2013, ജൂൺ 27, വ്യാഴാഴ്‌ച

നിറം മങ്ങാത്ത ഓര്‍മ്മകള്‍...

"ഒരു മലര്‍ കൊണ്ട് നമ്മള്‍ ഒരു വസന്തം തീര്‍ക്കും...
ഒരു തിരി കൊണ്ട് നമ്മള്‍ ഒരു കാര്‍ത്തിക തീര്‍ക്കും..."

ഓര്‍മ്മകള്‍ അതിവേഗം പിന്നിലേക്ക്‌ പായുകയാണ്...
ഇപ്പോഴും ഈ ഗാനം കേള്‍ക്കുമ്പോള്‍ അറിയാതെ ഞാനും ആ പഴയ സ്കൂള്‍ വിദ്യാര്‍ഥിയായി മാറുന്നു...
അന്നത്തെ കൗമാര കാമുകീകാമുകന്മാര്‍ പാടി നടന്ന ഹിറ്റ്‌ ഗാനം... ഹൃദയങ്ങളില്‍ അവര്‍ അവരുടെ പ്രണയത്തോടൊപ്പം ഈ ഗാനവും സൂക്ഷിച്ചിരുന്നു...

പെരിഞ്ഞനം കുറ്റിലക്കടവ്‌ ആര്‍ എം ഹൈസ്കൂളിലെ യുവജനോല്‍സവ വേദിയില്‍ കൂട്ടുകാരായ ഷാജിയും നസീറും ഈ ഗാനം ആലപിക്കുമ്പോള്‍ ഞാന്‍ പെണ്‍കുട്ടികള്‍ ഇരിക്കുന്ന ഭാഗത്തേക്ക് ഒന്ന് ഒളികണ്ണിട്ടു...
ഉവ്വ് ... ചില കണ്ണുകള്‍ എന്നെ നോക്കുന്നുണ്ട്... മൂകമായി അവര്‍ എന്നോടും ഞാന്‍ ഒരേ സമയം ഒന്നില്‍ കൂടുതല്‍ പേരോടും കണ്ണുകള്‍ കൊണ്ട് കഥ പറഞ്ഞു... ;-)

ഞാന്‍ ആദ്യമായി പ്രണയിച്ചത് എപ്പോഴാണെന്ന് ഓര്‍മ്മയില്ല... മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴായിരുന്നോ എന്റെ ആദ്യ പ്രണയംഎന്നൊരു സംശയം ഇല്ലാതില്ല... അത് മറ്റാരോടുമല്ല പഠിപ്പിക്കുന്ന ടീച്ചറിനോട് തന്നെ... ;-)

