2014 ഫെബ്രുവരി 22, ശനിയാഴ്‌ച

പലായനം...

"ഒടുവില്‍ നീ ഇറങ്ങി അല്ലെ..."
അവളുടെ ശബ്ദം ഇടറിയിരുന്നു...

"അതെ... മരണമെത്തും മുന്‍പേ എനിക്കിറങ്ങേണ്ടി വന്നു... അതല്ലാതെ വേറെ നിവൃത്തിയുണ്ടായിരുന്നില്ല... ഈ യാത്രയില്‍ എന്നെ യാത്രയാക്കാന്‍ എനിക്ക് പിന്നില്‍ കണ്ണീരോടെ ആരും ഉണ്ടായിരുന്നുമില്ല..."

"ഉം.... "
അവള്‍ അനന്തതയിലേക്ക് കണ്ണു നട്ടു...

"ഞാനെന്റെ ആതമാവ് നല്‍കി... പക്ഷെ അവള്‍ അവളുടെ ശരീരത്തിന് വിലപേശി...
അതായിരുന്നു എന്റെ ആദ്യ പരാജയം...
ഹൃദയം തകര്‍ന്നു പോയ എന്നെ അവര്‍ ഭ്രാന്തനെന്നു മുദ്രകുത്തി... പരിഹസിച്ചു...
അവര്‍ സമൂഹത്തില്‍ മാന്യതയുടെ കുപ്പായമണിഞ്ഞിരുന്നു...

അഭിസാരികകള്‍ക്ക് വേണ്ടി അവര്‍ എന്റെ വേരുകള്‍ അറുക്കാന്‍ ശ്രമിച്ചു... ചിരിയും ചിന്തകളും അവര്‍ ആയുധമാക്കി...
അവര്‍ രക്തബന്ധത്തിന്റെയും ആത്മീയതയുടെയും മുഖം മൂടികള്‍ ധരിച്ചിരുന്നു... പക്ഷെ അവരുടെ ഹൃദയം പിശാചിനെക്കാളും നീചമായിരുന്നു..."

"ഉവ്വ് എനിക്കറിയാം അവരെയൊക്കെ... ദുരന്തങ്ങളിലും മരണത്തിലും മധുരം വിളമ്പാന്‍ അവരെത്തും... അവരെന്നും അങ്ങിനെയായിരുന്നു... ഇപ്പൊ അവരുടെ പിന്‍ഗാമികളും അത് തുടരുന്നുണ്ട് അല്ലെ... പക്ഷെ കാലം ചിലതൊക്കെ അവരെ പഠിപ്പിക്കാതിരിക്കില്ല"
അനന്തതയില്‍ നിന്നും മിഴികള്‍ പിന്‍വലിക്കാതെ അവള്‍ പറഞ്ഞു...

"വന്നവര്‍ക്കൊന്നും അഭിസാരികയോളം മാന്യതയുണ്ടായിരുന്നില്ല... അതോടെ എല്ലാം നാശത്തിന്റെ വഴിയിലാവുകയായിരുന്നു...
മുറ്റത്തെ പൂക്കാലം മാഞ്ഞു... ഇലകള്‍ പൊഴിഞ്ഞു... കരിഞ്ഞുണങ്ങിയ ചില്ലകളില്‍ നിന്നും പക്ഷികള്‍ പറന്നകന്നു..."

"ഉം..." അവളുടെ ശബ്ദത്തിന്റെ ഇടര്‍ച്ച കൂടിയിരുന്നു...
ഞാന്‍ തുടര്‍ന്നു...

"മുറ്റത്തെ മുല്ലത്തൈകള്‍ ഞാനെന്റെ പ്രിയപ്പെട്ടവര്‍ക്കരികില്‍ നട്ടു... എന്നെ ജീവനുതുല്യം സ്നേഹിച്ചു കൊതി തീരും മുന്‍പേ യാത്രയാകേണ്ടി വന്നവര്‍ക്കരികില്‍....
കാലം മായ്ച്ചു വരച്ച ചിത്രങ്ങളില്‍ ഞാന്‍ തനിച്ചായി...
ഒടുവില്‍ ഞാന്‍ എനിക്കു തന്നെ അന്യനായി മാറിയപ്പോള്‍... ഇനി ഇറങ്ങുന്നതാണ് നല്ലതെന്ന് തോന്നി...പക്ഷേ...."

"എന്താ..."
എന്നിലേക്ക് മുഖം തിരിച്ച അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു...

"ഇറങ്ങുന്നതിനു മുന്‍പ് ... ഒടുവില്‍ ബാക്കിയായ മൗനത്തിന്‍ ഇടനാഴിയില്‍ ഇനിയും മരിക്കാത്ത സ്മൃതികളെ നെഞ്ചോടു ചേര്‍ത്ത് വെച്ച് ഒന്നു പെയ്തൊഴിയണമെന്നുണ്ടായിരുന്നു..."

"നിനക്ക് കരയാനും ചിരിക്കാനും പറയാനുമെല്ലാം നിന്റെ ആത്മാവിന്റെ നിഴലായ ഈ ഹൃദയം ഞാന്‍ തുറന്നു വെച്ചിട്ടുണ്ടല്ലോ... ഇനിയും നിര്‍വ്വചിക്കാന്‍ കഴിയാത്ത ഈ ആത്മബന്ധത്തില്‍ നമ്മളെല്ലാം സൂക്ഷിച്ചു വെച്ചിട്ടുമുണ്ട്... ജന്മങ്ങള്‍ക്കപ്പുറത്തെന്നോ വീണ്ടും നമ്മള്‍ കൂടപ്പിറപ്പുകളായി ഈ മുറ്റത്തേക്കു തന്നെ തിരിച്ചു വരുന്ന ഒരു കാലത്തെ കാത്ത്..."
അവളെന്നെ ചേര്‍ത്തു പിടിച്ചു...

ഇപ്പോള്‍ ഞാനെന്നെ തിരിച്ചറിയുന്നു... കണ്ണീരോടെ അവളിലേക്ക്‌...
ഇനി ഞാനൊന്നു പൊട്ടിക്കരയട്ടെ... എല്ലാ നഷ്ടങ്ങളെയും സ്മൃതികളെയും ചേര്‍ത്തുപിടിച്ച്...
അവളുടെ കൈയ്യില്‍ സൂക്ഷിച്ചിരുന്ന വാഴയിലപ്പൊതിയില്‍ നിന്നും മുല്ലപ്പൂക്കള്‍ സുഗന്ധം പരത്തി...
പെയ്തൊഴിയുന്ന ആത്മാവിലേക്ക് മരണത്തിന്റെ താഴ്വരയില്‍ നിന്നും തഴുകിയെത്തുന്ന വാത്സല്യത്തിന്റെ ആ സുഗന്ധം മെല്ലെ പടര്‍ന്നിറങ്ങി...
.................................................................................................

2013 ജൂൺ 27, വ്യാഴാഴ്‌ച

നിറം മങ്ങാത്ത ഓര്‍മ്മകള്‍...

"ഒരു മലര്‍ കൊണ്ട് നമ്മള്‍ ഒരു വസന്തം തീര്‍ക്കും...
ഒരു തിരി കൊണ്ട് നമ്മള്‍ ഒരു കാര്‍ത്തിക തീര്‍ക്കും..."

ഓര്‍മ്മകള്‍ അതിവേഗം പിന്നിലേക്ക്‌ പായുകയാണ്...
ഇപ്പോഴും ഈ ഗാനം കേള്‍ക്കുമ്പോള്‍ അറിയാതെ ഞാനും ആ പഴയ സ്കൂള്‍ വിദ്യാര്‍ഥിയായി മാറുന്നു...
അന്നത്തെ കൗമാര കാമുകീകാമുകന്മാര്‍ പാടി നടന്ന ഹിറ്റ്‌ ഗാനം... ഹൃദയങ്ങളില്‍ അവര്‍ അവരുടെ പ്രണയത്തോടൊപ്പം ഈ ഗാനവും സൂക്ഷിച്ചിരുന്നു...

പെരിഞ്ഞനം കുറ്റിലക്കടവ്‌ ആര്‍ എം ഹൈസ്കൂളിലെ യുവജനോല്‍സവ വേദിയില്‍ കൂട്ടുകാരായ ഷാജിയും നസീറും ഈ ഗാനം ആലപിക്കുമ്പോള്‍ ഞാന്‍ പെണ്‍കുട്ടികള്‍ ഇരിക്കുന്ന ഭാഗത്തേക്ക് ഒന്ന് ഒളികണ്ണിട്ടു...
ഉവ്വ് ... ചില കണ്ണുകള്‍ എന്നെ നോക്കുന്നുണ്ട്... മൂകമായി അവര്‍ എന്നോടും ഞാന്‍ ഒരേ സമയം ഒന്നില്‍ കൂടുതല്‍ പേരോടും കണ്ണുകള്‍ കൊണ്ട് കഥ പറഞ്ഞു... ;-)

ഞാന്‍ ആദ്യമായി പ്രണയിച്ചത് എപ്പോഴാണെന്ന് ഓര്‍മ്മയില്ല... മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴായിരുന്നോ എന്റെ ആദ്യ പ്രണയംഎന്നൊരു സംശയം ഇല്ലാതില്ല... അത് മറ്റാരോടുമല്ല പഠിപ്പിക്കുന്ന ടീച്ചറിനോട് തന്നെ... ;-)

