2013, ജൂൺ 27, വ്യാഴാഴ്‌ച

നിറം മങ്ങാത്ത ഓര്‍മ്മകള്‍...

"ഒരു മലര്‍ കൊണ്ട് നമ്മള്‍ ഒരു വസന്തം തീര്‍ക്കും...
ഒരു തിരി കൊണ്ട് നമ്മള്‍ ഒരു കാര്‍ത്തിക തീര്‍ക്കും..."

ഓര്‍മ്മകള്‍ അതിവേഗം പിന്നിലേക്ക്‌ പായുകയാണ്...
ഇപ്പോഴും ഈ ഗാനം കേള്‍ക്കുമ്പോള്‍ അറിയാതെ ഞാനും ആ പഴയ സ്കൂള്‍ വിദ്യാര്‍ഥിയായി മാറുന്നു...
അന്നത്തെ കൗമാര കാമുകീകാമുകന്മാര്‍ പാടി നടന്ന ഹിറ്റ്‌ ഗാനം... ഹൃദയങ്ങളില്‍ അവര്‍ അവരുടെ പ്രണയത്തോടൊപ്പം ഈ ഗാനവും സൂക്ഷിച്ചിരുന്നു...

പെരിഞ്ഞനം കുറ്റിലക്കടവ്‌ ആര്‍ എം ഹൈസ്കൂളിലെ യുവജനോല്‍സവ വേദിയില്‍ കൂട്ടുകാരായ ഷാജിയും നസീറും ഈ ഗാനം ആലപിക്കുമ്പോള്‍ ഞാന്‍ പെണ്‍കുട്ടികള്‍ ഇരിക്കുന്ന ഭാഗത്തേക്ക് ഒന്ന് ഒളികണ്ണിട്ടു...
ഉവ്വ് ... ചില കണ്ണുകള്‍ എന്നെ നോക്കുന്നുണ്ട്... മൂകമായി അവര്‍ എന്നോടും ഞാന്‍ ഒരേ സമയം ഒന്നില്‍ കൂടുതല്‍ പേരോടും കണ്ണുകള്‍ കൊണ്ട് കഥ പറഞ്ഞു... ;-)

ഞാന്‍ ആദ്യമായി പ്രണയിച്ചത് എപ്പോഴാണെന്ന് ഓര്‍മ്മയില്ല... മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴായിരുന്നോ എന്റെ ആദ്യ പ്രണയംഎന്നൊരു സംശയം ഇല്ലാതില്ല... അത് മറ്റാരോടുമല്ല പഠിപ്പിക്കുന്ന ടീച്ചറിനോട് തന്നെ... ;-)

ഹൈസ്കൂള്‍ പഠന കാലത്ത്‌ എനിക്ക് പ്രത്യേകിച്ച് പ്രണയങ്ങള്‍ ഒന്നും എടുത്ത് പറയാനില്ല... എന്റെ കൂട്ടുകാര്‍ക്ക് മിക്കവര്‍ക്കും പ്രണയങ്ങള്‍ ഉണ്ടായിരുന്നു... അവര്‍ കണ്‍കള്‍ കൊണ്ടും പുസ്തകത്താളുകളില്‍ ഒളിപ്പിച്ച തുണ്ടു കടലാസിലൂടെയും പ്രണയിക്കുന്നത് ഞാന്‍ കൊതിയോടെ നോക്കി നിന്നു...
എനിക്കും അങ്ങിനെയൊക്കെ ആവണമെന്നുണ്ടായിരുന്നു... പക്ഷെ, പെണ്‍കുട്ടികളോട് സംസാരിക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ മുട്ടുകാല്‍ വിറയ്ക്കുന്നതും നെഞ്ചിടിപ്പ് കൂടുന്നതും തൊണ്ട വരളുന്നതും ഞാനറിഞ്ഞു... (പിന്നീട് എന്നെ കാണുമ്പോള്‍ പെണ്‍കുട്ടികളുടെ നെഞ്ചിടിപ്പ് കൂടാന്‍ തുടങ്ങി എന്നത് വേറെ കാര്യം)
അങ്ങിനെയൊരു 'പേടിച്ചു മരണം' എനിക്ക് പേടിയായതിനാല്‍ അത്തരമൊരു ദൗത്യത്തില്‍ നിന്നും ഞാന്‍ സ്വയം പിന്മാറുകയായിരുന്നു...
എങ്കിലും അന്ന് സ്കൂളിലെ കാമുകീ കാമുകന്മാര്‍ കൈമാറിയിരുന്ന പ്രണയലേഖനങ്ങളിലെ സാഹിത്യം തുളുമ്പുന്ന വരികള്‍ പലതും എന്റെ സംഭാവനയായിരുന്നു...
തിരക്ക് കൂടുമ്പോള്‍ ഒരേ വരികള്‍ തന്നെ "ഇത് പുതിയതാണ് മറ്റാര്‍ക്കും കൊടുത്തിട്ടില്ല" എന്നും പറഞ്ഞ് ഒന്നിലധികം പേര്‍ക്ക് കൊടുക്കുമായിരുന്നു... അങ്ങിനെ പലര്‍ക്കായി കൊടുത്ത ഒരേപോലെയുള്ള വരികള്‍ ഒരാള്‍ക്ക് തന്നെ കിട്ടിയതും മറ്റൊരു കഥ...
എന്തായാലും നാലുപേരറിയെ ഒരു കാമുകന്‍ ആവാനുള്ള ധൈര്യം കിട്ടുന്നത് വരെ ഞാനീ സൗജന്യ സേവനം തുടര്‍ന്നു നിര്‍വൃതിയടഞ്ഞു...