ഹൈസ്കൂള്‍ പഠന കാലത്ത്‌ എനിക്ക് പ്രത്യേകിച്ച് പ്രണയങ്ങള്‍ ഒന്നും എടുത്ത് പറയാനില്ല... എന്റെ കൂട്ടുകാര്‍ക്ക് മിക്കവര്‍ക്കും പ്രണയങ്ങള്‍ ഉണ്ടായിരുന്നു... അവര്‍ കണ്‍കള്‍ കൊണ്ടും പുസ്തകത്താളുകളില്‍ ഒളിപ്പിച്ച തുണ്ടു കടലാസിലൂടെയും പ്രണയിക്കുന്നത് ഞാന്‍ കൊതിയോടെ നോക്കി നിന്നു...
എനിക്കും അങ്ങിനെയൊക്കെ ആവണമെന്നുണ്ടായിരുന്നു... പക്ഷെ, പെണ്‍കുട്ടികളോട് സംസാരിക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ മുട്ടുകാല്‍ വിറയ്ക്കുന്നതും നെഞ്ചിടിപ്പ് കൂടുന്നതും തൊണ്ട വരളുന്നതും ഞാനറിഞ്ഞു... (പിന്നീട് എന്നെ കാണുമ്പോള്‍ പെണ്‍കുട്ടികളുടെ നെഞ്ചിടിപ്പ് കൂടാന്‍ തുടങ്ങി എന്നത് വേറെ കാര്യം)
അങ്ങിനെയൊരു 'പേടിച്ചു മരണം' എനിക്ക് പേടിയായതിനാല്‍ അത്തരമൊരു ദൗത്യത്തില്‍ നിന്നും ഞാന്‍ സ്വയം പിന്മാറുകയായിരുന്നു...
എങ്കിലും അന്ന് സ്കൂളിലെ കാമുകീ കാമുകന്മാര്‍ കൈമാറിയിരുന്ന പ്രണയലേഖനങ്ങളിലെ സാഹിത്യം തുളുമ്പുന്ന വരികള്‍ പലതും എന്റെ സംഭാവനയായിരുന്നു...
തിരക്ക് കൂടുമ്പോള്‍ ഒരേ വരികള്‍ തന്നെ "ഇത് പുതിയതാണ് മറ്റാര്‍ക്കും കൊടുത്തിട്ടില്ല" എന്നും പറഞ്ഞ് ഒന്നിലധികം പേര്‍ക്ക് കൊടുക്കുമായിരുന്നു... അങ്ങിനെ പലര്‍ക്കായി കൊടുത്ത ഒരേപോലെയുള്ള വരികള്‍ ഒരാള്‍ക്ക് തന്നെ കിട്ടിയതും മറ്റൊരു കഥ...
എന്തായാലും നാലുപേരറിയെ ഒരു കാമുകന്‍ ആവാനുള്ള ധൈര്യം കിട്ടുന്നത് വരെ ഞാനീ സൗജന്യ സേവനം തുടര്‍ന്നു നിര്‍വൃതിയടഞ്ഞു...

ചില പെണ്‍കുട്ടികള്‍ എന്നോട് കാണിച്ച അവരുടെ ഇഷ്ടങ്ങളില്‍ നിന്നും ഞാന്‍ തെന്നി മാറിയെങ്കിലും ഞാന്‍ അവരെയൊക്കെ ഉള്ളിന്റെയുള്ളില്‍ പ്രണയിച്ചിരുന്നു...
കൂട്ടുകാര്‍ പോലും അറിയാതെ എന്റെ മനസ്സില്‍ മാത്രം ഒതുങ്ങിയ മൂക പ്രണയങ്ങള്‍...

ചുരുക്കിപ്പറഞ്ഞാല്‍ സ്കൂള്‍ പഠനകാലത്ത്‌ എനിക്കും പ്രണയങ്ങള്‍ ഒരുപാടുണ്ടായിരുന്നു... പക്ഷെ അന്നത്തെ എന്റെ എല്ലാ പ്രണയങ്ങളിലും അത് അറിയാത്ത ഒരാള്‍മാത്രം ബാക്കിയാവുമായിരുന്നു... അത് മറ്റാരുമല്ല... ഞാന്‍ ആരെയാണോ പ്രണയിക്കുന്നത് അവര്‍ തന്നെ... ;-)

ഹൈസ്കൂള്‍ വിട്ട ശേഷം പ്രണയങ്ങളുടെ പെരുമഴക്കാലം തന്നെ ഉണ്ടായിരുന്നു എന്ന് പറയാം... എങ്കിലും വര്‍ഷങ്ങള്‍ക്കു ശേഷമാണ് തീരെ പ്രതീക്ഷിക്കാതെ ഒരിക്കല്‍ ആദ്യമായി ഒരു പെണ്‍കുട്ടി എനിക്കൊരു പ്രണയലേഖനം ഇങ്ങോട്ട് തരുന്നത്... അത് കിട്ടിയതിന്റെ പിറ്റേന്ന് ഞാന്‍ പനി പിടിച്ചു ആശുപത്രിയിലായത് കൂട്ടുകാര്‍ക്കിടയില്‍ വലിയൊരു തമാശയായതും മറ്റൊരു കഥ...