ഹൈസ്കൂള്‍ പഠന കാലത്ത്‌ എനിക്ക് പ്രത്യേകിച്ച് പ്രണയങ്ങള്‍ ഒന്നും എടുത്ത് പറയാനില്ല... എന്റെ കൂട്ടുകാര്‍ക്ക് മിക്കവര്‍ക്കും പ്രണയങ്ങള്‍ ഉണ്ടായിരുന്നു... അവര്‍ കണ്‍കള്‍ കൊണ്ടും പുസ്തകത്താളുകളില്‍ ഒളിപ്പിച്ച തുണ്ടു കടലാസിലൂടെയും പ്രണയിക്കുന്നത് ഞാന്‍ കൊതിയോടെ നോക്കി നിന്നു...
എനിക്കും അങ്ങിനെയൊക്കെ ആവണമെന്നുണ്ടായിരുന്നു... പക്ഷെ, പെണ്‍കുട്ടികളോട് സംസാരിക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ മുട്ടുകാല്‍ വിറയ്ക്കുന്നതും നെഞ്ചിടിപ്പ് കൂടുന്നതും തൊണ്ട വരളുന്നതും ഞാനറിഞ്ഞു... (പിന്നീട് എന്നെ കാണുമ്പോള്‍ പെണ്‍കുട്ടികളുടെ നെഞ്ചിടിപ്പ് കൂടാന്‍ തുടങ്ങി എന്നത് വേറെ കാര്യം)
അങ്ങിനെയൊരു 'പേടിച്ചു മരണം' എനിക്ക് പേടിയായതിനാല്‍ അത്തരമൊരു ദൗത്യത്തില്‍ നിന്നും ഞാന്‍ സ്വയം പിന്മാറുകയായിരുന്നു...
എങ്കിലും അന്ന് സ്കൂളിലെ കാമുകീ കാമുകന്മാര്‍ കൈമാറിയിരുന്ന പ്രണയലേഖനങ്ങളിലെ സാഹിത്യം തുളുമ്പുന്ന വരികള്‍ പലതും എന്റെ സംഭാവനയായിരുന്നു...
തിരക്ക് കൂടുമ്പോള്‍ ഒരേ വരികള്‍ തന്നെ "ഇത് പുതിയതാണ് മറ്റാര്‍ക്കും കൊടുത്തിട്ടില്ല" എന്നും പറഞ്ഞ് ഒന്നിലധികം പേര്‍ക്ക് കൊടുക്കുമായിരുന്നു... അങ്ങിനെ പലര്‍ക്കായി കൊടുത്ത ഒരേപോലെയുള്ള വരികള്‍ ഒരാള്‍ക്ക് തന്നെ കിട്ടിയതും മറ്റൊരു കഥ...
എന്തായാലും നാലുപേരറിയെ ഒരു കാമുകന്‍ ആവാനുള്ള ധൈര്യം കിട്ടുന്നത് വരെ ഞാനീ സൗജന്യ സേവനം തുടര്‍ന്നു നിര്‍വൃതിയടഞ്ഞു...

ചില പെണ്‍കുട്ടികള്‍ എന്നോട് കാണിച്ച അവരുടെ ഇഷ്ടങ്ങളില്‍ നിന്നും ഞാന്‍ തെന്നി മാറിയെങ്കിലും ഞാന്‍ അവരെയൊക്കെ ഉള്ളിന്റെയുള്ളില്‍ പ്രണയിച്ചിരുന്നു...
കൂട്ടുകാര്‍ പോലും അറിയാതെ എന്റെ മനസ്സില്‍ മാത്രം ഒതുങ്ങിയ മൂക പ്രണയങ്ങള്‍...

ചുരുക്കിപ്പറഞ്ഞാല്‍ സ്കൂള്‍ പഠനകാലത്ത്‌ എനിക്കും പ്രണയങ്ങള്‍ ഒരുപാടുണ്ടായിരുന്നു... പക്ഷെ അന്നത്തെ എന്റെ എല്ലാ പ്രണയങ്ങളിലും അത് അറിയാത്ത ഒരാള്‍മാത്രം ബാക്കിയാവുമായിരുന്നു... അത് മറ്റാരുമല്ല... ഞാന്‍ ആരെയാണോ പ്രണയിക്കുന്നത് അവര്‍ തന്നെ... ;-)

ഹൈസ്കൂള്‍ വിട്ട ശേഷം പ്രണയങ്ങളുടെ പെരുമഴക്കാലം തന്നെ ഉണ്ടായിരുന്നു എന്ന് പറയാം... എങ്കിലും വര്‍ഷങ്ങള്‍ക്കു ശേഷമാണ് തീരെ പ്രതീക്ഷിക്കാതെ ഒരിക്കല്‍ ആദ്യമായി ഒരു പെണ്‍കുട്ടി എനിക്കൊരു പ്രണയലേഖനം ഇങ്ങോട്ട് തരുന്നത്... അത് കിട്ടിയതിന്റെ പിറ്റേന്ന് ഞാന്‍ പനി പിടിച്ചു ആശുപത്രിയിലായത് കൂട്ടുകാര്‍ക്കിടയില്‍ വലിയൊരു തമാശയായതും മറ്റൊരു കഥ...

എനിയ്ക്കാദ്യമായി കിട്ടിയ ആ പ്രണയലേഖനം തിരികെ നല്‍കി, ആ അനിയത്തിക്കുട്ടിക്ക്‌ കുറച്ച് ഉപദേശങ്ങളും നല്‍കി തിരിഞ്ഞു നടന്നതും, കൗമാര പ്രണയങ്ങളുടെ പെരുമാഴക്കാലത്തിലെ വെള്ളപ്പൊക്കത്തില്‍ മുങ്ങിത്താഴ്ന്ന മറ്റു കഥകളും മറ്റൊരവസരത്തില്‍ പറയാം...


ഇനിയും നിറം മങ്ങാത്ത ആ കൗമാര കാലത്തിന്റെ ഓര്‍മ്മയില്‍...
അന്നെന്റെ പ്രണയങ്ങളില്‍ നിന്നും രക്ഷപ്പെട്ട എന്റെ കാമുകിമാര്‍ക്കായി ഞാന്‍ പാടുന്ന ഈ ഗാനം കേള്‍ക്കൂ... :-)

"പാടാം നമുക്ക് പാടാം..."
ഗാന രചന - ശ്രീ കുമാരന്‍ തമ്പി
സംഗീതം - രവീന്ദ്രന്‍
ചിത്രം - യുവജനോല്‍സവം (1986)

2013 ജൂൺ 19, ബുധനാഴ്‌ച

ഓര്‍മ്മയിലൊരു മയില്‍പ്പീലിത്തുണ്ട്...

"പാഠപുസ്തകത്തില്‍ മയില്‍പ്പീലി വെച്ചുകൊണ്ട്....
പീലി പെറ്റ് കൂട്ടുമെന്ന് നീ പറഞ്ഞു പണ്ട്..."

ബാല്യകാല ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോകുകയും മനസ്സിലൊരു നൊമ്പരം പടര്‍ത്തുകയും ചെയ്യുന്ന "ഓത്തുപള്ളിയിലന്നു നമ്മള് പോയിരുന്ന കാലം..." എന്ന് തുടങ്ങുന്ന ഒരു പഴയ ഗാനം ഇന്നും നമ്മുടെയൊക്കെ മനസ്സുകളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്...

ഈ ഗാനത്തിന്റെ രചയിതാവായ പി. ടി. അബ്ദുല്‍റഹ് മാന്‍ സാഹിബ് , 2001 വര്‍ഷത്തില്‍ ഇവിടെ ഷാര്‍ജയിലെ എന്റെ റൂമില്‍ വന്നിട്ടുണ്ട്...

അല്പം പോലും ജാഡയില്ലാതെ എത്ര ലളിതമായാണ് അദ്ദേഹം സംസാരിച്ചത്... കലയോടുള്ള ആത്മസമര്‍പ്പണത്തിനിടയില്‍ പണമുണ്ടാക്കാന്‍ മറന്നു പോയ, അല്ല... കലയ്ക്ക് വില പറയാതിരുന്ന പഴയ കലാകാരന്മാരുടെ പട്ടികയിലെ മറ്റൊരു അതുല്യ പ്രതിഭ...

മാപ്പിളപ്പാട്ടുകളിലെ പഴയ ഹിറ്റുകളില്‍ കുറെയധികം ഗാനങ്ങളും സിനിമാഗാനങ്ങളില്‍ ചിലതും  ഇദ്ദേഹത്തിന്റേതായുണ്ട്...
മലയാളത്തിലെ പ്രമുഖരായ പല സംഗീത സംവിധായകരും അദ്ദേഹത്തിന്റെ വരികള്‍ക്ക് സംഗീതം പകരുകയും ഒട്ടുമിക്ക ഗായകരും അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തിട്ടുണ്ട്...
എങ്കിലും അര്‍ഹമായ അംഗീകാരമോ ആദരവോ അദ്ദേഹത്തിന്  ലഭിച്ചില്ല എന്നതാണ് സത്യം...
അദ്ദേഹം എഴുതിയ ഗാനങ്ങള്‍ പാട്ടുകാരുടെ പേര് ചേര്‍ത്ത് മാത്രം അറിയപ്പെട്ടു...

ഓത്തുപള്ളിയില്‍ എന്ന ഗാനം എഴുതാനുള്ള പ്രചോദനം വെറുമൊരു സങ്കല്‍പം മാത്രമല്ലെന്നും അത്തരമൊരു അനുഭവത്തിന്റെ നീറ്റല്‍ ആ വരികളിലുണ്ടെന്നും അദ്ദേഹം അന്ന് ഇവിടെയിരുന്നു പറഞ്ഞതായി ഞാനോര്‍ക്കുന്നു...

ഈ വലിയ കലാകാരന്‍ ഇന്ന് നമ്മോടൊപ്പമില്ല... ഇനിയൊരിക്കലും തിരിച്ചു വരാത്ത മറ്റൊരു ലോകത്തേക്ക് ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ അദ്ദേഹം യാത്രയായി...

വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ അദ്ദേഹം ഇവിടെ ഷാര്‍ജയിലെ എന്റെ റൂമില്‍ വന്നതും കുറെ സമയം ഇരുന്നു സംസാരിക്കാന്‍ കഴിഞ്ഞതും ഒരു വലിയ ഭാഗ്യമായി ഞാന്‍ കരുതുന്നു...
ആ അതുല്യ പ്രതിഭയുടെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ ഞാന്‍ ഈ ഗാനം സമര്‍പ്പിക്കുന്നു...

(ഈ ഗാനത്തിന്റെ ആദ്യത്തെ ട്യൂണ്‍ ഇതായിരുന്നില്ല, പിന്നീട് 1979 ല്‍ തേന്‍ തുള്ളി എന്ന ചിത്രത്തിനു വേണ്ടി കെ രാഘവന്‍ മാസ്റ്റര്‍ ഈണം നല്‍കിയതാണ് ഇപ്പോള്‍ നമ്മള്‍ കേള്‍ക്കുന്നത്...)

(ഈ ഗാനം എന്റെ ശബ്ദത്തില്‍ കേള്‍ക്കാന്‍ ഇവിടെ ക്ലിക്കുക)
http://vocaroo.com/i/s0SJpEXUyGqC

2013 ജൂൺ 17, തിങ്കളാഴ്‌ച

വെളിച്ചം നഷ്ടപ്പെട്ടവര്‍...

വര്‍ണ്ണങ്ങള്‍ നഷ്ടമായൊരു സന്ധ്യയില്‍... 
കുടിലില്‍ തെളിഞ്ഞു നിന്ന വിളക്കിന്‍ നാളം
ചാറ്റല്‍ മഴയിലണഞ്ഞു പോയി...

പാഠപുസ്തകം മടക്കിയ കുഞ്ഞ്
ഇത്തിരി വെളിച്ചത്തിന്നായ്‌
ഒരുപാടലഞ്ഞു തെരുവിലെങ്ങും...

