവിട്ടു പോകുന്നു... സ്വന്തം മനസ്സുപോലും...

ഇന്നിപ്പോള്‍ നിന്നെക്കുറിച്ചു വീണ്ടും ഞാന്‍ പറയുമ്പോള്‍ നിന്നെയൊന്നു കണ്ടാല്‍ കൊള്ളാമെന്നു എന്റെ സുഹൃത്തുക്കള്‍ക്ക് തോന്നുമായിരിക്കും...
പക്ഷെ... ഇതുവരെ ഞാന്‍ സൂക്ഷിച്ചിരുന്ന നിന്റെ ചിത്രം എന്നില്‍ നിന്നും എവിടെയോ നഷ്ടമായിരിക്കുന്നു... നീ പോയതിനു ശേഷം നിന്റെ സഹോദരി എനിക്ക് നല്‍കിയ നിന്റെ ചിത്രം... ഈ മുഖപുസ്തകത്തില്‍ ചേര്‍ത്തു വെയ്ക്കുവാന്‍ വേണ്ടി ഞാനതു തിരഞ്ഞപ്പോഴാണ് അറിയുന്നത് എന്റെ നഷ്ടങ്ങളുടെ കൂട്ടത്തിലേക്ക് ആ ചിത്രവും എപ്പോഴോ പോയ്മറഞ്ഞു എന്നത്...
സൂക്ഷിക്കാന്‍ കഴിഞ്ഞില്ല... നീ എന്നോട് ക്ഷമിക്കുക...
ആത്മാവിനുള്ളില്‍ നിന്നും നിന്റെ ചിത്രം മായില്ല... ഒരിക്കലും...

അത്ര വ്യക്തമല്ലെങ്കിലും നിന്റെ പഴയ ഫോട്ടോയില്‍ നിന്നും മൊബൈലില്‍ പകര്‍ത്തിയ അവ്യക്തമായ ഒരു ചിത്രം മാത്രം ഇപ്പോള്‍ ഞാനെന്റെ സുഹൃത്തുക്കള്‍ക്കുവേണ്ടി ഇവിടെ ചേര്‍ക്കുന്നുണ്ട്...

അന്ന് നീ യാത്രയായതറിഞ്ഞ് നിന്റെ ഒരു ചിത്രത്തിന് വേണ്ടി ഈ മുഖപുസ്തകം തിരഞ്ഞപ്പോഴും നിരാശയായിരുന്നു ഫലം എന്ന് ഞാനോര്‍ക്കുന്നു...
അതുവരെ ഇവിടെ ഉണ്ടായിരുന്ന നീ... മരണത്തിന്റെ തൊട്ടുമുമ്പുള്ള ഏതോ നിമിഷത്തില്‍ ഈ മുഖപുസ്തകത്തില്‍ നിന്നും നീ നിന്നെ മായ്ച്ചു കളഞ്ഞു അല്ലെ...

നിന്റെ വീട്ടില്‍ ഞാന്‍ പോയിരുന്നു... നീയില്ലാത്ത നിന്റെ വീട്... കണ്ണീരു തോര്‍ന്നില്ല ഇപ്പോഴും അവിടെ...
നിന്റെ മക്കളെ ഞാന്‍ കണ്ടു... നിന്റെ ഉമ്മ എന്നെ ചേര്‍ത്തു പിടിച്ച് ഒരുപാട് കരഞ്ഞു... പാവം ഉമ്മയെ ഞാന്‍ കുറെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു...ഉമ്മയുടെ മുമ്പില്‍ വെച്ച് കരയാതിരിക്കാന്‍ ഞാന്‍ ഒരുപാട് ശ്രദ്ധിച്ചു... എങ്കിലും തിരികെ വണ്ടിയില്‍ വന്നിരുന്നപ്പോള്‍ അതുവരെ അടക്കി വെച്ചതെല്ലാം കൈവിട്ടു... പുറത്ത്‌ നല്ല മഴ പെയ്യുകയായിരുന്നത് കൊണ്ട് ആരും വണ്ടിയുടെ അടുത്തേക്ക് വന്നിരുന്നില്ല... സ്റ്റീയറിങ്ങില്‍ മുഖമമര്‍ത്തി കരയുമ്പോള്‍  ആരും കാണാതിരിക്കാന്‍ ആ മഴ എന്നെ സഹായിച്ചു...

പ്രിയപ്പെട്ട കൂട്ടുകാരാ... നീ യാത്രയായിട്ട് ഒരു വര്‍ഷം (ഏപ്രില്‍ 5) കഴിഞ്ഞിരിക്കുന്നു. ഒടുവില്‍ യാത്ര ചൊല്ലാതെ പോയ പ്രിയപ്പെട്ടവരുടെ വരുടെ കൂട്ടത്തില്‍ ഇപ്പോള്‍ നീയും...

മറഞ്ഞുവെങ്കിലും മറക്കുവാനാവില്ല ഒന്നും...ഞങ്ങളുടെയൊക്കെ ഹൃദയങ്ങള്‍ക്കുള്ളില്‍ നീ ഇപ്പോഴും ജീവിക്കുന്നു...

പ്രിയ സഹോദരാ... നിന്റെ ഓര്‍മ്മകള്‍ക്കു മുമ്പില്‍ ഞാനൊന്ന് മനസ്സു തുറന്നു കരയട്ടെ...
നിനക്കായ്‌ കണ്ണീരോടെയുള്ള പ്രാര്‍ത്ഥനകള്‍ മാത്രം...
............................................................

2013, ഏപ്രിൽ 4, വ്യാഴാഴ്‌ച

ചിരി...

'ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍ ആയിരം പേര്‍ വരും.......'

അങ്ങിനെ അയാള്‍ ചിരിക്കാന്‍ തുടങ്ങി...
ആദ്യം ഒന്നുരണ്ടു പേര്‍ വന്നു...

അയാള്‍ ചിരി തുടര്‍ന്നു...
പിന്നെയും ഒന്നുരണ്ടു പേര്‍കൂടി വന്നു...

അയാള്‍ വീണ്ടും വീണ്ടും ചിരിച്ചു... ആവേശത്തോടെ പൊട്ടിച്ചിരിച്ചു...

പിന്നെ... അയാള്‍ക്ക്‌ ചിരി നിര്‍ത്താനായില്ല... അയാള്‍ ചിരിച്ചുകൊണ്ടേയിരുന്നു...

എന്നിട്ടോ...

ആയിരം പേരൊന്നും വന്നില്ലെങ്കിലും അഞ്ചാറു പേര് വന്നു... വണ്ടിയും വിളിച്ച്.....

കൊണ്ട് ചെന്ന സ്ഥലത്ത് ആയിരം പേര് കാണുമായിരിക്കും അല്ലെ...!!!

2013, മാർച്ച് 27, ബുധനാഴ്‌ച

നമുക്കിടയില്‍ ...

ഒരിക്കല്‍ .............
നമുക്കിടയില്‍ വാക്കുകള്‍ കുളില്‍ തെന്നലായ്...
ഒന്ന് മറ്റൊന്നിനെ തഴുകി തലോടി...
പിന്നെയത് മഞ്ഞായ്‌... മഴയായി...
പിന്നെയെപ്പോഴോ അതൊരു പെരുമഴക്കാലമായ്‌...

പിന്നെയുമെപ്പോഴോ... കൊടുങ്കാറ്റായ്...
വാക്കുകള്‍ നേര്‍ക്കു നേരെ... തമ്മില്‍ തല്ലി ചിതറിത്തെറിച്ചു...

പിന്നെയത് അഗ്നിയായി വെന്തുരുകി...
അക്ഷരങ്ങള്‍ തലതല്ലി കരഞ്ഞു...