എനിയ്ക്കാദ്യമായി കിട്ടിയ ആ പ്രണയലേഖനം തിരികെ നല്‍കി, ആ അനിയത്തിക്കുട്ടിക്ക്‌ കുറച്ച് ഉപദേശങ്ങളും നല്‍കി തിരിഞ്ഞു നടന്നതും, കൗമാര പ്രണയങ്ങളുടെ പെരുമാഴക്കാലത്തിലെ വെള്ളപ്പൊക്കത്തില്‍ മുങ്ങിത്താഴ്ന്ന മറ്റു കഥകളും മറ്റൊരവസരത്തില്‍ പറയാം...


ഇനിയും നിറം മങ്ങാത്ത ആ കൗമാര കാലത്തിന്റെ ഓര്‍മ്മയില്‍...
അന്നെന്റെ പ്രണയങ്ങളില്‍ നിന്നും രക്ഷപ്പെട്ട എന്റെ കാമുകിമാര്‍ക്കായി ഞാന്‍ പാടുന്ന ഈ ഗാനം കേള്‍ക്കൂ... :-)

"പാടാം നമുക്ക് പാടാം..."
ഗാന രചന - ശ്രീ കുമാരന്‍ തമ്പി
സംഗീതം - രവീന്ദ്രന്‍
ചിത്രം - യുവജനോല്‍സവം (1986)

2013, ജൂൺ 19, ബുധനാഴ്‌ച

ഓര്‍മ്മയിലൊരു മയില്‍പ്പീലിത്തുണ്ട്...

"പാഠപുസ്തകത്തില്‍ മയില്‍പ്പീലി വെച്ചുകൊണ്ട്....
പീലി പെറ്റ് കൂട്ടുമെന്ന് നീ പറഞ്ഞു പണ്ട്..."

ബാല്യകാല ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോകുകയും മനസ്സിലൊരു നൊമ്പരം പടര്‍ത്തുകയും ചെയ്യുന്ന "ഓത്തുപള്ളിയിലന്നു നമ്മള് പോയിരുന്ന കാലം..." എന്ന് തുടങ്ങുന്ന ഒരു പഴയ ഗാനം ഇന്നും നമ്മുടെയൊക്കെ മനസ്സുകളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്...

ഈ ഗാനത്തിന്റെ രചയിതാവായ പി. ടി. അബ്ദുല്‍റഹ് മാന്‍ സാഹിബ് , 2001 വര്‍ഷത്തില്‍ ഇവിടെ ഷാര്‍ജയിലെ എന്റെ റൂമില്‍ വന്നിട്ടുണ്ട്...

അല്പം പോലും ജാഡയില്ലാതെ എത്ര ലളിതമായാണ് അദ്ദേഹം സംസാരിച്ചത്... കലയോടുള്ള ആത്മസമര്‍പ്പണത്തിനിടയില്‍ പണമുണ്ടാക്കാന്‍ മറന്നു പോയ, അല്ല... കലയ്ക്ക് വില പറയാതിരുന്ന പഴയ കലാകാരന്മാരുടെ പട്ടികയിലെ മറ്റൊരു അതുല്യ പ്രതിഭ...

മാപ്പിളപ്പാട്ടുകളിലെ പഴയ ഹിറ്റുകളില്‍ കുറെയധികം ഗാനങ്ങളും സിനിമാഗാനങ്ങളില്‍ ചിലതും  ഇദ്ദേഹത്തിന്റേതായുണ്ട്...
മലയാളത്തിലെ പ്രമുഖരായ പല സംഗീത സംവിധായകരും അദ്ദേഹത്തിന്റെ വരികള്‍ക്ക് സംഗീതം പകരുകയും ഒട്ടുമിക്ക ഗായകരും അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തിട്ടുണ്ട്...
എങ്കിലും അര്‍ഹമായ അംഗീകാരമോ ആദരവോ അദ്ദേഹത്തിന്  ലഭിച്ചില്ല എന്നതാണ് സത്യം...
അദ്ദേഹം എഴുതിയ ഗാനങ്ങള്‍ പാട്ടുകാരുടെ പേര് ചേര്‍ത്ത് മാത്രം അറിയപ്പെട്ടു...