അകത്ത് അമ്മ തന്‍ മാറില്‍
തല ചായ്ച്ച പിഞ്ചു പൈതലിന്
ഇരുളില്‍ തേങ്ങലൊരു താരാട്ടു പാട്ടായി...

ശക്തമാം ഇടിമുഴക്കത്തിന്‍ ഗാംഭീര്യത്തിലാ -
ശബ്ദങ്ങളെ
ന്നേയലിഞ്ഞില്ലാതായെങ്കിലും
ഇന്നുമെന്നാത്മാവിലെവിടെയോ
ആരെയോ കാത്തിരുന്നൊരമ്മയും രണ്ടു മക്കളും...
..............................
..............................
അവര്‍... വെളിച്ചം നഷ്ടപ്പെട്ടപ്പോള്‍...
മാഞ്ഞു പോയ ചില ചിത്രങ്ങളില്‍ ഒന്നു മാത്രം...

2013 ജൂൺ 16, ഞായറാഴ്‌ച

പാടിത്തീരും മുന്‍പേ...

"നിഴലും പൂനിലാവുമായ്‌ ദൂരെ വന്നു ശശികലാ..."
ആര്‍ എം ഹൈസ്കൂളിലെ എട്ടാം ക്ലാസ്സ്‌ ജെ യില്‍ ഒരുച്ചയ്ക്കുള്ള ഇടവേളയില്‍ അവനത് പാടുമ്പോള്‍ അവന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു...
അതെ..., അവന്‍ ഞങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരന്‍... മണി.
ക്ലാസ്സിലെ മിടുക്കന്മാരുടെ പട്ടികയില്‍ അവനും ഉണ്ടായിരുന്നു...
.............................................................................................

അവനെക്കുറിച്ച് ആദ്യമൊന്നും ഞങ്ങള്‍ക്കറിയില്ലായിരുന്നു... എന്നും ഉച്ച ഭക്ഷണ സമയത്ത് അവന്‍ പുറത്തേക്കു പോകും, പിന്നെ ഞങ്ങളൊക്കെ ഭക്ഷണം കഴിച്ചു കഴിഞ്ഞു കത്തിയടിക്കുന്ന സമയത്തോടെ അവനും ക്ലാസ്സില്‍ എത്തും...
വീട് അടുത്തുള്ള ചില കുട്ടികളൊക്കെ ഭക്ഷണം കഴിക്കാന്‍ വീട്ടില്‍ പോകുന്നത് കൊണ്ട് അവനും അങ്ങിനെയായിരിക്കും എന്നാണു കരുതിയിരുന്നത്...
ഒരു ദിവസം ഞങ്ങളുടെ ക്ലാസ്സിലെ ആരോ അത് കണ്ടെത്തുകയായിരുന്നു... പഞ്ചായത്ത് പൈപ്പില്‍ നിന്നും വെള്ളം കുടിച്ച് സ്കൂളിന്റെ മുന്നിലെ സ്മാരക തിണ്ണയില്‍ വിശ്രമിക്കുന്ന മണിയെ...
പിന്നീട് ഞങ്ങള്‍ മണിയെക്കുറിച്ച് കൂടുതല്‍ അറിഞ്ഞു...
........................................................................................................

അന്നുച്ചയ്ക്ക് മണിയെ ഞങ്ങള്‍ പുറത്തു വിടാതെ തടഞ്ഞു വെച്ചു...
എല്ലാവരുടെയും ചോറ്റുപാത്രങ്ങള്‍ തുറക്കപ്പെട്ടു... ആദ്യം തന്നെ ഓരോരുത്തരും ഓരോ പിടി ചോറുവീതം തുറന്നു വെച്ച വട്ടചെപ്പുകളുടെ മൂടിയിലേക്ക് മാറ്റി വച്ചു...
അതൊരു സദ്യയായി മണിയുടെ മുമ്പില്‍ എത്തിയപ്പോള്‍ അവന്റെ കണ്ണുകള്‍ നിറയുന്നത് കണ്ടു...
അങ്ങിനെ അന്ന് ആദ്യമായി ഞങ്ങള്‍ക്കൊപ്പം അവന്റെയും വിശപ്പ്‌ മാറി...

അന്നവന്‍ ഓരോ സഹപാഠിയുടെയും അടുത്ത് വന്ന് കാലില്‍ തൊട്ടു തൊഴുതപ്പോള്‍... ഒരു പട്ടിണിക്കാരന് ഒരു പിടി ചോറിന്റെ വില എത്രത്തോളമാണെന്നറിഞ്ഞു ഞങ്ങള്‍ ഞെട്ടി...
അതുവരെയും ഒരു ക്ലാസ്സിലും ഒരു അദ്ധ്യാപകനും പഠിപ്പിച്ചു തരാത്ത പുതിയൊരു പാഠം അവനിലൂടെ ഞങ്ങള്‍ മനസ്സിലാക്കുകയായിരുന്നു...

നമുക്ക് ചുറ്റുവട്ടങ്ങളില്‍ എവിടെയൊക്കെയോ ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും മുഖങ്ങളുണ്ടെന്ന സത്യം അന്നാദ്യമായി തിരിച്ചറിയുകയായിരുന്നു...
എല്ലാവരും അവനെ കെട്ടിപ്പിടിച്ചു...
അന്നവന്‍ ഞങ്ങള്‍ക്ക് വേണ്ടി പാടി...  "ദേവദാരു പൂത്തു എന്‍ മനസ്സിന്‍ താഴ്വരയില്‍..."
പാട്ടിന്റെ അവസാനം പൊട്ടിക്കരഞ്ഞ് അവന്‍ പുറത്തേക്കു പോയി...
.................................................................................

പിറ്റേന്നു മുതല്‍ അവനു വേണ്ടി ഒരു പാത്രം എത്തി... എല്ലാ പാത്രങ്ങളില്‍ നിന്നും ഓരോ പിടി ചോറ് വീതം അതില്‍ നിറഞ്ഞു... അങ്ങിനെ എല്ലാ ദിവസവും ഞങ്ങള്‍ ഒരുമിച്ചു ഭക്ഷണം കഴിച്ചു... അവന്‍ ഞങ്ങള്‍ക്കായി ഒരുപാട് പാട്ടുകള്‍ പാടി...

നന്നായി പാടുമായിരുന്ന അവന്‍ ഒരിക്കലും പക്ഷെ സ്കൂളിലെ സ്റ്റേജില്‍ കയറി പാടിയിട്ടില്ല... കാരണം, സ്കൂള്‍ യുവജനോല്‍സവ ദിവസങ്ങളിലും മറ്റും അവന്‍ അച്ഛനെ സഹായിക്കുകയായിരുന്നു...
..........................................................................

ചെരുപ്പ് കുത്തുന്ന ജോലിയാണ് അവന്റെ അച്ഛന്... അടുത്ത ടൗണില്‍ റോഡരികില്‍ ഇരുന്ന് ചെരുപ്പ് കുത്തുന്ന അവന്റെ അച്ഛനെ ഞങ്ങള്‍ കണ്ടിട്ടുണ്ട്... അവിടെ തന്നെ രണ്ടു പീടികകളുടെ ഇടക്ക് സ്ലാബിട്ടു മൂടിയ ഒരു കാനയുടെ മുകളില്‍ ചെറിയൊരു കൂടാരം പോലെ വലിച്ചു കെട്ടി അതിനുള്ളില്‍ തന്നെയായിരുന്നു അവര്‍ താമസിച്ചിരുന്നതും...
അമ്മയും ഒരു അനിയത്തിയും തമിഴ്‌ നാട്ടിലുള്ള വീട്ടില്‍ ഉണ്ടെന്നും വെക്കേഷന് പോകാറുണ്ടെന്നും ഒരിക്കല്‍ അവന്‍ പറഞ്ഞിരുന്നു...

അങ്ങിനെയിരിക്കെ ഒരിക്കല്‍ അവന്‍ സ്കൂളില്‍ വരാതായി... അന്വേഷിച്ചു ചെന്ന ഞങ്ങള്‍ക്ക് നിരാശയായിരുന്നു ഫലം... ആ ചെരുപ്പ് കുത്തിയും കൂടാരവും അപ്രത്യക്ഷമായിരിക്കുന്നു...

എങ്കിലും അവന്‍ വരുമെന്ന് തന്നെ ഞങ്ങള്‍ പ്രതീക്ഷിച്ചു... പക്ഷെ...,പിന്നീടൊരിക്കലും അവന്‍ വന്നില്ല...

പെട്ടെന്നൊരു ദിവസം ആരോടും പറയാതെ അവനും അച്ഛനും എങ്ങോട്ടായിരിക്കും പോയതെന്ന ചോദ്യം ഞങ്ങളില്‍ ഒരു കടങ്കഥയായി മാറി...
..............................................................................................

ഇന്നും ഈ പാട്ട് കേള്‍ക്കുമ്പോള്‍ ക്ലാസ്സ്‌ റൂമില്‍ സഹപാഠികള്‍ക്കായി പാടുന്ന മണിയും റോഡരികില്‍ ഇരുന്നു ചെരുപ്പ് കുത്തുന്ന അവന്റെ അച്ഛനും.. അവനിലൂടെ ഞങ്ങള്‍ കേട്ടറിഞ്ഞ അവരെ കാത്തു കഴിയുന്ന ഒരമ്മയും അനിയത്തിയുമൊക്കെ മനസ്സിലേക്ക് കടന്നു വരുന്നു...

മണിയും അച്ഛനും ആ അമ്മയുടെയും അനിയത്തിക്കുട്ടിയുടെയും അടുത്തെത്തിയിട്ടുണ്ടാവുംമെന്നും ആ കുടുംബം എവിടെയെങ്കിലും പട്ടിണിയും ദാരിദ്ര്യവും ഇല്ലാതെ ജീവിക്കുന്നുണ്ടാവും എന്നും കരുതാം നമുക്ക്...

"പ്രിയപ്പെട്ട കൂട്ടുകാരാ... എവിടെയായാലും എല്ലാവിധ നന്മകളും ഉണ്ടാവട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു..."


(ചിത്രത്തിലുള്ള ചെറിയ മരത്തിന്റെ നേരെ പിന്നിലായി കാണുന്നതാണ് അന്നത്തെ ഞങ്ങളുടെ എട്ടാം ക്ലാസ്സ്‌)
...................................................................
ഗാനം - ദേവദാരു പൂത്തു...
ഗാന രചന - ചുനക്കര രാമന്‍കുട്ടി
സംഗീതം - ശ്യാം
ചിത്രം - എങ്ങിനെ നീ മറക്കും (1983)

(ഹൃദയഗാനം എന്റെ ശബ്ദത്തില്‍ കേള്‍ക്കാന്‍ ഇവിടെ ക്ലിക്കുക)
http://vocaroo.com/i/s0ZavN7DNdD9


2013 ജൂൺ 14, വെള്ളിയാഴ്‌ച

മഞ്ഞു തുള്ളികള്‍...