ഒടുവില്‍ .....................
വാക്കുകള്‍ നഷ്ടമായ നമുക്കിടയില്‍......
മരിച്ചു കിടക്കുന്ന അക്ഷരങ്ങളുടെ നിശ്ശബ്ദത...

-ഷമീർ ഒറ്റത്തൈക്കൽ

2013, മാർച്ച് 25, തിങ്കളാഴ്‌ച

കൊടുങ്കാറ്റ്...

കൊടുങ്കാറ്റടിക്കാന്‍ തുടങ്ങിയിരിക്കുന്നു...

അസത്യത്തിന്റെ... അസഹിഷ്ണുതുയുടെ...
അധാര്‍മ്മികതയുടെ... കൊടുങ്കാറ്റ്...

അതിന്റെ ഹൂങ്കാരത്തില്‍...
നിലവിളിയൊച്ചകള്‍ അലിഞ്ഞില്ലാതാകുന്നു...
അതിന്റെ കൈകളില്‍പ്പെട്ടുഴറുന്ന...
നിസ്സാഹായതയുടെ... ധാര്‍മ്മികതയുടെ...
സഹനത്തിന്റെ... തേങ്ങലുകള്‍...

ഇനിയുമീ കൊടുങ്കാറ്റില്‍ എന്തൊക്കെ തീരണം...
അല്പ പ്രാണന്‍ മാത്രം ബാക്കിയായ ജന്മങ്ങളോ...

ഇരുള്‍ പരന്ന ഭൂമിയില്‍ കൊടുങ്കാറ്റടിക്കട്ടെ...
ഇടി മിന്നലും പേമാരിയും താണ്ഡവമാടട്ടെ...

എങ്കിലും ഒരു നാള്‍...
മൂടിവെക്കപ്പെട്ട സത്യത്തിന്റെ
പൊന്‍ വെളിച്ചം പുലരുക തന്നെ ചെയ്യും...

2013, മാർച്ച് 24, ഞായറാഴ്‌ച

ഓര്‍മ്മകളിലെ ഒന്നാം ക്ലാസ്സ്‌...


പുതു വസ്ത്രമണിഞ്ഞ് പുസ്തക സഞ്ചിയും പിടിച്ച് പുതു മഴയില്‍ കുതിര്‍ന്ന പാതയിലൂടെ ബാപ്പയുടെ കൈ പിടിച്ച് ആദ്യമായി സ്കൂളിലേക്ക് പോയ കുട്ടിക്കാലം...


സെറ്റ് മുണ്ട് ഉടുത്ത് വലിയ കണ്ണടയും വെച്ച നാരായണി ടീച്ചര്‍ എന്നെ എടുത്താണ് ബഞ്ചില്‍ കൊണ്ട് പോയി ഇരുത്തിയത്...

ടീച്ചറിനെ ഞാന്‍ ഇതിനു മുന്‍പ് കണ്ടിട്ടുണ്ട്.
നാരായണി ടീച്ചര്‍ മാത്രമല്ല ഈ സ്കൂളിലെ നാല് ടീച്ചര്‍മാരും എന്റെ വീട്ടിലെ നിത്യ സന്ദര്‍ശകരായിരുന്നു.
വീടിന്റെ മുന്‍വശത്തെ തിണ്ണയില്‍ വന്നിരുന്ന് ബാപ്പയുമായി കുറെ നേരം സംസാരിച്ചിരിക്കും. പിന്നെ അവര്‍ പോകാന്‍ നേരം, ചക്ക മാങ്ങ വേപ്പില ഇരുമ്പന്‍ പുളി എന്നിങ്ങനെ ഞങ്ങളുടെ പറമ്പില്‍ വിളയുന്ന ഒട്ടുമിക്ക സാധനങ്ങളുടെയും ഓരോ പങ്ക് ഉമ്മ അവര്‍ക്ക് നല്‍കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്.
(ഞാന്‍ സ്കൂളില്‍ പോയി തുടങ്ങിയതോടെ ഇതൊക്കെ ഇവര്‍ക്ക് കൊണ്ട് കൊടുക്കേണ്ട ജോലി എനിക്കായി മാറി ...)

നാരായണി ടീച്ചര്‍ കരയുന്ന കുട്ടികളെയൊക്കെ സമാധാനിപ്പിക്കുന്ന തിരക്കിലായിരുന്നു. ഇതിനിടയില്‍ എന്തിനാണ് ഞാനും കരഞ്ഞതെന്ന് ഓര്‍മ്മയില്ല... നാരായണി ടീച്ചര്‍ എന്നെയും എടുത്ത് കൊണ്ടുപോയി മിഠായി തന്നു സമാധാനിപ്പിച്ചു...


വര്‍ഷാവസാനം നാരായണി ടീച്ചര്‍ ഞങ്ങള്‍ക്ക് വീണ്ടും മിഠായി തന്നു. പക്ഷെ ഇപ്പൊ ടീച്ചറുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നത് ഞാന്‍ കണ്ടു. അടുത്ത് ചെന്ന എന്നോട് ടീച്ചര്‍ പറഞ്ഞു...
"ഞാന്‍ പോവ്വാട്ടോ... ഇനി വരില്ല... അടുത്ത വര്‍ഷം നിങ്ങളൊക്കെ രണ്ടാം ക്ലാസ്സിലേക്ക് പോകും... അപ്പൊ അവിടെ വേറെ ടീച്ചര്‍ നിങ്ങളെ പഠിപ്പിക്കും... മക്കളൊക്കെ നന്നായി പഠിക്കണം കേട്ടോ... "

ടീച്ചര്‍ വലിയ കണ്ണട ഊരി സെറ്റ് മുണ്ടിന്റെ തലപ്പുകൊണ്ട് കണ്ണുകള്‍ തുടക്കുന്നത് കണ്ടപ്പോള്‍ എനിക്കും സങ്കടം വന്നു...
"അയ്യേ ന്റെ കുട്ടി കരയേ..." ടീച്ചര്‍ എന്നെ ചേര്‍ത്ത് പിടിച്ചു...
'എന്തേ നമ്മുടെ ടീച്ചര്‍ പോണത്‌...' അതായിരുന്നു ഞങ്ങള്‍ കുട്ടികളുടെ ചിന്ത...
"നമ്മള് രണ്ടാം ക്ലാസ്സിലേക്ക് പോണതോണ്ടാവും " ആരോ പറഞ്ഞു...
"ഈ ടീച്ചറ്‌ നമ്മളെ പഠിപ്പിക്കാന്‍ വേണ്ടി മാത്രം വന്നതായിരിക്കും..." മറ്റൊരു കൂട്ടുകാരന്‍ അത് സ്ഥിരീകരിച്ചു...
പിന്നെയും എത്രയോ ദിനങ്ങള്‍...
സ്കൂളിലേക്കുള്ള വഴിയിലൂടെ മഴയില്‍ തിമിര്‍ത്തും... കല പില കൂട്ടിയും അങ്ങിനെ...
എങ്കിലും ഒന്നാം ക്ലാസ്സ്‌ കാണുമ്പോള്‍ എന്തിനെന്നറിയാതെ നാരായണി ടീച്ചറെ ഓര്‍ത്ത് മനസ്സ് നൊമ്പരപ്പെട്ടു.
വര്‍ഷങ്ങള്‍ ഒരുപാട് കടന്നു പോയിരിക്കുന്നു...
ഈ ജീവിതം തന്നെ വലിയൊരു വിദ്യാലയമാണെന്ന് പിന്നെയെപ്പോഴോ ഞാനും തിരിച്ചറിഞ്ഞു...
എങ്കിലും ആ ഒന്നാം ക്ലാസ്സും നാരായണി ടീച്ചറുമെല്ലാം മായാത്ത വസന്തമായ്‌ ഇന്നും മനസ്സിലുണ്ട്...
..............................................................................