ഓത്തുപള്ളിയില്‍ എന്ന ഗാനം എഴുതാനുള്ള പ്രചോദനം വെറുമൊരു സങ്കല്‍പം മാത്രമല്ലെന്നും അത്തരമൊരു അനുഭവത്തിന്റെ നീറ്റല്‍ ആ വരികളിലുണ്ടെന്നും അദ്ദേഹം അന്ന് ഇവിടെയിരുന്നു പറഞ്ഞതായി ഞാനോര്‍ക്കുന്നു...

ഈ വലിയ കലാകാരന്‍ ഇന്ന് നമ്മോടൊപ്പമില്ല... ഇനിയൊരിക്കലും തിരിച്ചു വരാത്ത മറ്റൊരു ലോകത്തേക്ക് ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ അദ്ദേഹം യാത്രയായി...

വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ അദ്ദേഹം ഇവിടെ ഷാര്‍ജയിലെ എന്റെ റൂമില്‍ വന്നതും കുറെ സമയം ഇരുന്നു സംസാരിക്കാന്‍ കഴിഞ്ഞതും ഒരു വലിയ ഭാഗ്യമായി ഞാന്‍ കരുതുന്നു...
ആ അതുല്യ പ്രതിഭയുടെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ ഞാന്‍ ഈ ഗാനം സമര്‍പ്പിക്കുന്നു...

(ഈ ഗാനത്തിന്റെ ആദ്യത്തെ ട്യൂണ്‍ ഇതായിരുന്നില്ല, പിന്നീട് 1979 ല്‍ തേന്‍ തുള്ളി എന്ന ചിത്രത്തിനു വേണ്ടി കെ രാഘവന്‍ മാസ്റ്റര്‍ ഈണം നല്‍കിയതാണ് ഇപ്പോള്‍ നമ്മള്‍ കേള്‍ക്കുന്നത്...)

(ഈ ഗാനം എന്റെ ശബ്ദത്തില്‍ കേള്‍ക്കാന്‍ ഇവിടെ ക്ലിക്കുക)
http://vocaroo.com/i/s0SJpEXUyGqC

2013, ജൂൺ 17, തിങ്കളാഴ്‌ച

വെളിച്ചം നഷ്ടപ്പെട്ടവര്‍...

വര്‍ണ്ണങ്ങള്‍ നഷ്ടമായൊരു സന്ധ്യയില്‍... 
കുടിലില്‍ തെളിഞ്ഞു നിന്ന വിളക്കിന്‍ നാളം
ചാറ്റല്‍ മഴയിലണഞ്ഞു പോയി...

പാഠപുസ്തകം മടക്കിയ കുഞ്ഞ്
ഇത്തിരി വെളിച്ചത്തിന്നായ്‌
ഒരുപാടലഞ്ഞു തെരുവിലെങ്ങും...

അകത്ത് അമ്മ തന്‍ മാറില്‍
തല ചായ്ച്ച പിഞ്ചു പൈതലിന്
ഇരുളില്‍ തേങ്ങലൊരു താരാട്ടു പാട്ടായി...

ശക്തമാം ഇടിമുഴക്കത്തിന്‍ ഗാംഭീര്യത്തിലാ -
ശബ്ദങ്ങളെ
ന്നേയലിഞ്ഞില്ലാതായെങ്കിലും
ഇന്നുമെന്നാത്മാവിലെവിടെയോ
ആരെയോ കാത്തിരുന്നൊരമ്മയും രണ്ടു മക്കളും...
..............................
..............................
അവര്‍... വെളിച്ചം നഷ്ടപ്പെട്ടപ്പോള്‍...
മാഞ്ഞു പോയ ചില ചിത്രങ്ങളില്‍ ഒന്നു മാത്രം...

2013, ജൂൺ 16, ഞായറാഴ്‌ച

പാടിത്തീരും മുന്‍പേ...

"നിഴലും പൂനിലാവുമായ്‌ ദൂരെ വന്നു ശശികലാ..."
ആര്‍ എം ഹൈസ്കൂളിലെ എട്ടാം ക്ലാസ്സ്‌ ജെ യില്‍ ഒരുച്ചയ്ക്കുള്ള ഇടവേളയില്‍ അവനത് പാടുമ്പോള്‍ അവന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു...
അതെ..., അവന്‍ ഞങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരന്‍... മണി.
ക്ലാസ്സിലെ മിടുക്കന്മാരുടെ പട്ടികയില്‍ അവനും ഉണ്ടായിരുന്നു...
.............................................................................................