ഒരിയ്ക്കലുമെന്നോര്‍മ്മയില്‍ കുളിരേകുന്നില്ല
മഞ്ഞില്‍ മരവിച്ചുണരുന്ന സൂര്യനും മരിക്കുന്ന സന്ധ്യയും...

മഞ്ഞു കാല സന്ധ്യകളിലെവിടെയോ 
മറഞ്ഞിരുന്ന മരണത്തിന്റെ തണുപ്പ്...

എന്‍ നെഞ്ചില്‍ തല ചായ്ച്ചു മയങ്ങിയവള്‍... 
പിന്നെയുണരാതെ... തണുത്ത്...
ഒരു നേര്‍ത്ത മഞ്ഞിന്‍ കണമായ്...,
മരവിച്ചുപോയ്‌ മഞ്ഞു പെയ്യുന്ന രാത്രിയും... ഞാനും...

പിന്നെയെന്‍ അച്ഛനും എന്നെ തനിച്ചാക്കി 
മൃത്യുവില്‍ ലയിച്ചതും തണുപ്പുള്ള മറ്റൊരു സന്ധ്യയില്‍...
അന്നെന്‍ അച്ഛന് ചുംബനം നല്‍കി ഞാന്‍...
അച്ഛന്റെ മേനിയൊരു മഞ്ഞിന്‍ കണം പോലെ...

മഞ്ഞില്‍ ചിരിക്കുന്നു മരണം പിന്നെയും...
ഹിമ ശില പോലെ ഞാനും മരവിച്ച്...

ഇനിയുമെന്‍ തണുത്ത യാത്രയെപ്പോഴെന്നറിയില്ല...
അന്നും ഇതുപോലെ... മഞ്ഞും ... തണുപ്പും...!!!

2013 ജൂൺ 11, ചൊവ്വാഴ്ച

ഓര്‍മ്മകള്‍ക്കിന്നും എന്തൊരു അഴക്‌...


കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ്‌...,

അന്നു ഞാന്‍ ഷാര്‍ജയില്‍ എത്തിയിട്ട് അധികനാളുകള്‍ ആയിട്ടുണ്ടായിരുന്നില്ല...
സ്വന്തമായി സംഗീതം ചെയ്ത് ഒരു കാസറ്റ് ഇറക്കുക എന്നത് അന്നത്തെ എന്റെ ഒരു സ്വപനമായിരുന്നു...

അങ്ങിനെയിരിക്കെ വളരെ യാദൃശ്ചികാമായാണ് ഇവിടെ ഒരു സ്റ്റുഡിയോയില്‍ ജോലി ചെയ്യുകയായിരുന്ന റഷീദുമായി ഞാന്‍ പരിചയപ്പെടുന്നത്...
നന്നായി വരികള്‍ എഴുതുമായിരുന്ന റഷീദും 'ഒരു കാസറ്റ്‌ ' എന്ന സ്വപ്നവുമായി നടക്കുകയായിരുന്നു...

അന്ന് ഒരു വെള്ളിയാഴ്ച വൈകുന്നേരത്തില്‍ എന്റെ സുഹൃത്ത്‌ റഷീദ്‌ എഴുതിയ വരികള്‍ക്ക് ഞാന്‍ സംഗീതം നല്‍കി...
ആദ്യ ഗാനം ചെയ്തു കഴിഞ്ഞപ്പോള്‍... 'ഇത് കൊള്ളാം... ഇനിയും തുടരാം...' എന്ന് ഞങ്ങള്‍ക്ക്‌ തോന്നി...
പിന്നെ പുതിയ പാട്ടുകളുടെ ജനനം തന്നെയായിരുന്നു...

ചെയ്ത പാട്ടുകളൊക്കെ കേള്‍ക്കാനുള്ള ഞങ്ങളുടെ ഇരകള്‍ ഇവിടെ സൂപ്പര്‍ മാര്‍ക്കറ്റ്‌ നടത്തുകയായിരുന്ന അഹമ്മദ്‌ എന്ന സുഹൃത്തും അവിടെ തന്നെയുള്ള റഷീദ്‌ തേവലക്കര എന്ന മറ്റൊരു സുഹൃത്തും ആയിരുന്നു...
എല്ലാദിവസവും രാത്രി പന്ത്രണ്ടു മണിക്ക് അവരുടെ കടയടച്ചു കഴിഞ്ഞാല്‍ അവര്‍ എന്റെ റൂമില്‍ വരും. പുതുതായി ചെയ്ത പാട്ടുകള്‍ കേട്ട് അഭിപ്രായം പറയും... ഒടുവില്‍ ഒരു കാസറ്റ് ഇറക്കാനുള്ള പാട്ടുകള്‍ ആയിക്കഴിഞ്ഞപ്പോള്‍...
"ഇതിന്റെ നിര്‍മ്മാണം ഞാന്‍ ഏറ്റെടുക്കുന്നു" എന്ന് റഷീദ്‌...

അങ്ങിനെ 1999 ല്‍ പാലക്കാട് 'ശ്രീ രാഗം റെക്കോര്‍ഡിങ്ങ് സ്റ്റുഡിയോ'യില്‍ മാര്‍ക്കോസും, കണ്ണൂര്‍ ഷരീഫും, രഹനയും, ബേബി നാസ്നിനും പാടുമ്പോള്‍ ഞങ്ങളുടെയൊക്കെ വലിയൊരു സ്വപ്നം സാക്ഷാല്‍ക്കരിക്കുകയായിരുന്നു...
ആ സന്തോഷം എത്രമാത്രമായിരുന്നുവെന്ന് പറഞ്ഞറിയിക്കാന്‍ ഇന്നും എനിക്ക് വാക്കുകള്‍ ഇല്ല...

അതെ.... 1999 ല്‍ അഴക്‌ എന്ന കാസറ്റിന് വേണ്ടി ഞാന്‍ ആദ്യമായി സംഗീതം നല്‍കിയ ഗാനം...

"മാനിമ്പ പുതുനാരീ..."

കണ്ണൂര്‍ ഷരീഫും , രഹനയും ചേര്‍ന്ന് പാടിയിരിക്കുന്നു...

(അന്ന് ഈ കാസറ്റ് ആദ്യം 'ഓഡിയോഏഷ്യ' യും പിന്നീട് 'വനില മുസിക്‌ ' എന്ന കമ്പനിയും വിപണിയില്‍ എത്തിക്കുകയുണ്ടായി...)

(ഹൃദയഗാനം കേള്‍ക്കാന്‍ ഇവിടെ ക്ലിക്കുക)
http://vocaroo.com/i/s0BOj2BNogRu

2013 മേയ് 13, തിങ്കളാഴ്‌ച

വളപ്പൊട്ടുകള്‍...

"ഇന്നു രാത്രി എന്താ എഴുതുക...കഥയെഴുതുമോ..."
പെട്ടെന്നുള്ള അവളുടെ ചോദ്യം എന്നെ തെല്ലൊന്നു ചിന്തിപ്പികാതിരുന്നില്ല, എങ്കിലും പറഞ്ഞു...
"അറിയില്ല കുട്ടീ...ചിലപ്പോള്‍ മനസ്സില്‍ തോന്നുന്നതൊക്കെ എഴുതി വെക്കും, പിന്നെയത് കഥയോ കവിതയോ ഒക്കെ ആയി മാറുകയാണ് പതിവ്..."
സത്യത്തില്‍ ഞാന്‍ അപ്പോഴും അവളുടെ ചോദ്യം എന്നോട് തന്നെ ആവര്‍ത്തിക്കുകയായിരുന്നു...

മുഖപുസ്തകത്തിന്റെ സന്ദേശപ്പെട്ടിയില്‍ അവളുടെ ചോദ്യങ്ങളും, തമാശകളും, ചിന്തകളും എല്ലാം അക്ഷരങ്ങളായി നിറഞ്ഞു കൊണ്ടിരുന്നു...
കാണാമറയത്തിരുന്ന് അവള്‍ വാചാലയാകുമ്പോള്‍ എന്തോ അവളോട്‌ വല്ലാത്തൊരു സ്നേഹം...അല്ല...  അതിലുപരി ഒരു വാത്സല്യം എന്നില്‍ നിറയുന്നത് ഞാന്‍ അനുഭവിക്കുകയായിരുന്നു...
അതെ അവള്‍ എനിക്കെന്നോ നഷ്ടപ്പെട്ട എന്റെ കുഞ്ഞു പെങ്ങളായ് ...എന്റെ കൈപിടിച്ച് ...എന്റെ നഷ്ടങ്ങളുടെ പട്ടികയില്‍ നിന്നും എന്നിലേക്ക് തന്നെ നടന്നടുക്കുകയായിരുന്നു...

"പെങ്ങള്‍ എന്ന സ്ഥാനം വളരെ വലുതാണ്‌... അതൊരാള്‍ തരുമ്പോള്‍ ... ഒരുപാട് സന്തോഷം തോന്നുന്നു... നഷ്ടപ്പെട്ട എന്റെ വല്യേട്ടന്റെ സ്ഥാനത്താ ഞാനിപ്പോ ഈ ചേട്ടനെ കാണുന്നെ... ഈ വല്യേട്ടനെ എനിക്കൊരുപാട് ഇഷ്ടമായിട്ടോ..." അവളുടെ വാക്കുകളില്‍ നിറഞ്ഞു നില്‍ക്കുന്ന സന്തോഷം...

പിന്നെയും ഒരുപാട് സംസാരിച്ചു... കൊച്ചുകൊച്ചു സന്തോഷങ്ങള്‍... സന്താപങ്ങള്‍ എല്ലാം അവള്‍ ഈ 'വല്യേട്ടനോട് ' പറഞ്ഞു കൊണ്ടിരുന്നു...
"ഇനി നാളെ കാണാം"... എന്നു പറഞ്ഞു അവള്‍ ഉറങ്ങാന്‍ പോയിട്ടും എന്റെയുള്ളില്‍ അവളുടെ ചോദ്യം ആവര്‍ത്തിക്കുകയായിരുന്നു...
"ഇന്നു രാത്രി എന്റെ ചേട്ടന്‍ എന്താ എഴുതുക...കഥയെഴുതുമോ..."  രാത്രി ഒരുപാട് വൈകുവോളം ഈ ചോദ്യം എന്നെത്തന്നെ വലയം ചെയ്തു നിന്നു...
ചിന്തകളില്‍ എന്റെ കുഞ്ഞു പെങ്ങള്‍ നിറഞ്ഞു നിന്നു... അതെ, 'ഇന്നു നിന്നെക്കുറിച്ച് തന്നെ എഴുതാം...'
പിന്നെയെപ്പോഴോ എന്റെ ചിന്തകള്‍ അക്ഷരങ്ങളായി പെയ്യാന്‍ തുടങ്ങി... അവളോടുള്ള സ്നേഹം, വാത്സല്യം... അങ്ങിനെ എല്ലാം...
രാത്രി മുഴുവനും നീണ്ട എഴുത്ത്... എല്ലാം അവളുടെ മുഖപുസ്തകത്തിലെ സന്ദേശപ്പെട്ടിയിലേക്ക്...
ഒടുവില്‍ എപ്പോഴോ ഞാനും മെല്ലെ ഉറക്കത്തിന്റെ പിടിയിലമര്‍ന്നു...