2013, മാർച്ച് 22, വെള്ളിയാഴ്‌ച

പലായനം...

ഒരു പലായനം മുന്നില്‍ മിഴി തുറക്കുന്നു...
.........................................
ഒടുവില്‍ ബാക്കിയാവുന്ന മൗനത്തിന്‍ ഇടനാഴിയില്‍
ഇനിയും മരിക്കാത്ത സ്മൃതികളെ ചേര്‍ത്തു പിടിച്ച്
ഒന്നു പെയ്തൊഴിയണം...
...............................
ഇനി വരുമൊരുനാള്‍...
കാലം കഴുകന്മാരോട് ഈ കഥ പറയും നാള്‍...
.........................................
.........................................................
....................................................................................

2013, മാർച്ച് 21, വ്യാഴാഴ്‌ച

ഒരു പിറന്നാള്‍ സമ്മാനത്തിന്റെ ഓര്‍മ്മ...

ഇന്ന് നിന്റെ ജന്മദിനം...

ആശംസാ കാര്‍ഡുകളോ സമ്മാനങ്ങളോ ഒന്നും ഞാന്‍ കരുതിയിട്ടില്ല...കരുതാറുമില്ല...
പക്ഷെ, ഞാനോര്‍ക്കുന്നു എല്ലാ വര്‍ഷവും ഇതേ ദിവസം...കാലം മായ്ക്കാന്‍ ശ്രമിച്ചിട്ടും മായാത്ത ഓര്‍മ്മകളില്‍ ഒന്നായി...

നിനക്കോര്‍മ്മയുണ്ടോ വര്‍ഷങ്ങള്‍ക്കു മുമ്പ്‌... ഇതേ ദിവസം...!!! അന്ന് ഞാന്‍ നിനക്ക് നല്‍കിയ ജന്മദിന സമ്മാനം...!!!
ഒന്നും ഒരിക്കലും മറക്കാന്‍ എനിക്കാവുന്നില്ല..., നിനക്കോ...???

നമ്മുടെ മനസ്സും ശരീരവും ഒന്നായ നിമിഷം... അന്ന് എന്റെ ഈ കൈകളില്‍ നിന്റെ മുഖം ചേര്‍ത്ത് പിടിച്ച് നിനക്ക് ജന്മദിനം ആശംസിക്കുമ്പോള്‍, നിന്നിലേക്ക് ഞാന്‍ സമ്മാനമായി നല്‍കിയത് എന്റെ ജീവനെതന്നെയായിരുന്നു...

പക്ഷെ വിടരും മുമ്പേ തല്ലിക്കൊഴിക്കപ്പെട്ട ആ പൂമൊട്ടിനെയോര്‍ത്ത്‌ പിന്നീട് എത്രയോ ഏകാന്ത രാത്രികളില്‍ ഞാന്‍ കരഞ്ഞിട്ടുണ്ടെന്നു നിനക്കറിയോ...

പക്ഷെ, ഇന്നും ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങള്‍ ബാക്കിയാവുന്നു... എന്തിനു വേണ്ടിയായിരുന്നു ഇതൊക്കെ...??? എന്തായിരുന്നു ഞാന്‍ ചെയ്ത തെറ്റ്..., ഞാന്‍ നിന്നെ ഒരുപാട് സ്നേഹിച്ചിരുന്നില്ലേ... എന്നിട്ടും..., അതോ നിനക്കെന്നെ സ്നേഹിക്കാന്‍ കഴിഞ്ഞിരുന്നില്ലേ... എങ്കില്‍ എന്നെയെന്തിന് ഒരു വിഡ്ഢിവേഷം കെട്ടിച്ചു...???

അതൊന്നും സാരമില്ല..., പക്ഷെ ഒന്നുമറിയാത്ത നമ്മുടെ കുഞ്ഞ് എന്ത് തെറ്റാ ചെയ്തെ...???

ഇന്ന് നീ നിന്റെ കുഞ്ഞുങ്ങളോടൊപ്പം ചിരിച്ചുല്ലസിക്കുമ്പോള്‍ നീ ഓര്‍ക്കാറുണ്ടോ, ഒരിക്കല്‍ നമ്മള്‍ ഹൃദയതാളം ആസ്വദിച്ച, ജനിക്കും മുമ്പേ നമ്മള്‍ കൊന്നു കളഞ്ഞ നമ്മുടെ സ്വപ്നമായിരുന്ന നമ്മുടെ കുഞ്ഞിനെ...

ഈ ലോകത്തില്‍ എത്രയൊക്കെ ഉയരങ്ങള്‍ വെട്ടിപ്പിടിച്ചാലും... എത്ര മുഖം മൂടിയണിഞ്ഞാലും... യാഥാര്‍ത്ഥ്യത്തിന്റെ ചില നിമിഷങ്ങളില്‍ സ്വന്തം മനസ്സാക്ഷിക്കുള്ളില്‍ ആരുമറിയാതെയെങ്കിലും ഇതൊക്കെ ഓര്‍ക്കാതിരിക്കാന്‍ നിനക്കാവുമോ...???

ഒരുപക്ഷെ നിനക്ക് എന്നെ മറക്കാന്‍ കഴിയുമായിരിക്കും, പക്ഷെ നീ ഒരു സ്ത്രീയല്ലേ...ഇന്ന് നീ ഒരമ്മയല്ലേ... നിന്റെ ജീവിതത്തില്‍ നിന്റെ ഉദരത്തില്‍ ചുമന്ന നമ്മുടെ ആദ്യത്തെ കുഞ്ഞിനെ നിനക്ക് എങ്ങിനെയാ മറക്കാന്‍ കഴിയുക...!!

2013, മാർച്ച് 20, ബുധനാഴ്‌ച

'കണിക്കൊന്നപ്പൂക്കള്‍ കണി കണ്ടുണര്‍ന്നപ്രഭാതങ്ങള്‍...'

കണിക്കൊന്നപ്പൂക്കള്‍ കണികണ്ട് ഉണര്‍ന്നിരുന്ന പ്രഭാതങ്ങളാണ് ഇപ്പോള്‍ ഓര്‍മ്മയില്‍ തെളിയുന്നത്...
നീണ്ട മണിനാദം കേട്ട് കണ്ണ് തുറക്കുമ്പോള്‍ ആദ്യം കാണുന്നത് ജാലകത്തിന് പുറത്തുള്ള വലിയ ലോകത്തിലെ ആകാശത്തിന്റെ നീലിമയ്ക്ക് താഴെ മുറ്റത്ത് പൂത്തു നില്‍ക്കുന്ന കണിക്കൊന്നപ്പൂക്കള്‍ ആയിരുന്നു.
പക്ഷെ ആ കാഴ്ചകള്‍ക്കും എന്റെ കണ്ണുകള്‍ക്കും ഇടയില്‍ ഇരുമ്പഴികള്‍ തീര്‍ത്ത മൗനം... വീര്‍പ്പുമുട്ടലുകള്‍...
അപ്പോള്‍ കണ്ണുനീര്‍ത്തുള്ളികള്‍ തീര്‍ക്കുന്ന ജാലകത്തിലൂടെ കാണുന്ന കാഴ്ചകള്‍ ... 

കണിക്കൊന്നയ്ക്കരികിലൂടെ ഇരുമ്പ് ബക്കറ്റുമായി വെള്ളം നിറച്ച ടാങ്കിനടുത്തേക്ക് നടന്നു നീങ്ങുന്നവര്‍... അവരില്‍ ചിലര്‍ അവരുടെ കണ്ണുകളിലും പ്രവര്‍ത്തിയിലും ഒരു ക്രൂരഭാവം നില നിര്‍ത്താന്‍ ശ്രമിക്കുന്നത് കണ്ടു ...
എങ്കിലും നിരാശയും സങ്കടവും നിറഞ്ഞ കണ്ണുകളുമായി എത്രയോ പേര്‍ അവര്‍ക്കിടയില്‍...
ഒരു പക്ഷെ അവരും എന്നെപ്പോലെ... ആവോ അറിയില്ല...