അവനെക്കുറിച്ച് ആദ്യമൊന്നും ഞങ്ങള്‍ക്കറിയില്ലായിരുന്നു... എന്നും ഉച്ച ഭക്ഷണ സമയത്ത് അവന്‍ പുറത്തേക്കു പോകും, പിന്നെ ഞങ്ങളൊക്കെ ഭക്ഷണം കഴിച്ചു കഴിഞ്ഞു കത്തിയടിക്കുന്ന സമയത്തോടെ അവനും ക്ലാസ്സില്‍ എത്തും...
വീട് അടുത്തുള്ള ചില കുട്ടികളൊക്കെ ഭക്ഷണം കഴിക്കാന്‍ വീട്ടില്‍ പോകുന്നത് കൊണ്ട് അവനും അങ്ങിനെയായിരിക്കും എന്നാണു കരുതിയിരുന്നത്...
ഒരു ദിവസം ഞങ്ങളുടെ ക്ലാസ്സിലെ ആരോ അത് കണ്ടെത്തുകയായിരുന്നു... പഞ്ചായത്ത് പൈപ്പില്‍ നിന്നും വെള്ളം കുടിച്ച് സ്കൂളിന്റെ മുന്നിലെ സ്മാരക തിണ്ണയില്‍ വിശ്രമിക്കുന്ന മണിയെ...
പിന്നീട് ഞങ്ങള്‍ മണിയെക്കുറിച്ച് കൂടുതല്‍ അറിഞ്ഞു...
........................................................................................................

അന്നുച്ചയ്ക്ക് മണിയെ ഞങ്ങള്‍ പുറത്തു വിടാതെ തടഞ്ഞു വെച്ചു...
എല്ലാവരുടെയും ചോറ്റുപാത്രങ്ങള്‍ തുറക്കപ്പെട്ടു... ആദ്യം തന്നെ ഓരോരുത്തരും ഓരോ പിടി ചോറുവീതം തുറന്നു വെച്ച വട്ടചെപ്പുകളുടെ മൂടിയിലേക്ക് മാറ്റി വച്ചു...
അതൊരു സദ്യയായി മണിയുടെ മുമ്പില്‍ എത്തിയപ്പോള്‍ അവന്റെ കണ്ണുകള്‍ നിറയുന്നത് കണ്ടു...
അങ്ങിനെ അന്ന് ആദ്യമായി ഞങ്ങള്‍ക്കൊപ്പം അവന്റെയും വിശപ്പ്‌ മാറി...

അന്നവന്‍ ഓരോ സഹപാഠിയുടെയും അടുത്ത് വന്ന് കാലില്‍ തൊട്ടു തൊഴുതപ്പോള്‍... ഒരു പട്ടിണിക്കാരന് ഒരു പിടി ചോറിന്റെ വില എത്രത്തോളമാണെന്നറിഞ്ഞു ഞങ്ങള്‍ ഞെട്ടി...
അതുവരെയും ഒരു ക്ലാസ്സിലും ഒരു അദ്ധ്യാപകനും പഠിപ്പിച്ചു തരാത്ത പുതിയൊരു പാഠം അവനിലൂടെ ഞങ്ങള്‍ മനസ്സിലാക്കുകയായിരുന്നു...

നമുക്ക് ചുറ്റുവട്ടങ്ങളില്‍ എവിടെയൊക്കെയോ ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും മുഖങ്ങളുണ്ടെന്ന സത്യം അന്നാദ്യമായി തിരിച്ചറിയുകയായിരുന്നു...
എല്ലാവരും അവനെ കെട്ടിപ്പിടിച്ചു...
അന്നവന്‍ ഞങ്ങള്‍ക്ക് വേണ്ടി പാടി...  "ദേവദാരു പൂത്തു എന്‍ മനസ്സിന്‍ താഴ്വരയില്‍..."
പാട്ടിന്റെ അവസാനം പൊട്ടിക്കരഞ്ഞ് അവന്‍ പുറത്തേക്കു പോയി...
.................................................................................