.....................................................................
........................................................................................
....................................................................................................

രാവിലെ മുഖപുസ്തകം തുറന്നപ്പോള്‍ അവള്‍ക്കൊരുപാട് സന്തോഷം തോന്നി...
തന്റെ വല്യേട്ടന്‍ തന്നെക്കുറിച്ച് ഒരുപാട് എഴുതിയിരിക്കുന്നു... അവള്‍ അതെല്ലാം ഹോസ്റ്റലിലെ തന്റെ കൂട്ടുകാരികള്‍ക്ക്  വളരെ സന്തോഷത്തോടെ വായിച്ചു കേള്‍പ്പിച്ചു... പതിവ് പോലെ അവരോട് തന്റെ 'വല്യേട്ടനെക്കുറിച്ച് ' വാതോരാതെ സംസാരിച്ചു...
വീണ്ടും മുഖപുസ്തകത്തിലേക്ക് ...
അവള്‍ പിന്നെയും തന്റെ വല്യേട്ടനോട് വാചാലയായി... പക്ഷെ വല്യേട്ടനില്‍ നിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല...
അവള്‍ വീണ്ടും വീണ്ടും  സന്ദേശങ്ങള്‍ അയച്ച് കാത്തിരുന്നു...
മണിക്കൂറുകള്‍... ദിവസങ്ങള്‍... മാസങ്ങള്‍...
ആശങ്ക... സങ്കടം... വീര്‍പ്പുമുട്ടല്‍....
പിന്നെയെപ്പോഴോ എല്ലാം ഒരു തേങ്ങലായ്... അവളില്‍ തന്നെ...
എന്നിട്ടും അവള്‍ കാത്തിരുന്നു... ഓരോ ദിവസവും അവളുടെ മുഖപുസ്തകം അതിനു വേണ്ടി മാത്രം തുറക്കപ്പെട്ടു.. പക്ഷെ പിന്നീടൊരിക്കലും തന്റെ വല്യേട്ടന്റെ മുഖപുസ്തകം തുറക്കപ്പെടുകയോ അവളുടെ വാചാലതക്ക് മറുപടി വരികയോ ഉണ്ടായില്ല...
എങ്കിലും മനസ്സിന്റെ ജാലകം പാതി തുറന്നിട്ട്‌ അവള്‍ തന്റെ കാത്തിരിപ്പ്‌ തുടര്‍ന്നു...

പക്ഷെ... ആ പാവം  അറിഞ്ഞിരുന്നില്ല താന്‍ ഇവിടെ, തന്റെ വല്യേട്ടന്‍ ഈ കുഞ്ഞു പെങ്ങള്‍ക്കു വേണ്ടി എഴുതിയ 'വളപ്പൊട്ടുകള്‍' വായിക്കുമ്പോള്‍..., അങ്ങ് ദൂരെ തന്റെ വല്യേട്ടന്‍ തണുത്തുറഞ്ഞ സ്വന്തം ശരീരവുമായി  അവസാന യാത്രക്കൊരുങ്ങുകയായിരുന്നുവെന്ന്...

2013 മേയ് 1, ബുധനാഴ്‌ച

സ്ത്രീ സമത്വം...

അവള്‍ - "നിങ്ങള്‍ പുരുഷന്മാര്‍ക്ക് ഒരു ധാരണയുണ്ട് സ്ത്രീകള്‍ നിങ്ങളുടെ കീഴില്‍ കഴിയേണ്ടവരാണെന്ന്..."

അയാള്‍ - "അങ്ങനെ ഞാന്‍ പറഞ്ഞില്ലല്ലോ, സ്ത്രീക്കും പുരുഷനും ജന്മനാല്‍ ചില കഴിവുകളും കുറവുകളും ദൈവം കൊടുത്തിട്ടുണ്ട്. അതാണ്‌ സ്ത്രീയെ സ്ത്രീയാക്കുന്നതും പുരുഷനെ പുരുഷന്‍ ആക്കുന്നതും എന്നേ ഞാന്‍ പറഞ്ഞുള്ളൂ"

അവള്‍ - "ഹും... എനിക്കറിയാം നിങ്ങള്‍ പറഞ്ഞതിന് അത് തന്നെയാണ് അര്‍ത്ഥം, ഭര്‍ത്താക്കന്മാരുടെ തണലില്‍ നിന്ന് ജീവിതം ഹോമിച്ച ഒരു തലമുറ ഇവിടെ ഉണ്ടായിരുന്നു... നിങ്ങളുടെയും എന്റെയും അമ്മമാരോക്കെ പ്രതികരിക്കാന്‍ കഴിയാതെ ആ കൂട്ടത്തില്‍ പെട്ടുപോയവരാണ്..."
"ഈ തലമുറയെ അതിനു കിട്ടില്ല"
"സ്ത്രീക്ക് സമത്വം വേണം, പുരുഷന്‍ ചെയ്യുന്ന എന്തും സ്ത്രീക്കും ചെയ്യാന്‍ കഴിയും...എന്താ സംശയമുണ്ടോ"
അവള്‍ ഉറഞ്ഞു തുള്ളി... അയാളെ നോക്കി

അയാള്‍ മെല്ലെ എഴുന്നേറ്റു ഷര്‍ട്ട്‌ ഊരിയിട്ടു, ഒരു കൈലി മാത്രം എടുത്ത് ഉടുത്തു...,
എന്നിട്ട് അവളോട്‌ പറഞ്ഞു
"ഹോ അകത്ത് എന്തൊരു ചൂട്‌ അല്ലെ... പുറത്ത്‌ നല്ല കാറ്റുണ്ട്..., ഒന്ന് കവല വരെ നടന്നിട്ട് വരാം... നീയും വന്നോളൂ..."
അലമാരയില്‍  നിന്നും മറ്റൊരു കൈലി എടുത്ത് അവളുടെ കൈയ്യില്‍ വെച്ചുകൊടുത്ത് അയാള്‍ മുറ്റത്തേക്കിറങ്ങി...

(ഇനി ഞാനൊന്നും പറയുന്നില്ല, അവള്‍ തോറ്റു കൊടുക്കില്ലെന്ന പ്രതീക്ഷയില്‍ കാത്തു നില്‍ക്കുന്ന ഒരു നാട്ടുകാരന്‍ മാത്രമാണ് ഞാന്‍)

2013 ഏപ്രിൽ 30, ചൊവ്വാഴ്ച

പുലിവാല്‍ കല്യാണം...........???

  (സ്ത്രീകള്‍ക്ക് വേണ്ടിയുള്ള നിയമങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുമ്പോള്‍...)

ഭര്‍ത്താവില്‍ നിന്നും ഏതെങ്കിലും തരത്തില്‍ എന്തെങ്കിലും മുറിവോ വേദനയോ ഉണ്ടായാല്‍, എന്തിനേറെ പറയുന്നു ലൈംഗീക സ്വഭാവമുള്ള അംഗവിഷേപം പോലും
അതൊക്കെ ഗാര്‍ഹിക പീഡനത്തിന്റെ പരിധിയില്‍ വരുമത്രേ... (അപ്പൊ വിവാഹം കഴിഞ്ഞ ആദ്യ നാളുകളില്‍ തന്നെ വേണമെങ്കില്‍ കേസ്‌ കൊടുക്കാം)

അതുപോലെ സ്ത്രീക്ക് താല്പര്യമുള്ള വ്യക്തിയെ ശാരീരികമായി ഉപദ്രവിക്കുമെന്നു ആവര്‍ത്തിച്ചുള്ള ഭീഷണിയും ഗാര്‍ഹിക പീഡനമാണ്. (എന്ത് കണ്ടാലും ഇനി മിണ്ടാന്‍ പോവണ്ട...)
പങ്കാളിയുടെ ഫാഷനെ നിയന്ത്രിക്കുന്നത് പോലും ഗാര്‍ഹിക പീഡനത്തിന്റെ പരിധിയില്‍ വരുത്താന്‍ പോവുകയാണ്... (ഒരുമ്പെട്ടവര്‍ക്ക് ഇനി എങ്ങനേം നടക്കാം)

(ഒരു സംശയം... അല്ലാ അപ്പൊ ഇനി പൊതുവേ കാര്യങ്ങള്‍ ഒക്കെ എങ്ങനാ...!!! ഈ പ്രസവവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും ഒക്കെ സ്ത്രീയുടെ ശരീരത്തിന് വേദനയുണ്ടാക്കുന്ന കാര്യങ്ങള്‍ ആണല്ലോ...!!!)

ഒരു സ്ത്രീ ഗാര്‍ഹിക പീഡനത്തിനു ഭര്‍ത്താവിനെതിരെ കേസ് കൊടുത്താല്‍...
പരാതിക്കാരിക്കു താമസിക്കുന്ന വീട്ടില്‍ അധികാരവും അവകാശവും ഉണ്ടങ്കിലും ഇല്ലെങ്കിലും ആ വീട്ടില്‍ താമസിക്കാന്‍ അവകാശമുണ്ടായിരിക്കും.
പ്രതി അവരെ ഒഴിപ്പിക്കാനോ ഇറക്കിവിടാനോ പാടുള്ളതല്ല. എന്നാല്‍ പ്രതിയോട് ആ വീട്ടില്‍ നിന്നും മാറി നില്‍ക്കാന്‍ ചിലപ്പോള്‍ കോടതി ഉത്തരവ് ഉണ്ടായേക്കും...
ആ വീട്ടില്‍ പ്രതിയോ അയാളുടെ മറ്റേതെങ്കിലും ബന്ധുവോ പ്രവേശിക്കുന്നതും കോടതി തടയും.
സ്വന്തം ബാങ്ക് എക്കൌണ്ടുകള്‍ പോലും കോടതിയുടെ അനുവാദമില്ലാതെ ഉപയോഗിക്കാന്‍ കഴിയില്ല...