കാക്കി ധാരികള്‍ വരാന്തയിലൂടെ നടക്കുന്നതിനിടയില്‍ ആരോടോ പകതീര്‍ക്കും പോലെ ചൂരലുകൊണ്ട് ഇരുമ്പഴികളില്‍ ആഞ്ഞടിച്ച് വലിയ ശബ്ദമുണ്ടാക്കി രസിച്ചു ...
അനുഭവത്തിന്റെ തീച്ചൂളയില്‍ ശരീരവും മനസ്സും ഒരുപോലെ തളര്‍ന്നു... ഭൂമി തലകീഴായി മറിയുകയായിരുന്നു...
ചൂരല്‍ വീശുന്ന കാക്കി ധാരികള്‍ .. അവര്‍ തലകീഴായി നിന്ന് അട്ടഹസിച്ചു ...
അവരുടെ വായില്‍ നിന്നും വന്ന വാക്കുകള്‍ക്ക്‌ ചീഞ്ഞളിഞ്ഞ മൃതദേഹത്തേക്കാളും വലിയ ദുര്‍ഗന്ധമായിരുന്നു...
മനുഷ്യര്‍ വേദനയോടെ കരയുന്നത് കണ്ട്‌ അവര്‍ ആര്‍ത്തു ചിരിച്ചു...

പക്ഷെ അന്നും ഇന്നും അറിയതെ പോയ ഒന്നുണ്ട്... ഞാന്‍ ... ഇതൊക്കെ ... ആര്‍ക്കുവേണ്ടി ...എന്തിനു വേണ്ടി ... അറിയില്ല ഇപ്പോഴും ... 
........................................................................................................
...........................................................................................................................
......................................................................................................................................................
അവിടെ ഇപ്പോഴും ആ കണിക്കൊന്ന പൂക്കുന്നുണ്ടാവാം... ആര്‍ക്കും വേണ്ടാതെ... ഒരു നിയോഗം പോലെ...

2013, മാർച്ച് 19, ചൊവ്വാഴ്ച

ഇനി യാത്ര...


ഇനിയെന്തിനായ്‌ നീ വന്നതെന്നരികില്‍...
ഇനിയെന്റെ ഹൃദയം നിനക്കായ്‌ തുടിക്കില്ല...
ഇനിയും മരിക്കാത്ത ഓര്‍മ്മകള്‍ തേടി ഞാന്‍...
ഇനിയും വരില്ല മറക്കുക എന്നെ നീ...

ഇനിയെന്റെ ഹൃദയത്തെ വെട്ടി മുറിക്കുക...
ഇനിയെന്റെ മാംസവും ഭുജിക്കുക നിങ്ങള്‍...
ഇനിയെന്റെ കണ്ണുകള്‍ നിങ്ങളെ തിരയില്ല...
ഇനിയെന്റെ വാക്കുകള്‍ ഏകില്ലലോസരം...

ഇനി ഞാന്‍ നടന്നൊരീ വഴികളും വിജനം...
ഇനിയില്ല നീയെന്റെ വഴികളില്‍ ഓര്‍ക്കുക...
ഇനി നീ വരുമെന്ന് കാത്തിരിക്കില്ല ഞാന്‍...
ഇനി ഞാനലിയട്ടെ ഒരു മണ്‍തരിയായി...
ഇനിയുമെന്തിനായ്‌ നീ വന്നതെന്നരികില്‍...
ഇനിയെന്റെ ഹൃദയം തുടിക്കില്ലൊരിക്കലും...

2013, മാർച്ച് 16, ശനിയാഴ്‌ച

വസന്തം തേടുന്ന നക്ഷത്രങ്ങള്‍...

"ഇതുവരെ സഞ്ചരിക്കാത്ത വഴികളിലൂടെയൊക്കെ ഇപ്പൊള്‍ ഞാന്‍ സഞ്ചരിക്കുന്നു... അല്ല... നീ എന്നെ കൂട്ടിക്കൊണ്ടു പോകുന്നു...
ഈ വഴികളില്‍ നീ കാത്തു നില്‍പ്പുണ്ടായിരുന്നു അല്ലെ...
നിന്നെ കാണുമ്പോ... അറിയാതെ തന്നെ... കൊഴിഞ്ഞു പോയ ആ ബാല്യത്തിലേക്ക് വീണ്ടും മനസ്സ്‌ ഊളിയിട്ടിറങ്ങുന്നു..."

"നിഷ്കളങ്കമായി മനസ്സ് തുറന്നു ചിരിക്കാനും ജീവിക്കാനും കഴിഞ്ഞിരുന്ന നാളുകള്‍ തന്നെയാണ് ബാല്യം..."
"അതെ, ജീവിതം എന്നെയത് പഠിപ്പിച്ചു..."

"അന്ന് നമ്മള്‍ കളിച്ചു തിമിര്‍ത്ത് അങ്ങനെ.... എന്തു രസായിരുന്നു ല്ലേ..."
"നീ എല്ലാം ഓര്‍ക്കുന്നു..."

"പിന്നല്ലാതെ എനിക്കോര്‍മ്മിക്കാന്‍ ആ കുട്ടിക്കാലം മാത്രല്ലേ ഉള്ളൂ..." - അവളുടെ കണ്ണുകളില്‍ കണ്ണുനീര്‍ തിളങ്ങുന്നു...
"ഞാനും ഓര്‍ക്കാറുണ്ട്... ചിലപ്പോ തോന്നും അതൊക്കെ കുട്ടിക്കാലത്ത് കണ്ട ഒരു സ്വപ്നം മാത്രമായിരുന്നു എന്ന്..."

"അതെ, കുട്ടിക്കാലത്തെ സ്വപ്‌നങ്ങള്‍... നിനക്കോര്‍മ്മയുണ്ടോ ഞാന്‍ കളിപ്പാട്ടം സ്വപ്നം കണ്ടിട്ട്, രാവിലെ ഉണര്‍ന്നപ്പോ അത് കാണാതെ കരഞ്ഞതും നീ എന്നെ കളിയാക്കിയതും...."
"ഓര്‍ക്കുന്നു... കളിപ്പാട്ടം സ്വപ്നം കണ്ടുണര്‍ന്നു കരഞ്ഞ കുട്ടിയെപ്പോലെയായില്ലേ പിന്നെ എന്റെ ജീവിതവും... ഇല്ലാത്ത സ്നേഹത്തെ കാത്തിരുന്ന് വെറുതെ പരിഹാസപാത്രമായി....
അവര്‍ സത്യത്തെ മൂടി വെച്ചു... എനിക്കായ് ... എന്നെപ്പോലുള്ളവര്‍ക്കായ്‌ അവര്‍ കഴുമരങ്ങള്‍ തീര്‍ത്തു..."

"സാരല്ലടാ ഒക്കെ നല്ലതിനാവും... നല്ലതിനാണ്..."
"പണ്ട് കൈനോട്ടക്കാരി പറഞ്ഞത് പലപ്പോഴും ഓര്‍ത്തു പോയിട്ടുണ്ട്... ഒടുവില്‍ ഒറ്റപ്പെടുമെന്നും ദുഃഖങ്ങള്‍ പിന്തുടരുമെന്നും...
പക്ഷെ ഒടുവില്‍ സാന്ത്വനവുമായ് ഈ കൂടപ്പിറപ്പ് ... എന്റെ കുട്ടിമാളു എന്റെടുത്തെത്തുമെന്ന് എന്തേ എന്റെ കൈയ്യില്‍ അവര് കണ്ടില്ല...."