പിറ്റേന്നു മുതല്‍ അവനു വേണ്ടി ഒരു പാത്രം എത്തി... എല്ലാ പാത്രങ്ങളില്‍ നിന്നും ഓരോ പിടി ചോറ് വീതം അതില്‍ നിറഞ്ഞു... അങ്ങിനെ എല്ലാ ദിവസവും ഞങ്ങള്‍ ഒരുമിച്ചു ഭക്ഷണം കഴിച്ചു... അവന്‍ ഞങ്ങള്‍ക്കായി ഒരുപാട് പാട്ടുകള്‍ പാടി...

നന്നായി പാടുമായിരുന്ന അവന്‍ ഒരിക്കലും പക്ഷെ സ്കൂളിലെ സ്റ്റേജില്‍ കയറി പാടിയിട്ടില്ല... കാരണം, സ്കൂള്‍ യുവജനോല്‍സവ ദിവസങ്ങളിലും മറ്റും അവന്‍ അച്ഛനെ സഹായിക്കുകയായിരുന്നു...
..........................................................................

ചെരുപ്പ് കുത്തുന്ന ജോലിയാണ് അവന്റെ അച്ഛന്... അടുത്ത ടൗണില്‍ റോഡരികില്‍ ഇരുന്ന് ചെരുപ്പ് കുത്തുന്ന അവന്റെ അച്ഛനെ ഞങ്ങള്‍ കണ്ടിട്ടുണ്ട്... അവിടെ തന്നെ രണ്ടു പീടികകളുടെ ഇടക്ക് സ്ലാബിട്ടു മൂടിയ ഒരു കാനയുടെ മുകളില്‍ ചെറിയൊരു കൂടാരം പോലെ വലിച്ചു കെട്ടി അതിനുള്ളില്‍ തന്നെയായിരുന്നു അവര്‍ താമസിച്ചിരുന്നതും...
അമ്മയും ഒരു അനിയത്തിയും തമിഴ്‌ നാട്ടിലുള്ള വീട്ടില്‍ ഉണ്ടെന്നും വെക്കേഷന് പോകാറുണ്ടെന്നും ഒരിക്കല്‍ അവന്‍ പറഞ്ഞിരുന്നു...

അങ്ങിനെയിരിക്കെ ഒരിക്കല്‍ അവന്‍ സ്കൂളില്‍ വരാതായി... അന്വേഷിച്ചു ചെന്ന ഞങ്ങള്‍ക്ക് നിരാശയായിരുന്നു ഫലം... ആ ചെരുപ്പ് കുത്തിയും കൂടാരവും അപ്രത്യക്ഷമായിരിക്കുന്നു...

എങ്കിലും അവന്‍ വരുമെന്ന് തന്നെ ഞങ്ങള്‍ പ്രതീക്ഷിച്ചു... പക്ഷെ...,പിന്നീടൊരിക്കലും അവന്‍ വന്നില്ല...

പെട്ടെന്നൊരു ദിവസം ആരോടും പറയാതെ അവനും അച്ഛനും എങ്ങോട്ടായിരിക്കും പോയതെന്ന ചോദ്യം ഞങ്ങളില്‍ ഒരു കടങ്കഥയായി മാറി...
..............................................................................................

ഇന്നും ഈ പാട്ട് കേള്‍ക്കുമ്പോള്‍ ക്ലാസ്സ്‌ റൂമില്‍ സഹപാഠികള്‍ക്കായി പാടുന്ന മണിയും റോഡരികില്‍ ഇരുന്നു ചെരുപ്പ് കുത്തുന്ന അവന്റെ അച്ഛനും.. അവനിലൂടെ ഞങ്ങള്‍ കേട്ടറിഞ്ഞ അവരെ കാത്തു കഴിയുന്ന ഒരമ്മയും അനിയത്തിയുമൊക്കെ മനസ്സിലേക്ക് കടന്നു വരുന്നു...