ചില പെണ്‍കുട്ടികള്‍ എന്നോട് കാണിച്ച അവരുടെ ഇഷ്ടങ്ങളില്‍ നിന്നും ഞാന്‍ തെന്നി മാറിയെങ്കിലും ഞാന്‍ അവരെയൊക്കെ ഉള്ളിന്റെയുള്ളില്‍ പ്രണയിച്ചിരുന്നു...
കൂട്ടുകാര്‍ പോലും അറിയാതെ എന്റെ മനസ്സില്‍ മാത്രം ഒതുങ്ങിയ മൂക പ്രണയങ്ങള്‍...

ചുരുക്കിപ്പറഞ്ഞാല്‍ സ്കൂള്‍ പഠനകാലത്ത്‌ എനിക്കും പ്രണയങ്ങള്‍ ഒരുപാടുണ്ടായിരുന്നു... പക്ഷെ അന്നത്തെ എന്റെ എല്ലാ പ്രണയങ്ങളിലും അത് അറിയാത്ത ഒരാള്‍മാത്രം ബാക്കിയാവുമായിരുന്നു... അത് മറ്റാരുമല്ല... ഞാന്‍ ആരെയാണോ പ്രണയിക്കുന്നത് അവര്‍ തന്നെ... ;-)

ഹൈസ്കൂള്‍ വിട്ട ശേഷം പ്രണയങ്ങളുടെ പെരുമഴക്കാലം തന്നെ ഉണ്ടായിരുന്നു എന്ന് പറയാം... എങ്കിലും വര്‍ഷങ്ങള്‍ക്കു ശേഷമാണ് തീരെ പ്രതീക്ഷിക്കാതെ ഒരിക്കല്‍ ആദ്യമായി ഒരു പെണ്‍കുട്ടി എനിക്കൊരു പ്രണയലേഖനം ഇങ്ങോട്ട് തരുന്നത്... അത് കിട്ടിയതിന്റെ പിറ്റേന്ന് ഞാന്‍ പനി പിടിച്ചു ആശുപത്രിയിലായത് കൂട്ടുകാര്‍ക്കിടയില്‍ വലിയൊരു തമാശയായതും മറ്റൊരു കഥ...

എനിയ്ക്കാദ്യമായി കിട്ടിയ ആ പ്രണയലേഖനം തിരികെ നല്‍കി, ആ അനിയത്തിക്കുട്ടിക്ക്‌ കുറച്ച് ഉപദേശങ്ങളും നല്‍കി തിരിഞ്ഞു നടന്നതും, കൗമാര പ്രണയങ്ങളുടെ പെരുമാഴക്കാലത്തിലെ വെള്ളപ്പൊക്കത്തില്‍ മുങ്ങിത്താഴ്ന്ന മറ്റു കഥകളും മറ്റൊരവസരത്തില്‍ പറയാം...


ഇനിയും നിറം മങ്ങാത്ത ആ കൗമാര കാലത്തിന്റെ ഓര്‍മ്മയില്‍...
അന്നെന്റെ പ്രണയങ്ങളില്‍ നിന്നും രക്ഷപ്പെട്ട എന്റെ കാമുകിമാര്‍ക്കായി ഞാന്‍ പാടുന്ന ഈ ഗാനം കേള്‍ക്കൂ... :-)

"പാടാം നമുക്ക് പാടാം..."
ഗാന രചന - ശ്രീ കുമാരന്‍ തമ്പി
സംഗീതം - രവീന്ദ്രന്‍
ചിത്രം - യുവജനോല്‍സവം (1986)

6 അഭിപ്രായങ്ങൾ:

 1. പക്ഷെ അന്നത്തെ എന്റെ എല്ലാ പ്രണയങ്ങളിലും അത് അറിയാത്ത ഒരാള്‍മാത്രം ബാക്കിയാവുമായിരുന്നു... അത് മറ്റാരുമല്ല... ഞാന്‍ ആരെയാണോ പ്രണയിക്കുന്നത് അവര്‍ തന്നെ... ;-)

  സ്കൂൾകാല പ്രണയങ്ങളിൽ ഈ പ്രശ്നം അഭിമുഖീകരിയ്ക്കാത്തവർ വളരെ കുറവായിരിയ്ക്കും.... :) :)

  മറുപടിഇല്ലാതാക്കൂ
 2. നിങ്ങള്‍ എഴുതിയതെല്ലാം എന്റെ അനുഭവങ്ങള്‍ കൂടിയാണ്. കൂലിക്ക് പ്രണയലേഖനങ്ങള്‍ എഴുതുന്ന പണി എനിക്കും ഉണ്ടായിയൂന്നു.

  മറുപടിഇല്ലാതാക്കൂ
 3. നന്ദി... എല്ലാവര്‍ക്കും... :-)

  മറുപടിഇല്ലാതാക്കൂ
 4. ഓർമ്മകൾക്കെന്തു സുഗന്ധം! നല്ല പോസ്റ്റ്‌. ആശംസകൾ.

  മറുപടിഇല്ലാതാക്കൂ
 5. ഓർമ്മകൾക്കെന്തു സുഗന്ധം! നല്ല പോസ്റ്റ്‌. ആശംസകൾ.

  മറുപടിഇല്ലാതാക്കൂ