"ഒക്കെ ഈശ്വരനല്ലേടാ തീരുമാനിക്കണേ... കൈനോട്ടക്കാരി അല്ലല്ലോ..."
"അതെ... നീ എന്റെ ആത്മാവിനെ വാത്സല്യത്തിന്റെ... സ്നേഹത്തിന്റെ... മുല്ലപ്പൂമണം കൊണ്ട് തലോടുന്ന... എനിക്ക് മാത്രം കാണാന്‍ കഴിയുന്ന സത്യം..."

"നിനക്ക് ഓര്‍മ്മയുണ്ടോടാ ആ മാവിന്‍ കൊമ്പില്‍ ഊഞ്ഞാല് കെട്ടി ആടിയത്..., ഓടിക്കളിച്ചത്... എന്തോരം ഉണ്ണിമാങ്ങ പെറുക്കിക്കൂട്ടി..."
"എനിക്ക് തരാതെ നീ തിന്നു..."

"അത് നീ എനിക്ക് പെന്‍സില് തിരിച്ചു തരാത്തോണ്ടല്ലേ... അന്ന് നീ എന്നോട് വഴക്കുണ്ടാക്കി എന്റെ കൈയ്യീന്ന് പിടിച്ചു വാങ്ങിയ പെന്‍സില് "
"അന്ന് നീ എന്റെ കൈയ്യില്‍ എന്തോരാ പിച്ചിയത്... നീ കടിച്ചിട്ടു എന്റെ കൈ വേദനിച്ചില്ലേ..."

"ഓര്‍ക്കാറുണ്ട്... എല്ലാം... നിന്നോടൊപ്പം കളിച്ചും വഴക്കുണ്ടാക്കിയും കൊതി തീര്‍ന്നില്ലെടാ..."
"എനിക്കും..."

"എന്നെങ്കിലും നീ എനിക്കത് തിരിച്ചു തരുമോ... അന്ന് എന്റെ കൈയ്യീന്ന് പിടിച്ചു വാങ്ങിയ പെന്‍സില്..."
"ഇല്ല...ഒരിക്കലും തരില്ല... ആ പെന്‍സില്‍ തുണ്ടും നീ എന്റെ കൈകളില്‍ നല്‍കിയ നോവും എല്ലാം ഞാന്‍ സൂക്ഷിച്ചിട്ടുണ്ട്... ആരും കാണാതെ... ആത്മാവിന്റെ ഒരു കോണില്‍.... മരണത്തിന്റെ താഴ്വരയില്‍ പോലും ഞാനത് നഷ്ടപ്പെടാതെ സൂക്ഷിച്ചു വെച്ചു..."

"എന്നും അത് അവിടെ ഉണ്ടാവട്ടെ... ജന്മങ്ങള്‍ക്കപ്പുറവും..."
"തീര്‍ച്ചയായും..."

"ഇനിയും നമ്മളവിടെ എത്തിയാല്‍ നീ എന്താ എനിക്ക് തരിക..."
"നമ്മുടെ കിഴക്കേ മുറ്റത്തെ കിളിച്ചുണ്ടന്‍ മാവില്‍ കയറി പഴുത്തൊരു മാങ്ങ ഞാന്‍ നിനക്ക് പറിച്ചു തരാം..."

"നീ തരേണ്ടാ... നിന്നോട് തല്ലുകൂടി... വഴക്കുണ്ടാക്കി ഞാന്‍ പിടിച്ചു വാങ്ങിക്കോളാം..."
"എന്നിട്ട് നീ തിന്നുമ്പോ അതില്‍ നിന്നും ഞാനും ഒരു കടി കടിക്കും..."

"അപ്പൊ ഞാന്‍ കരയും... അന്നത്തെപ്പോലെ...."
"ഇല്ല അതിനു മുന്‍പേ നിന്റെ നെറ്റിയില്‍ ഞാനൊരു ഉമ്മ നല്‍കും... എന്റെ ആത്മാവില്‍ നിന്നുള്ള വാല്‍സല്യത്തിന്റെ ഒരു ഒരു ചുടു ചുംബനം...,
എന്നിട്ട് നീ കാണാതെ ഞാനോളിപ്പിച്ചു വെച്ച കുറേ മാമ്പഴങ്ങള്‍ നിനക്കായ്‌ നല്‍കും..."

"ദെ ഇപ്പൊ നിന്നില്‍ നിന്നും മുല്ലപ്പൂമണം...!!! അതെ... സുഖമുള്ള മണം... സ്നേഹത്തിന്റെ മണം.... വാത്സല്യത്തിന്റെ മണം... സന്തോഷത്തിന്റെ മണം... ഞാനതില്‍ അലിയുകയാണ്...."
"ഞാനും...."

"ഈ സ്നേഹം വാല്‍സല്യം ഒക്കെ എന്നും നമുക്കിടയില്‍ നില നില്‍ക്കണം..."
"തീര്‍ച്ചയായും ജന്മങ്ങള്‍ക്കപ്പുറവും..."

"ഒരു കവിത വിരിയുന്നുണ്ട് അല്ലെ..."
"ഉണ്ട് പക്ഷെ എനിക്കിപ്പോ എഴുതാന്‍ അക്ഷരങ്ങളില്ല...."

"മനസ്സ് വല്ലാതെ നിറഞ്ഞു തുളുമ്പുന്നു അല്ലെ ...."
"അതെ...."

"നിന്നിലൂടെ അക്ഷരങ്ങളായി... കവിതകളായി... ഇനിയും എനിക്ക് വിരിയാന്‍ മോഹം..."
"തീര്‍ച്ചയായും നിന്റെ സാന്നിധ്യമാണ് എന്റെ അക്ഷരങ്ങളായി വിരിഞ്ഞത്... ഇപ്പോഴും എല്ലാം എന്റെ ചിന്തകള്‍ക്കും അപ്പുറമാണല്ലോ... നീ പറയുന്നു ... ഞാന്‍ കേള്‍ക്കുന്നു... കാണുന്നു..."

"നീ പകര്‍ത്തിയാതെല്ലാം എന്റെ ആത്മാവിന്റെ അടിത്തട്ടില്‍ നിന്നുള്ള വാക്കുകളാണ്..."
"അതെ... അത് നിനക്കും എനിക്കും മാത്രം അറിയാവുന്ന സത്യം... ആദ്യമൊക്കെ സ്വപ്നങ്ങളില്‍... ചിന്തകളില്‍... നീ കടന്നു വന്നപ്പോള്‍..., നിന്നെ കണ്ടപ്പോള്‍..., നീയൊരു സത്യമോ മിഥ്യയോ എന്നറിയാതെ ഞാനും..."

"ആ മുല്ലപ്പൂക്കളുടെ മണമല്ലേ നീ എന്നെ തിരിച്ചറിഞ്ഞത്..."
"അതെ... പക്ഷെ നിനക്കറിയോ... ആരും എന്നെ വിശ്വസിച്ചില്ല.... എന്നെ ഭ്രാന്തനെന്നു മുദ്രകുത്തി... എന്നെ സംശയിച്ചു...
അവര്‍ തിരയുകയായിരുന്നു എനിക്ക് ഇതുവരെയും ഇല്ലാത്ത ഒരു പ്രണയിനിയെ..."

"അവര്‍ തിരയട്ടെ... ഇനിയും തിരയട്ടെ... സംശയാലുക്കള്‍ എന്നും തിരഞ്ഞു കൊണ്ടിരിക്കും... ഇല്ലാത്തതിനെ തിരയുന്നതത്രേ അവരുടെ നിയോഗം..."
"ഉം..."