മണിയും അച്ഛനും ആ അമ്മയുടെയും അനിയത്തിക്കുട്ടിയുടെയും അടുത്തെത്തിയിട്ടുണ്ടാവുംമെന്നും ആ കുടുംബം എവിടെയെങ്കിലും പട്ടിണിയും ദാരിദ്ര്യവും ഇല്ലാതെ ജീവിക്കുന്നുണ്ടാവും എന്നും കരുതാം നമുക്ക്...

"പ്രിയപ്പെട്ട കൂട്ടുകാരാ... എവിടെയായാലും എല്ലാവിധ നന്മകളും ഉണ്ടാവട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു..."


(ചിത്രത്തിലുള്ള ചെറിയ മരത്തിന്റെ നേരെ പിന്നിലായി കാണുന്നതാണ് അന്നത്തെ ഞങ്ങളുടെ എട്ടാം ക്ലാസ്സ്‌)
...................................................................
ഗാനം - ദേവദാരു പൂത്തു...
ഗാന രചന - ചുനക്കര രാമന്‍കുട്ടി
സംഗീതം - ശ്യാം
ചിത്രം - എങ്ങിനെ നീ മറക്കും (1983)

(ഹൃദയഗാനം എന്റെ ശബ്ദത്തില്‍ കേള്‍ക്കാന്‍ ഇവിടെ ക്ലിക്കുക)
http://vocaroo.com/i/s0ZavN7DNdD9


2013, ജൂൺ 14, വെള്ളിയാഴ്‌ച

മഞ്ഞു തുള്ളികള്‍...
ഒരിയ്ക്കലുമെന്നോര്‍മ്മയില്‍ കുളിരേകുന്നില്ല
മഞ്ഞില്‍ മരവിച്ചുണരുന്ന സൂര്യനും മരിക്കുന്ന സന്ധ്യയും...

മഞ്ഞു കാല സന്ധ്യകളിലെവിടെയോ 
മറഞ്ഞിരുന്ന മരണത്തിന്റെ തണുപ്പ്...

എന്‍ നെഞ്ചില്‍ തല ചായ്ച്ചു മയങ്ങിയവള്‍... 
പിന്നെയുണരാതെ... തണുത്ത്...
ഒരു നേര്‍ത്ത മഞ്ഞിന്‍ കണമായ്...,
മരവിച്ചുപോയ്‌ മഞ്ഞു പെയ്യുന്ന രാത്രിയും... ഞാനും...

പിന്നെയെന്‍ അച്ഛനും എന്നെ തനിച്ചാക്കി 
മൃത്യുവില്‍ ലയിച്ചതും തണുപ്പുള്ള മറ്റൊരു സന്ധ്യയില്‍...
അന്നെന്‍ അച്ഛന് ചുംബനം നല്‍കി ഞാന്‍...
അച്ഛന്റെ മേനിയൊരു മഞ്ഞിന്‍ കണം പോലെ...

മഞ്ഞില്‍ ചിരിക്കുന്നു മരണം പിന്നെയും...
ഹിമ ശില പോലെ ഞാനും മരവിച്ച്...

ഇനിയുമെന്‍ തണുത്ത യാത്രയെപ്പോഴെന്നറിയില്ല...
അന്നും ഇതുപോലെ... മഞ്ഞും ... തണുപ്പും...!!!

2013, ജൂൺ 11, ചൊവ്വാഴ്ച

ഓര്‍മ്മകള്‍ക്കിന്നും എന്തൊരു അഴക്‌...


കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ്‌...,

അന്നു ഞാന്‍ ഷാര്‍ജയില്‍ എത്തിയിട്ട് അധികനാളുകള്‍ ആയിട്ടുണ്ടായിരുന്നില്ല...
സ്വന്തമായി സംഗീതം ചെയ്ത് ഒരു കാസറ്റ് ഇറക്കുക എന്നത് അന്നത്തെ എന്റെ ഒരു സ്വപനമായിരുന്നു...