(ചുരുക്കി പറഞ്ഞാല്‍ പെണ്ണൊരുമ്പെട്ടാല്‍, സ്വന്തം കാശുകൊടുത്ത് ഉണ്ടാക്കിയ വീടാണെങ്കിലും, അദ്ധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യമാണെങ്കിലും (ഒരുമ്പെട്ട പെണ്ണുങ്ങളെ കെട്ടിയ) ഭര്‍ത്താവ്‌ 'സസി' ആവും... ല്ലേ...)

സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നില്ല എന്ന് ഞാന്‍ പറയുന്നില്ല, പക്ഷെ പുരുഷന്മാരും പീഡിപ്പിക്കപ്പെടുന്നില്ലേ...???
ഈ നിയമങ്ങളെ ദുരുപയോഗപ്പെടുത്തുന്നില്ലേ ചിലരെങ്കിലും...!!

2013 ഏപ്രിൽ 13, ശനിയാഴ്‌ച

വിഷുവും ഗോതമ്പുണ്ടയും പിന്നെ ഞാനും...

"അണ്ണാ... വിഷു കഴിഞ്ഞിട്ട് പോയാല്‍ പോരെ..."

അപ്രതീക്ഷിതമായ ആ ഇടിവെട്ടില്‍, വായിലേക്ക്‌ വെക്കാന്‍ തുടങ്ങുകയായിരുന്ന എന്റെ കൈയ്യിലെ ഗോതമ്പുണ്ട പിടിവിട്ടു തെറിച്ചുപോയി...

ആര്‍ത്തിയോടെ ഗോതമ്പുണ്ടയും 'കടുക്കാചായയും' അകത്താക്കിക്കൊണ്ടിരിക്കുന്ന സഹ തടവുകാരനെ ഞാന്‍ ദയനീയമായി ഒന്ന് നോക്കി...

ചെറിയ പയ്യനാണ് അവന്‍, സംസാരത്തില്‍ ഇടയ്ക്ക് തമിഴ്‌ ചുവ കയറിവരും. അവന്റെ പേരില്‍ എത്ര കളവ്‌ കേസ്‌  ഉണ്ടെന്ന് അവനു തന്നെ നിശ്ചയമില്ല...
എന്തൊക്കെയായാലും ഭക്ഷണം മുന്നില്‍ കണ്ടാല്‍ അവന്‍ എല്ലാം മറന്ന് സന്തോഷിക്കും.
കഴിഞ്ഞ വര്‍ഷം ഈസ്റ്ററിന് കോഴിക്കോട്‌ ജയിലില്‍ ഉച്ച ഭക്ഷണത്തിന് അച്ചാര്‍ ഉണ്ടായിരുന്നെന്നും ഇവിടെ അച്ചാര്‍ കിട്ടിയില്ല എന്നതുമായിരുന്നു കഴിഞ്ഞ ദിവസം അവന്റെ ഏറ്റവും വലിയ സങ്കടം...

"ഇന്നലെ ഈസ്റ്ററിന് തന്നപോലെ വിഷുവിനും ഇവിടെ നല്ല സദ്യ ഉണ്ടാവും അണ്ണാ..., അതിനു മുന്‍പ്‌ അണ്ണന്‍ ഇറങ്ങും അല്ലെ..."
സഹതാപത്തോടെയുള്ള അവന്റെ ചോദ്യം കേട്ട് ഞാന്‍ വീണ്ടും ഞെട്ടി...

ഞാന്‍ മനസ്സില്‍ പറഞ്ഞ തെറി എന്റെ മുഖഭാവത്തില്‍ നിന്നും അവനു മനസ്സിലായി എന്ന് തോന്നുന്നു...

അവന്റെ വായില്‍ക്കിടന്ന ഗോതമ്പുണ്ട അവന്‍ ചവയ്ക്കാതെ തന്നെ ഇറങ്ങി...
ഗോതമ്പുണ്ടയെക്കാളും വലുപ്പത്തില്‍ പുറത്തേക്ക് തള്ളിയ അവന്റെ കണ്ണുകളെ ഒതുക്കാന്‍ മൊന്തയിലെ വെള്ളം അവന്‍ വായിലേക്ക് കമിഴ്ത്തുന്നത് കണ്ടു...

2013 ഏപ്രിൽ 7, ഞായറാഴ്‌ച

ഷാജഹാന്‍...

കഴിഞ്ഞ ദിവസം മുഖപുസ്തകത്തിലെ സുഹൃത്തുക്കളോടൊക്കെ ഞാന്‍ പറഞ്ഞേയുള്ളൂ, അന്ന് നമ്മള്‍ ടീച്ചറിനെ ഏപ്രില്‍ ഫൂള്‍ ആക്കിയ കാര്യമൊക്കെ... ഒരിക്കലും മറക്കാന്‍ കഴിയാത്ത നമ്മുടെ സൗഹൃദ നിമിഷങ്ങള്‍...

ഒരിക്കല്‍ നീ എന്നോട് പറഞ്ഞില്ലേ നമുക്ക് നമ്മുടെ ആ പഴയ കലാലയ കാലഘട്ടം എഴുതി ഒരു ചിത്രമാക്കണം എന്ന്...ഒരുപാട് തമാശകളും സംഭവങ്ങളും നിറഞ്ഞ നമ്മുടെ മനോഹരമായ ആ കലാലയ ജീവിതം...
ചെയ്യണം അതൊക്കെ... പക്ഷെ എപ്പോഴാണ് എന്നൊന്നും അറിയില്ല...
മനസ്സ് കടിഞ്ഞാണുകള്‍ പൊട്ടിച്ചു പായുകയാണ്... എങ്ങോട്ടെന്നറിയില്ല... പലതും കൈവിട്ടു പോകുന്നു... സ്വന്തം മനസ്സുപോലും...

ഇന്നിപ്പോള്‍ നിന്നെക്കുറിച്ചു വീണ്ടും ഞാന്‍ പറയുമ്പോള്‍ നിന്നെയൊന്നു കണ്ടാല്‍ കൊള്ളാമെന്നു എന്റെ സുഹൃത്തുക്കള്‍ക്ക് തോന്നുമായിരിക്കും...
പക്ഷെ... ഇതുവരെ ഞാന്‍ സൂക്ഷിച്ചിരുന്ന നിന്റെ ചിത്രം എന്നില്‍ നിന്നും എവിടെയോ നഷ്ടമായിരിക്കുന്നു... നീ പോയതിനു ശേഷം നിന്റെ സഹോദരി എനിക്ക് നല്‍കിയ നിന്റെ ചിത്രം... ഈ മുഖപുസ്തകത്തില്‍ ചേര്‍ത്തു വെയ്ക്കുവാന്‍ വേണ്ടി ഞാനതു തിരഞ്ഞപ്പോഴാണ് അറിയുന്നത് എന്റെ നഷ്ടങ്ങളുടെ കൂട്ടത്തിലേക്ക് ആ ചിത്രവും എപ്പോഴോ പോയ്മറഞ്ഞു എന്നത്...
സൂക്ഷിക്കാന്‍ കഴിഞ്ഞില്ല... നീ എന്നോട് ക്ഷമിക്കുക...
ആത്മാവിനുള്ളില്‍ നിന്നും നിന്റെ ചിത്രം മായില്ല... ഒരിക്കലും...

അത്ര വ്യക്തമല്ലെങ്കിലും നിന്റെ പഴയ ഫോട്ടോയില്‍ നിന്നും മൊബൈലില്‍ പകര്‍ത്തിയ അവ്യക്തമായ ഒരു ചിത്രം മാത്രം ഇപ്പോള്‍ ഞാനെന്റെ സുഹൃത്തുക്കള്‍ക്കുവേണ്ടി ഇവിടെ ചേര്‍ക്കുന്നുണ്ട്...

അന്ന് നീ യാത്രയായതറിഞ്ഞ് നിന്റെ ഒരു ചിത്രത്തിന് വേണ്ടി ഈ മുഖപുസ്തകം തിരഞ്ഞപ്പോഴും നിരാശയായിരുന്നു ഫലം എന്ന് ഞാനോര്‍ക്കുന്നു...
അതുവരെ ഇവിടെ ഉണ്ടായിരുന്ന നീ... മരണത്തിന്റെ തൊട്ടുമുമ്പുള്ള ഏതോ നിമിഷത്തില്‍ ഈ മുഖപുസ്തകത്തില്‍ നിന്നും നീ നിന്നെ മായ്ച്ചു കളഞ്ഞു അല്ലെ...

നിന്റെ വീട്ടില്‍ ഞാന്‍ പോയിരുന്നു... നീയില്ലാത്ത നിന്റെ വീട്... കണ്ണീരു തോര്‍ന്നില്ല ഇപ്പോഴും അവിടെ...
നിന്റെ മക്കളെ ഞാന്‍ കണ്ടു... നിന്റെ ഉമ്മ എന്നെ ചേര്‍ത്തു പിടിച്ച് ഒരുപാട് കരഞ്ഞു... പാവം ഉമ്മയെ ഞാന്‍ കുറെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു...ഉമ്മയുടെ മുമ്പില്‍ വെച്ച് കരയാതിരിക്കാന്‍ ഞാന്‍ ഒരുപാട് ശ്രദ്ധിച്ചു... എങ്കിലും തിരികെ വണ്ടിയില്‍ വന്നിരുന്നപ്പോള്‍ അതുവരെ അടക്കി വെച്ചതെല്ലാം കൈവിട്ടു... പുറത്ത്‌ നല്ല മഴ പെയ്യുകയായിരുന്നത് കൊണ്ട് ആരും വണ്ടിയുടെ അടുത്തേക്ക് വന്നിരുന്നില്ല... സ്റ്റീയറിങ്ങില്‍ മുഖമമര്‍ത്തി കരയുമ്പോള്‍  ആരും കാണാതിരിക്കാന്‍ ആ മഴ എന്നെ സഹായിച്ചു...

പ്രിയപ്പെട്ട കൂട്ടുകാരാ... നീ യാത്രയായിട്ട് ഒരു വര്‍ഷം (ഏപ്രില്‍ 5) കഴിഞ്ഞിരിക്കുന്നു. ഒടുവില്‍ യാത്ര ചൊല്ലാതെ പോയ പ്രിയപ്പെട്ടവരുടെ വരുടെ കൂട്ടത്തില്‍ ഇപ്പോള്‍ നീയും...

മറഞ്ഞുവെങ്കിലും മറക്കുവാനാവില്ല ഒന്നും...ഞങ്ങളുടെയൊക്കെ ഹൃദയങ്ങള്‍ക്കുള്ളില്‍ നീ ഇപ്പോഴും ജീവിക്കുന്നു...

പ്രിയ സഹോദരാ... നിന്റെ ഓര്‍മ്മകള്‍ക്കു മുമ്പില്‍ ഞാനൊന്ന് മനസ്സു തുറന്നു കരയട്ടെ...
നിനക്കായ്‌ കണ്ണീരോടെയുള്ള പ്രാര്‍ത്ഥനകള്‍ മാത്രം...
............................................................