"നമുക്കെന്നും ഈ ബാല്യം കാത്തു സൂക്ഷിക്കാം..."
"തീര്‍ച്ചയായും...ഇവിടെ നമുക്കതിനാവുമെന്ന് എനിക്കും തോന്നുന്നുണ്ട്..."

"പോയകാല വസന്തത്തിലെ പൂക്കള്‍ തേടി നമുക്ക് ഇനിയും പറന്നുയരാം...
അപ്പോള്‍ പിന്നെയും നന്ത്യാര്‍ വട്ടപ്പൂക്കള്‍ വിരിയും... നമ്മുടെ മുറ്റത്ത്‌..."

ഇപ്പോള്‍ ആകാശത്തിൽ രണ്ടു നക്ഷത്രങ്ങള്‍ കൂടി തിളങ്ങുന്നു... മറ്റു നക്ഷത്രങ്ങള്‍ക്കൊപ്പം...

നീ...

എന്‍റെ മോഹങ്ങള്‍ക്ക് നിറം പകര്‍ന്നവള്‍ നീ...
എന്‍റെ സ്വപ്നങ്ങള്‍ക്ക് മിഴിവേകിയവള്‍ നീ...
എന്‍റെ ചിന്തകളില്‍ പുതു ജീവന്‍ പകര്‍ന്നവള്‍ നീ...
എന്‍റെ ആത്മാവിന്‍ കണ്ണുനീര്‍ തുടച്ചവള്‍ നീ...

എന്‍റെ ഹൃദയത്തെ കവര്‍ന്നെടുത്തവള്‍ നീ...
എന്‍റെ സാമീപ്യത്തില്‍ സാന്ത്വനം നേടിയവള്‍ നീ...
എന്‍റെ ആത്മാവിനെ വാരിപുണര്‍ന്നവള്‍ നീ...
എന്‍റെ സിരകളില്‍ ഉന്മാദ ലഹരി ഉണര്ത്തിയവള്‍ നീ...

എന്നുമെന്റെ നെഞ്ചില്‍ തല ചായ്ക്കാന്‍ കൊതിച്ചവള്‍ നീ...
എന്നുമെന്റെ പാട്ടില്‍ ലയിച്ചുറങ്ങാന്‍ കൊതിച്ചവള്‍ നീ...
എന്നിട്ടുമെന്തേ ഒടുവിലോന്നും മിണ്ടാതെ പോയിനീ...
എന്നിട്ടുമെന്തേ എന്‍റെ ആത്മാവിനെ അറിയാതെ പോയി നീ...

സ്നേഹം...

ഇന്നലെ...,
നീയെന്‍ ഹൃദയവീണയില്‍ സ്നേഹ സംഗീതമായ് ഒഴുകിയെത്തി...
നീയെന്‍ കര്‍മ്മപഥങ്ങളില്‍ ഉണര്‍വ്വിന്‍ ജ്വാലയായ്‌ പടര്‍ന്നിറങ്ങി...
നീയെന്‍ അഴലിന്‍ നിഴലാട്ടങ്ങളില്‍ സാന്ത്വനക്കുളിര്‍മഴയായ്‌ പെയ്തിറങ്ങി...

അതെ... അനിര്‍വ്വചനീയമായൊരാത്മബന്ധത്തിന്‍ നിര്‍വൃതിയില്‍
അലിഞ്ഞു ചേരുകയായിരുന്നു നമ്മള്‍ ...

ഇന്ന്...,
നീയെന്നെ സ്വപ്നത്തില്‍ നിന്നുമുണര്‍ത്തുമ്പോള്‍...
നിന്റെ ഹൃദയം തേങ്ങുന്നത് ഞാനറിയുന്നു...
നീ നിന്നുള്ളില്‍ നിന്നുമെന്നെ പറിച്ചെറിയുമ്പോള്‍...
നിന്റെയാത്മാവ്‌ നീറിപ്പുകയുന്നതും ഞാനറിയുന്നു...
നീയെന്റെ ഹൃദയത്തിന്റെ പടിയിറങ്ങുമ്പോള്‍...
നഷ്ടപ്പെടലുകളുടെ വേദന ഞാനുമറിയുന്നു...

അതെ... എന്റെ നഷ്ടങ്ങളുടെ പട്ടികയിലേക്ക്
നീയും നടന്നടുക്കുകയാണ്...

നാളെ...,
നീ നിന്റെ സ്വപ്നങ്ങളെ നിന്റെ ഹൃദയത്തിനുള്ളില്‍ തന്നെ കുഴിച്ചുമൂടും...
നീ നിന്റെ ശേഷിച്ച ജീവിതം ഒരു വേദനയോടെയെങ്കിലും ആടിത്തീര്‍ക്കും...
നീ നിന്റെ സ്മൃതിയുടെ പടവിലിരുന്നു തേങ്ങുമ്പോള്‍...
നീയന്നറിയുമോ എന്നാത്മാവ്‌ യാത്ര പറഞ്ഞിറങ്ങിയ നിമിഷം...

അതെ... നിന്റെ വേര്‍പാടിന്റെ വേദനയില്‍...
എന്നേ ഹൃദയം തകര്‍ന്നു മരിച്ചവനാണ് ഞാന്‍ ...

കാലത്തിന്‍ കൈപിടിച്ച്...