അങ്ങിനെയിരിക്കെ വളരെ യാദൃശ്ചികാമായാണ് ഇവിടെ ഒരു സ്റ്റുഡിയോയില്‍ ജോലി ചെയ്യുകയായിരുന്ന റഷീദുമായി ഞാന്‍ പരിചയപ്പെടുന്നത്...
നന്നായി വരികള്‍ എഴുതുമായിരുന്ന റഷീദും 'ഒരു കാസറ്റ്‌ ' എന്ന സ്വപ്നവുമായി നടക്കുകയായിരുന്നു...

അന്ന് ഒരു വെള്ളിയാഴ്ച വൈകുന്നേരത്തില്‍ എന്റെ സുഹൃത്ത്‌ റഷീദ്‌ എഴുതിയ വരികള്‍ക്ക് ഞാന്‍ സംഗീതം നല്‍കി...
ആദ്യ ഗാനം ചെയ്തു കഴിഞ്ഞപ്പോള്‍... 'ഇത് കൊള്ളാം... ഇനിയും തുടരാം...' എന്ന് ഞങ്ങള്‍ക്ക്‌ തോന്നി...
പിന്നെ പുതിയ പാട്ടുകളുടെ ജനനം തന്നെയായിരുന്നു...

ചെയ്ത പാട്ടുകളൊക്കെ കേള്‍ക്കാനുള്ള ഞങ്ങളുടെ ഇരകള്‍ ഇവിടെ സൂപ്പര്‍ മാര്‍ക്കറ്റ്‌ നടത്തുകയായിരുന്ന അഹമ്മദ്‌ എന്ന സുഹൃത്തും അവിടെ തന്നെയുള്ള റഷീദ്‌ തേവലക്കര എന്ന മറ്റൊരു സുഹൃത്തും ആയിരുന്നു...
എല്ലാദിവസവും രാത്രി പന്ത്രണ്ടു മണിക്ക് അവരുടെ കടയടച്ചു കഴിഞ്ഞാല്‍ അവര്‍ എന്റെ റൂമില്‍ വരും. പുതുതായി ചെയ്ത പാട്ടുകള്‍ കേട്ട് അഭിപ്രായം പറയും... ഒടുവില്‍ ഒരു കാസറ്റ് ഇറക്കാനുള്ള പാട്ടുകള്‍ ആയിക്കഴിഞ്ഞപ്പോള്‍...
"ഇതിന്റെ നിര്‍മ്മാണം ഞാന്‍ ഏറ്റെടുക്കുന്നു" എന്ന് റഷീദ്‌...

അങ്ങിനെ 1999 ല്‍ പാലക്കാട് 'ശ്രീ രാഗം റെക്കോര്‍ഡിങ്ങ് സ്റ്റുഡിയോ'യില്‍ മാര്‍ക്കോസും, കണ്ണൂര്‍ ഷരീഫും, രഹനയും, ബേബി നാസ്നിനും പാടുമ്പോള്‍ ഞങ്ങളുടെയൊക്കെ വലിയൊരു സ്വപ്നം സാക്ഷാല്‍ക്കരിക്കുകയായിരുന്നു...
ആ സന്തോഷം എത്രമാത്രമായിരുന്നുവെന്ന് പറഞ്ഞറിയിക്കാന്‍ ഇന്നും എനിക്ക് വാക്കുകള്‍ ഇല്ല...

അതെ.... 1999 ല്‍ അഴക്‌ എന്ന കാസറ്റിന് വേണ്ടി ഞാന്‍ ആദ്യമായി സംഗീതം നല്‍കിയ ഗാനം...

"മാനിമ്പ പുതുനാരീ..."

കണ്ണൂര്‍ ഷരീഫും , രഹനയും ചേര്‍ന്ന് പാടിയിരിക്കുന്നു...

(അന്ന് ഈ കാസറ്റ് ആദ്യം 'ഓഡിയോഏഷ്യ' യും പിന്നീട് 'വനില മുസിക്‌ ' എന്ന കമ്പനിയും വിപണിയില്‍ എത്തിക്കുകയുണ്ടായി...)

(ഹൃദയഗാനം കേള്‍ക്കാന്‍ ഇവിടെ ക്ലിക്കുക)
http://vocaroo.com/i/s0BOj2BNogRu