2013 ഏപ്രിൽ 4, വ്യാഴാഴ്‌ച

ചിരി...

'ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍ ആയിരം പേര്‍ വരും.......'

അങ്ങിനെ അയാള്‍ ചിരിക്കാന്‍ തുടങ്ങി...
ആദ്യം ഒന്നുരണ്ടു പേര്‍ വന്നു...

അയാള്‍ ചിരി തുടര്‍ന്നു...
പിന്നെയും ഒന്നുരണ്ടു പേര്‍കൂടി വന്നു...

അയാള്‍ വീണ്ടും വീണ്ടും ചിരിച്ചു... ആവേശത്തോടെ പൊട്ടിച്ചിരിച്ചു...

പിന്നെ... അയാള്‍ക്ക്‌ ചിരി നിര്‍ത്താനായില്ല... അയാള്‍ ചിരിച്ചുകൊണ്ടേയിരുന്നു...

എന്നിട്ടോ...

ആയിരം പേരൊന്നും വന്നില്ലെങ്കിലും അഞ്ചാറു പേര് വന്നു... വണ്ടിയും വിളിച്ച്.....

കൊണ്ട് ചെന്ന സ്ഥലത്ത് ആയിരം പേര് കാണുമായിരിക്കും അല്ലെ...!!!

2013 മാർച്ച് 27, ബുധനാഴ്‌ച

നമുക്കിടയില്‍ ...

ഒരിക്കല്‍ .............
നമുക്കിടയില്‍ വാക്കുകള്‍ കുളില്‍ തെന്നലായ്...
ഒന്ന് മറ്റൊന്നിനെ തഴുകി തലോടി...
പിന്നെയത് മഞ്ഞായ്‌... മഴയായി...
പിന്നെയെപ്പോഴോ അതൊരു പെരുമഴക്കാലമായ്‌...

പിന്നെയുമെപ്പോഴോ... കൊടുങ്കാറ്റായ്...
വാക്കുകള്‍ നേര്‍ക്കു നേരെ... തമ്മില്‍ തല്ലി ചിതറിത്തെറിച്ചു...

പിന്നെയത് അഗ്നിയായി വെന്തുരുകി...
അക്ഷരങ്ങള്‍ തലതല്ലി കരഞ്ഞു...

ഒടുവില്‍ .....................
വാക്കുകള്‍ നഷ്ടമായ നമുക്കിടയില്‍......
മരിച്ചു കിടക്കുന്ന അക്ഷരങ്ങളുടെ നിശ്ശബ്ദത...

-ഷമീർ ഒറ്റത്തൈക്കൽ

2013 മാർച്ച് 25, തിങ്കളാഴ്‌ച

കൊടുങ്കാറ്റ്...

കൊടുങ്കാറ്റടിക്കാന്‍ തുടങ്ങിയിരിക്കുന്നു...

അസത്യത്തിന്റെ... അസഹിഷ്ണുതുയുടെ...
അധാര്‍മ്മികതയുടെ... കൊടുങ്കാറ്റ്...

അതിന്റെ ഹൂങ്കാരത്തില്‍...
നിലവിളിയൊച്ചകള്‍ അലിഞ്ഞില്ലാതാകുന്നു...
അതിന്റെ കൈകളില്‍പ്പെട്ടുഴറുന്ന...
നിസ്സാഹായതയുടെ... ധാര്‍മ്മികതയുടെ...
സഹനത്തിന്റെ... തേങ്ങലുകള്‍...

ഇനിയുമീ കൊടുങ്കാറ്റില്‍ എന്തൊക്കെ തീരണം...
അല്പ പ്രാണന്‍ മാത്രം ബാക്കിയായ ജന്മങ്ങളോ...

ഇരുള്‍ പരന്ന ഭൂമിയില്‍ കൊടുങ്കാറ്റടിക്കട്ടെ...
ഇടി മിന്നലും പേമാരിയും താണ്ഡവമാടട്ടെ...

എങ്കിലും ഒരു നാള്‍...
മൂടിവെക്കപ്പെട്ട സത്യത്തിന്റെ
പൊന്‍ വെളിച്ചം പുലരുക തന്നെ ചെയ്യും...

2013 മാർച്ച് 24, ഞായറാഴ്‌ച

ഓര്‍മ്മകളിലെ ഒന്നാം ക്ലാസ്സ്‌...


പുതു വസ്ത്രമണിഞ്ഞ് പുസ്തക സഞ്ചിയും പിടിച്ച് പുതു മഴയില്‍ കുതിര്‍ന്ന പാതയിലൂടെ ബാപ്പയുടെ കൈ പിടിച്ച് ആദ്യമായി സ്കൂളിലേക്ക് പോയ കുട്ടിക്കാലം...


സെറ്റ് മുണ്ട് ഉടുത്ത് വലിയ കണ്ണടയും വെച്ച നാരായണി ടീച്ചര്‍ എന്നെ എടുത്താണ് ബഞ്ചില്‍ കൊണ്ട് പോയി ഇരുത്തിയത്...

ടീച്ചറിനെ ഞാന്‍ ഇതിനു മുന്‍പ് കണ്ടിട്ടുണ്ട്.
നാരായണി ടീച്ചര്‍ മാത്രമല്ല ഈ സ്കൂളിലെ നാല് ടീച്ചര്‍മാരും എന്റെ വീട്ടിലെ നിത്യ സന്ദര്‍ശകരായിരുന്നു.
വീടിന്റെ മുന്‍വശത്തെ തിണ്ണയില്‍ വന്നിരുന്ന് ബാപ്പയുമായി കുറെ നേരം സംസാരിച്ചിരിക്കും. പിന്നെ അവര്‍ പോകാന്‍ നേരം, ചക്ക മാങ്ങ വേപ്പില ഇരുമ്പന്‍ പുളി എന്നിങ്ങനെ ഞങ്ങളുടെ പറമ്പില്‍ വിളയുന്ന ഒട്ടുമിക്ക സാധനങ്ങളുടെയും ഓരോ പങ്ക് ഉമ്മ അവര്‍ക്ക് നല്‍കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്.
(ഞാന്‍ സ്കൂളില്‍ പോയി തുടങ്ങിയതോടെ ഇതൊക്കെ ഇവര്‍ക്ക് കൊണ്ട് കൊടുക്കേണ്ട ജോലി എനിക്കായി മാറി ...)

നാരായണി ടീച്ചര്‍ കരയുന്ന കുട്ടികളെയൊക്കെ സമാധാനിപ്പിക്കുന്ന തിരക്കിലായിരുന്നു. ഇതിനിടയില്‍ എന്തിനാണ് ഞാനും കരഞ്ഞതെന്ന് ഓര്‍മ്മയില്ല... നാരായണി ടീച്ചര്‍ എന്നെയും എടുത്ത് കൊണ്ടുപോയി മിഠായി തന്നു സമാധാനിപ്പിച്ചു...


വര്‍ഷാവസാനം നാരായണി ടീച്ചര്‍ ഞങ്ങള്‍ക്ക് വീണ്ടും മിഠായി തന്നു. പക്ഷെ ഇപ്പൊ ടീച്ചറുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നത് ഞാന്‍ കണ്ടു. അടുത്ത് ചെന്ന എന്നോട് ടീച്ചര്‍ പറഞ്ഞു...
"ഞാന്‍ പോവ്വാട്ടോ... ഇനി വരില്ല... അടുത്ത വര്‍ഷം നിങ്ങളൊക്കെ രണ്ടാം ക്ലാസ്സിലേക്ക് പോകും... അപ്പൊ അവിടെ വേറെ ടീച്ചര്‍ നിങ്ങളെ പഠിപ്പിക്കും... മക്കളൊക്കെ നന്നായി പഠിക്കണം കേട്ടോ... "

ടീച്ചര്‍ വലിയ കണ്ണട ഊരി സെറ്റ് മുണ്ടിന്റെ തലപ്പുകൊണ്ട് കണ്ണുകള്‍ തുടക്കുന്നത് കണ്ടപ്പോള്‍ എനിക്കും സങ്കടം വന്നു...
"അയ്യേ ന്റെ കുട്ടി കരയേ..." ടീച്ചര്‍ എന്നെ ചേര്‍ത്ത് പിടിച്ചു...
'എന്തേ നമ്മുടെ ടീച്ചര്‍ പോണത്‌...' അതായിരുന്നു ഞങ്ങള്‍ കുട്ടികളുടെ ചിന്ത...
"നമ്മള് രണ്ടാം ക്ലാസ്സിലേക്ക് പോണതോണ്ടാവും " ആരോ പറഞ്ഞു...
"ഈ ടീച്ചറ്‌ നമ്മളെ പഠിപ്പിക്കാന്‍ വേണ്ടി മാത്രം വന്നതായിരിക്കും..." മറ്റൊരു കൂട്ടുകാരന്‍ അത് സ്ഥിരീകരിച്ചു...
പിന്നെയും എത്രയോ ദിനങ്ങള്‍...
സ്കൂളിലേക്കുള്ള വഴിയിലൂടെ മഴയില്‍ തിമിര്‍ത്തും... കല പില കൂട്ടിയും അങ്ങിനെ...
എങ്കിലും ഒന്നാം ക്ലാസ്സ്‌ കാണുമ്പോള്‍ എന്തിനെന്നറിയാതെ നാരായണി ടീച്ചറെ ഓര്‍ത്ത് മനസ്സ് നൊമ്പരപ്പെട്ടു.
വര്‍ഷങ്ങള്‍ ഒരുപാട് കടന്നു പോയിരിക്കുന്നു...
ഈ ജീവിതം തന്നെ വലിയൊരു വിദ്യാലയമാണെന്ന് പിന്നെയെപ്പോഴോ ഞാനും തിരിച്ചറിഞ്ഞു...
എങ്കിലും ആ ഒന്നാം ക്ലാസ്സും നാരായണി ടീച്ചറുമെല്ലാം മായാത്ത വസന്തമായ്‌ ഇന്നും മനസ്സിലുണ്ട്...
..............................................................................


2013 മാർച്ച് 22, വെള്ളിയാഴ്‌ച

പലായനം...

ഒരു പലായനം മുന്നില്‍ മിഴി തുറക്കുന്നു...
.........................................
ഒടുവില്‍ ബാക്കിയാവുന്ന മൗനത്തിന്‍ ഇടനാഴിയില്‍
ഇനിയും മരിക്കാത്ത സ്മൃതികളെ ചേര്‍ത്തു പിടിച്ച്
ഒന്നു പെയ്തൊഴിയണം...
...............................
ഇനി വരുമൊരുനാള്‍...
കാലം കഴുകന്മാരോട് ഈ കഥ പറയും നാള്‍...
.........................................
.........................................................
....................................................................................