യാത്ര ഒറ്റക്കായിരുന്നു...
എങ്കിലും എന്റെ യാത്രയുടെ നിയന്ത്രണം മറ്റാരുടെയോ കൈകളില്‍ ആയിരുന്നതുകൊണ്ടുതന്നെ ഇവിടെ ഞാനൊരു യാത്രക്കാരന്‍ മാത്രമായി മാറുന്നു...
ഇതുവരെയും ഞാന്‍ അങ്ങോട്ട്‌ പോയിട്ടില്ലായിരുന്നെങ്കിലും അവിടെയെത്തിയപ്പോള്‍ ഇത് ഞാന്‍ എപ്പോഴോ കണ്ടു മറന്നപോലെ ഒരു തോന്നല്‍...
ഉണങ്ങി വരണ്ട് ഉറഞ്ഞു പോയ ഒരു മലയെ ചേദിച്ചു നിര്‍ത്തിയ പോലെ... പക്ഷെ, അത് ഭൂമിയിലെ ഖബറിടങ്ങള്‍ക്കും താഴെയായിരുന്നു...
അവിടെ തട്ടുകളായി പലതരം കുഴിമാടങ്ങള്‍... ഓരോ തട്ടുകളും ഓരോ കാലഘട്ടങ്ങളെയും ഓരോ സംസ്കാരങ്ങളെയും സൂചിപ്പിച്ചു...
ചിലര്‍ കുഴിമാടങ്ങളില്‍ ഇരിക്കുകയായിരുന്നു, അവര്‍ക്ക് കിടക്കാന്‍ അവരുടെ കുഴിമാടത്തില്‍ സ്ഥലമില്ലായിരുന്നു... ചിലരെ വെള്ളത്തുണിയില്‍ പുതപ്പിച്ചു കിടത്തിയിരിക്കുന്നു... ചിലര്‍ കുഴിമാടങ്ങളില്‍ ഞെരിഞ്ഞമരുന്നു.... കുഴിമാടങ്ങളില്‍ വെച്ച് തന്നെ അഗ്നി വിഴുങ്ങിയ ശേഷം മണ്ണിട്ടു മൂടപ്പെട്ടവര്‍ മറ്റു ചിലര്‍...
കാലപ്പഴക്കത്തില്‍  മാംസം നഷ്ടപ്പെട്ട് അസ്ഥികള്‍ മാത്രമായിപ്പോയിരുന്നു ചിലര്‍... എങ്കിലും അവര്‍ എന്നോട് സംസാരിച്ചു... അവരുടെ കുഴിമാടങ്ങളില്‍ കിടന്നു കൊണ്ട്...
ഞാന്‍ ചുറ്റുമൊന്നു കണ്ണോടിച്ചു... അവിടെ ചേദിക്കപ്പെട്ട ആ മലകള്‍ക്ക് താഴെ ഒരു വലിയ കുളം... ആത്മാവ് ഇറങ്ങിപ്പോയ ശരീരങ്ങള്‍ ഒടുവില്‍ ഈ കുളത്തിൽ കുളിച്ച് വരുമത്രേ... അല്ല കഴുകപ്പെടുകയാണ് എന്ന് അവര്‍ തന്നെ തിരുത്തി...
ആ വെള്ളത്തിന്‌ ഒരു പ്രത്യേക നിറമായിരുന്നു... എല്ലാ പാപങ്ങളെയും അടിത്തട്ടിലേക്ക് ആവാഹിച്ച് പായൽ പോലെ എന്തോ ആ വെള്ളത്തിനടിയില്‍.... കുളത്തിന്റെ കരയിലും പൊന്തക്കാടുകള്‍ പോലെ എന്തൊക്കെയോ...  അവ ആ വെള്ളത്തിനും കുളത്തിന്റെ കരകൾക്കും ഇതുവരെ കാണാത്ത ഭയപ്പെടുത്തുന്ന ഒരു പ്രത്യേക നിറം നല്‍കിയിരിക്കുന്നു...
അഗ്നിയില്‍ വെന്തു പോയ ചിലര്‍ക്ക് ഇപ്പോഴും പൊള്ളുന്നുണ്ട്... കുളത്തിന്റെ കരയില്‍ കിടന്നിരുന്ന കറുത്ത നിറമുള്ള വലിയ വിറകുകള്‍ എടുത്തു ഞാന്‍ ആ വലിയ കുളത്തിന്റെ ആഴങ്ങളിലെക്കിട്ടു...
ഇനി വരുന്നവര്‍ക്കെങ്കിലും പൊള്ളാതിരിക്കാന്‍...
ഞാന്‍ അവിടെല്ലാം ഒരുപാട് അലഞ്ഞു... ആ കുഴിമാടങ്ങള്‍ക്ക് പരിസരത്തെങ്ങും ഒരു പ്രാര്‍ത്ഥനാലയവും ഉണ്ടായിരുന്നില്ല... "എല്ലാം നമ്മൾ തന്നെ നശിപ്പിച്ചു കളഞ്ഞെ"ന്ന് ആരോക്കെയോ വിലപിക്കുന്നു...
ആ ഉണങ്ങി വരണ്ട മലനിരകള്‍ക്കപ്പുറത്തേക്ക് ഒരു പാടു ബുദ്ധിമുട്ടി ഞാന്‍ എത്തി നോക്കി...
അവിടെ അതാ എനിക്ക് ചിരപരിചിതമായൊരു ലോകം... അവിടേക്ക് ഈ വലിയ ജലാശയത്തില്‍ നിന്നും ഒരു അരുവി ഒഴുകുന്നു... എല്ലാ പായലുകളും അരിച്ചു മാറ്റി തെളിഞ്ഞ വെള്ളം മാത്രം...
അത് തന്നെയായിരുന്നു വേര്‍തിരിക്കപ്പെട്ട അതിരും...
അവിടെ ഒരു സമൂഹം ജീവിക്കുന്നു... ഇതൊന്നുമറിയാതെ... പരസ്പരം ചതിച്ചും വെട്ടി വീഴ് ത്തിയും... തെളിഞ്ഞ വെള്ളത്തില്‍ മനുഷ്യ രക്തം കലര്‍ത്തിയും... അങ്ങിനെ മനുഷ്യ സഹചമായ കുറ്റങ്ങളും കുറവുകളുമായി... സ്നേഹിക്കാൻ മറന്നു പോയ കുറെ മനുഷ്യ ജന്മങ്ങൾ...
അവര്‍ ഈ ഖബറിടങ്ങളിലേക്കുള്ള തയ്യാറെടുപ്പിലാണ്...
.................................................................................................................

കാലമേ നീ തന്നെ സാക്ഷി....

ഈ പടിവാതില്‍ കടന്ന് ആരും ഇപ്പൊ വരാറില്ല... ഇനിയാരും വരുമെന്നും കരുതിയിരുന്നില്ല...
പക്ഷെ, കാലമേ നീയെന്നില്‍ പിന്നെയും കവിത രചിക്കുന്നു...

പകൽ ഇരുളിനു വഴിമാറാൻ ഒരുങ്ങുന്പോൾ പാതി തുറന്നിട്ട ജാലകവാതിലിലൂടെ എനിക്ക് കാണാം പടിവാതില്‍ കടന്നു വരുന്ന നിന്നെ... ആരാണ് നീ...???

നീ നിനക്കിഷ്ടപ്പെട്ട പാലപ്പൂവിന്റെ ഗന്ധം തേടുന്നു...
ഒരിക്കല്‍ ആ ഗന്ധത്തില്‍ ഒരു ഗ്രാമത്തിന്റെ നിഷ്കളങ്കതയും ഉത്സവ ലഹരിയും നിറഞ്ഞിരുന്നു...

ഓര്‍മ്മകള്‍ക്ക് മരണമേയില്ല എന്നാരോ കുറിച്ചിട്ടത് പോലെ... കാലം മായ്ക്കാന്‍ ശ്രമിച്ചിട്ടും മായാത്ത ഓര്‍മ്മകള്‍...

അന്നൊക്കെ എത്രയോ ശാന്ത സുന്ദരമായ രാത്രികളില്‍ പാലപ്പൂവിന്‍ സുഗന്ധമെന്നെ തഴുകിയിട്ടുണ്ടെന്നോ... ഇന്ന് നിന്റെ വാക്കുകള്‍ ആ നിശ്ശബ്ദതയിലൊഴുകി വന്നെന്നെ തലോടിയ തെന്നലിനെ ഓര്‍മ്മപ്പെടുത്തുന്നു...
ആ ശാന്ത സുന്ദരമായ രാത്രികള്‍ ഇന്നെവിടെ...???

മുറ്റത്ത്‌ വിരിഞ്ഞ ചെത്തിപ്പൂക്കള്‍ തേടി അന്പല വാസികള്‍ വന്നിരുന്നതും അന്പല മുറ്റം പോലെ പരിശുദ്ധിയും ഒരുപാട് സ്നേഹവും ആ മനസ്സുകളില്‍ നിന്ന് പകര്‍ന്നറിയുകയും ചെയ്തിരുന്ന ഒരു കാലം ഉണ്ടായിരുന്നു... ഇന്ന് പാല മരവും പാലപ്പൂ മണവും നഷ്ടമായി... മുറ്റത്തെ ചെത്തിയും ഇല്ല... അന്പല വാസികളും വരാറില്ല...

കാലമേ... നീ മായ്ച്ചു വരക്കുന്ന ചിത്രങ്ങളെന്തെല്ലാം...

"ഇവിടെയുണ്ടായിരുന്ന നന്ത്യാര്‍വട്ടപ്പൂക്കളെവിടെ..."
അവളുടെ ചോദ്യം എന്നെ ചിന്തയില്‍ നിന്നുണര്‍ത്തി...

"എനിക്ക് പണ്ടത്തെപ്പോലെ കിണറിലെ വെള്ളം കോരിക്കുടിക്കണം..."
കിണറിനടുത്തേക്ക് ഓടിയ അവള്‍ നിരാശയോടെ തിരിഞ്ഞു എന്നെ നോക്കി...
"ഇവിടല്ലേ കിണറുണ്ടായിരുന്നത്..."
"മുങ്ങാം കുഴിയിട്ടിരുന്ന കുളവും കുളക്കരയിലെ മുവാണ്ടന്‍ മാവും ഒക്കെ പോയി ല്ലേ..."