2013 മാർച്ച് 21, വ്യാഴാഴ്‌ച

ഒരു പിറന്നാള്‍ സമ്മാനത്തിന്റെ ഓര്‍മ്മ...

ഇന്ന് നിന്റെ ജന്മദിനം...

ആശംസാ കാര്‍ഡുകളോ സമ്മാനങ്ങളോ ഒന്നും ഞാന്‍ കരുതിയിട്ടില്ല...കരുതാറുമില്ല...
പക്ഷെ, ഞാനോര്‍ക്കുന്നു എല്ലാ വര്‍ഷവും ഇതേ ദിവസം...കാലം മായ്ക്കാന്‍ ശ്രമിച്ചിട്ടും മായാത്ത ഓര്‍മ്മകളില്‍ ഒന്നായി...

നിനക്കോര്‍മ്മയുണ്ടോ വര്‍ഷങ്ങള്‍ക്കു മുമ്പ്‌... ഇതേ ദിവസം...!!! അന്ന് ഞാന്‍ നിനക്ക് നല്‍കിയ ജന്മദിന സമ്മാനം...!!!
ഒന്നും ഒരിക്കലും മറക്കാന്‍ എനിക്കാവുന്നില്ല..., നിനക്കോ...???

നമ്മുടെ മനസ്സും ശരീരവും ഒന്നായ നിമിഷം... അന്ന് എന്റെ ഈ കൈകളില്‍ നിന്റെ മുഖം ചേര്‍ത്ത് പിടിച്ച് നിനക്ക് ജന്മദിനം ആശംസിക്കുമ്പോള്‍, നിന്നിലേക്ക് ഞാന്‍ സമ്മാനമായി നല്‍കിയത് എന്റെ ജീവനെതന്നെയായിരുന്നു...

പക്ഷെ വിടരും മുമ്പേ തല്ലിക്കൊഴിക്കപ്പെട്ട ആ പൂമൊട്ടിനെയോര്‍ത്ത്‌ പിന്നീട് എത്രയോ ഏകാന്ത രാത്രികളില്‍ ഞാന്‍ കരഞ്ഞിട്ടുണ്ടെന്നു നിനക്കറിയോ...

പക്ഷെ, ഇന്നും ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങള്‍ ബാക്കിയാവുന്നു... എന്തിനു വേണ്ടിയായിരുന്നു ഇതൊക്കെ...??? എന്തായിരുന്നു ഞാന്‍ ചെയ്ത തെറ്റ്..., ഞാന്‍ നിന്നെ ഒരുപാട് സ്നേഹിച്ചിരുന്നില്ലേ... എന്നിട്ടും..., അതോ നിനക്കെന്നെ സ്നേഹിക്കാന്‍ കഴിഞ്ഞിരുന്നില്ലേ... എങ്കില്‍ എന്നെയെന്തിന് ഒരു വിഡ്ഢിവേഷം കെട്ടിച്ചു...???

അതൊന്നും സാരമില്ല..., പക്ഷെ ഒന്നുമറിയാത്ത നമ്മുടെ കുഞ്ഞ് എന്ത് തെറ്റാ ചെയ്തെ...???

ഇന്ന് നീ നിന്റെ കുഞ്ഞുങ്ങളോടൊപ്പം ചിരിച്ചുല്ലസിക്കുമ്പോള്‍ നീ ഓര്‍ക്കാറുണ്ടോ, ഒരിക്കല്‍ നമ്മള്‍ ഹൃദയതാളം ആസ്വദിച്ച, ജനിക്കും മുമ്പേ നമ്മള്‍ കൊന്നു കളഞ്ഞ നമ്മുടെ സ്വപ്നമായിരുന്ന നമ്മുടെ കുഞ്ഞിനെ...

ഈ ലോകത്തില്‍ എത്രയൊക്കെ ഉയരങ്ങള്‍ വെട്ടിപ്പിടിച്ചാലും... എത്ര മുഖം മൂടിയണിഞ്ഞാലും... യാഥാര്‍ത്ഥ്യത്തിന്റെ ചില നിമിഷങ്ങളില്‍ സ്വന്തം മനസ്സാക്ഷിക്കുള്ളില്‍ ആരുമറിയാതെയെങ്കിലും ഇതൊക്കെ ഓര്‍ക്കാതിരിക്കാന്‍ നിനക്കാവുമോ...???

ഒരുപക്ഷെ നിനക്ക് എന്നെ മറക്കാന്‍ കഴിയുമായിരിക്കും, പക്ഷെ നീ ഒരു സ്ത്രീയല്ലേ...ഇന്ന് നീ ഒരമ്മയല്ലേ... നിന്റെ ജീവിതത്തില്‍ നിന്റെ ഉദരത്തില്‍ ചുമന്ന നമ്മുടെ ആദ്യത്തെ കുഞ്ഞിനെ നിനക്ക് എങ്ങിനെയാ മറക്കാന്‍ കഴിയുക...!!

2013 മാർച്ച് 20, ബുധനാഴ്‌ച

'കണിക്കൊന്നപ്പൂക്കള്‍ കണി കണ്ടുണര്‍ന്നപ്രഭാതങ്ങള്‍...'

കണിക്കൊന്നപ്പൂക്കള്‍ കണികണ്ട് ഉണര്‍ന്നിരുന്ന പ്രഭാതങ്ങളാണ് ഇപ്പോള്‍ ഓര്‍മ്മയില്‍ തെളിയുന്നത്...
നീണ്ട മണിനാദം കേട്ട് കണ്ണ് തുറക്കുമ്പോള്‍ ആദ്യം കാണുന്നത് ജാലകത്തിന് പുറത്തുള്ള വലിയ ലോകത്തിലെ ആകാശത്തിന്റെ നീലിമയ്ക്ക് താഴെ മുറ്റത്ത് പൂത്തു നില്‍ക്കുന്ന കണിക്കൊന്നപ്പൂക്കള്‍ ആയിരുന്നു.
പക്ഷെ ആ കാഴ്ചകള്‍ക്കും എന്റെ കണ്ണുകള്‍ക്കും ഇടയില്‍ ഇരുമ്പഴികള്‍ തീര്‍ത്ത മൗനം... വീര്‍പ്പുമുട്ടലുകള്‍...
അപ്പോള്‍ കണ്ണുനീര്‍ത്തുള്ളികള്‍ തീര്‍ക്കുന്ന ജാലകത്തിലൂടെ കാണുന്ന കാഴ്ചകള്‍ ... 

കണിക്കൊന്നയ്ക്കരികിലൂടെ ഇരുമ്പ് ബക്കറ്റുമായി വെള്ളം നിറച്ച ടാങ്കിനടുത്തേക്ക് നടന്നു നീങ്ങുന്നവര്‍... അവരില്‍ ചിലര്‍ അവരുടെ കണ്ണുകളിലും പ്രവര്‍ത്തിയിലും ഒരു ക്രൂരഭാവം നില നിര്‍ത്താന്‍ ശ്രമിക്കുന്നത് കണ്ടു ...
എങ്കിലും നിരാശയും സങ്കടവും നിറഞ്ഞ കണ്ണുകളുമായി എത്രയോ പേര്‍ അവര്‍ക്കിടയില്‍...
ഒരു പക്ഷെ അവരും എന്നെപ്പോലെ... ആവോ അറിയില്ല...

കാക്കി ധാരികള്‍ വരാന്തയിലൂടെ നടക്കുന്നതിനിടയില്‍ ആരോടോ പകതീര്‍ക്കും പോലെ ചൂരലുകൊണ്ട് ഇരുമ്പഴികളില്‍ ആഞ്ഞടിച്ച് വലിയ ശബ്ദമുണ്ടാക്കി രസിച്ചു ...
അനുഭവത്തിന്റെ തീച്ചൂളയില്‍ ശരീരവും മനസ്സും ഒരുപോലെ തളര്‍ന്നു... ഭൂമി തലകീഴായി മറിയുകയായിരുന്നു...
ചൂരല്‍ വീശുന്ന കാക്കി ധാരികള്‍ .. അവര്‍ തലകീഴായി നിന്ന് അട്ടഹസിച്ചു ...
അവരുടെ വായില്‍ നിന്നും വന്ന വാക്കുകള്‍ക്ക്‌ ചീഞ്ഞളിഞ്ഞ മൃതദേഹത്തേക്കാളും വലിയ ദുര്‍ഗന്ധമായിരുന്നു...
മനുഷ്യര്‍ വേദനയോടെ കരയുന്നത് കണ്ട്‌ അവര്‍ ആര്‍ത്തു ചിരിച്ചു...

പക്ഷെ അന്നും ഇന്നും അറിയതെ പോയ ഒന്നുണ്ട്... ഞാന്‍ ... ഇതൊക്കെ ... ആര്‍ക്കുവേണ്ടി ...എന്തിനു വേണ്ടി ... അറിയില്ല ഇപ്പോഴും ... 
........................................................................................................
...........................................................................................................................
......................................................................................................................................................
അവിടെ ഇപ്പോഴും ആ കണിക്കൊന്ന പൂക്കുന്നുണ്ടാവാം... ആര്‍ക്കും വേണ്ടാതെ... ഒരു നിയോഗം പോലെ...

2013 മാർച്ച് 19, ചൊവ്വാഴ്ച

ഇനി യാത്ര...


ഇനിയെന്തിനായ്‌ നീ വന്നതെന്നരികില്‍...
ഇനിയെന്റെ ഹൃദയം നിനക്കായ്‌ തുടിക്കില്ല...
ഇനിയും മരിക്കാത്ത ഓര്‍മ്മകള്‍ തേടി ഞാന്‍...
ഇനിയും വരില്ല മറക്കുക എന്നെ നീ...

ഇനിയെന്റെ ഹൃദയത്തെ വെട്ടി മുറിക്കുക...
ഇനിയെന്റെ മാംസവും ഭുജിക്കുക നിങ്ങള്‍...
ഇനിയെന്റെ കണ്ണുകള്‍ നിങ്ങളെ തിരയില്ല...
ഇനിയെന്റെ വാക്കുകള്‍ ഏകില്ലലോസരം...

ഇനി ഞാന്‍ നടന്നൊരീ വഴികളും വിജനം...
ഇനിയില്ല നീയെന്റെ വഴികളില്‍ ഓര്‍ക്കുക...
ഇനി നീ വരുമെന്ന് കാത്തിരിക്കില്ല ഞാന്‍...
ഇനി ഞാനലിയട്ടെ ഒരു മണ്‍തരിയായി...
ഇനിയുമെന്തിനായ്‌ നീ വന്നതെന്നരികില്‍...
ഇനിയെന്റെ ഹൃദയം തുടിക്കില്ലൊരിക്കലും...