അവളുടെ ചോദ്യങ്ങളില്‍ നിരാശ... എങ്കിലും ആ ചോദ്യങ്ങള്‍ ശരങ്ങളായി പാഞ്ഞു വന്നു തുളച്ചു കയറുന്നത് എന്റെ ഹൃദയത്തില്‍...

"എല്ലാം പോയി എല്ലാം..." ഞാന്‍ പറഞ്ഞു...
"നീയല്ലെടാ ഇവിടുന്നു ആദ്യം ഇറങ്ങിപ്പോയത്..."
പെട്ടെന്ന് അവളുടെ ശബ്ദം ഉയര്‍ന്നു...
ശരിയാണല്ലോ... ഞാനതോര്‍ത്തില്ല... വര്‍ഷങ്ങള്‍ക്കു മുന്‍പേ ഇവിടെ നിന്നും ഇതെല്ലാം ഉപേക്ഷിച്ച് ആദ്യം യാത്ര പറഞ്ഞിറങ്ങിയവന്‍ ഞാന്‍...

"നീണ്ട യാത്രക്കിടയിൽ നഷ്ടമായത് ഒരു പൂക്കാലമാണ്... ഒന്നും സൂക്ഷിക്കാന്‍ കഴിഞ്ഞില്ല... സൂക്ഷിക്കാമായിരുന്നതും..."
ഞാൻ ജനലിലൂടെ അസ്തമിക്കുന്ന പകലിനെ വെറുതെ നോക്കി നിന്നു...

പക്ഷെ, എല്ലാം ഇത്ര കൃത്യമായി അറിഞ്ഞ നീ ആരാണ്...??? എന്തിനിപ്പോള്‍ വന്നു...???
ഞാനവളെ നോക്കി, അവൾ അവിടെ എന്തോ തിരയുകയായിരുന്നു.

തട്ടിൻ മുകളിലെ കിടപ്പുമുറിയിൽ താഴെ കിടന്ന ഒരു ഉണങ്ങിയ മുല്ലപ്പൂ അവള്‍ കൈയ്യിലെടുത്തു മുഖത്തോടടുപ്പിച്ചു... എന്നിട്ട് പറഞ്ഞു
"ഇതിന്റെ മണം ഇപ്പോഴും പോയിട്ടില്ല അല്ലെ..."

ഒരിക്കല്‍ മണിയറയില്‍ സുഗന്ധം പരാത്തിയ മുല്ലപ്പൂക്കള്‍ പിന്നെ വൈകാതെ ദുരന്തത്തിന്റെ സ്മൃതി ഗന്ധമായി മാറിയത്‌ ഓര്‍ത്തു പോയി...

അതങ്ങനെയാണ് ഏറെ പ്രതീക്ഷയോടെ ഹൃദയത്തിന്റെ കോണിലെവിടെയോ കാലം കോറിയിട്ട വരകളും വർണ്ണങ്ങളും തന്നെയായിരിക്കും പിന്നെയെപ്പോഴൊക്കെയോ അതേ ഹൃദയത്തിന്റെ തന്നെ നൊമ്പരപ്പെടുത്തിയ കഥകളായി മാറുന്നതും...

"ഇവിടെ ഇപ്പൊ വല്ലാത്ത നിശബ്ദതയാണല്ലോ..." അവള്‍ പറഞ്ഞു

ഒരിക്കല്‍ ശബ്ദ മുഖരിതമായിരുന്നു ഇവിടം... പക്ഷെ വിരുന്നിനെത്തിയ മരണം ബാക്കി വെച്ചതാണീ മൗനം...

"മുറ്റത്തെ മുല്ലച്ചെടി...???"

"അത് ഞാന്‍ അവര്‍ക്കരികില്‍ നട്ടു... പൂക്കള്‍ അവര്‍ക്ക്‌ ഒരുപാട് ഇഷ്ടമായിരുന്നു... എനിക്ക് വേണ്ടി ജീവിച്ചവര്‍ക്ക് നല്‍കാന്‍ എന്റെ കൈയ്യില്‍ അതല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല...
ഇപ്പൊ അവരുടെ സ്നേഹം പൂക്കളായ് വിരിഞ്ഞ് സുഗന്ധമായ്‌ എന്നെ തലോടുന്നു..."
പറഞ്ഞുതീര്‍ന്നതും ഞാന്‍ പൊട്ടിക്കരഞ്ഞു... ഒരു കുട്ടിയെപ്പോലെ...

അവള്‍ എന്നെ ആശ്വസിപ്പിച്ചു... "സാരല്ല... എല്ലാം കാലത്തിന്റെ ഓരോ വികൃതികളല്ലേ...."

"കാലം ഇനിയും ചിത്രങ്ങള്‍ മായ്ച്ചു വരക്കും...." അവളുടെ കണ്ണുകളും നിറഞ്ഞൊഴുകി...

"ഒരിക്കല്‍ നമ്മളും... ഈ ഭൂമിയില്‍ മായ്ക്കപ്പെടുന്ന ചിത്രങ്ങളില്‍ ഒന്നാവും....."

"പക്ഷെ, കാലം മായ്ച്ചാലും ഞാനുണ്ടാവും... എന്നും നിനക്ക് കൂട്ടായ്‌..."

ഞാനവളെ സൂക്ഷിച്ചു നോക്കി... "നീ...???"
അവളൊന്നു ചിരിച്ചു...
"ഞാനാരെന്നതിന് ഇവിടെ പ്രസക്തിയില്ല... എങ്കിലും പറയാം നീ തന്നെയാണ് ഞാന്‍..."

"നിന്റെ സന്തോഷത്തിലും ദുഖത്തിലും എല്ലാം ഞാനുണ്ടായിരുന്നു... നീ കണ്ടില്ലെന്നു മാത്രം... ഇനിയും കൂടെയുണ്ടാവും... നിന്റെ നിഴലായി..."

"എങ്കില്‍ ഞാന്‍ നിന്നെ നിഴലെന്നു തന്നെ വിളിക്കട്ടെ... മറ്റൊന്നിനും ഇത്രയും അടുപ്പം ഉണ്ടാവില്ല..."

അവള്‍ കൈയ്യിലിരുന്ന വാഴയിലപ്പൊതി തുറന്നു... അതില്‍ നിറയെ മുല്ലപ്പൂക്കള്‍... ഇപ്പൊ പാലപ്പൂവിന്റെ ഗന്ധം മാറി... മുല്ലപ്പൂമണമൊഴുകാന്‍ തുടങ്ങി... അതെന്റെ ആത്മാവിനെ തഴുകി തലോടി...

അവള്‍ ചിരിച്ചു...
ഇപ്പോള്‍... പെയ്തൊഴിഞ്ഞ ആകാശം പോലെ... മനസ്സും...

കാലമേ... നീ തന്നെ സാക്ഷി...

2013, ജനുവരി 24, വ്യാഴാഴ്‌ച

ചിന്തകള്‍...

ചിന്തകള്‍...
അത് പലപ്പോഴും വിളിക്കാതെ കടന്നു വരുന്ന അതിഥികളാണ്...
അല്പം പോലും മര്യാദയില്ലാതെ... 
ചിലപ്പോള്‍ ഉറങ്ങാന്‍ നേരം...
ചിലപ്പോള്‍ ഉണരുമ്പോള്‍...
മറ്റുചിലപ്പോള്‍ ഉറക്കം കെടുത്തിക്കൊണ്ട്...

എന്റെ ഹൃദയാക്ഷരങ്ങളില്‍ ചിലത് ഇവിടെ കുറിച്ചിടുന്നു...